ഐപിഎല്‍ വാതുവെപ്പ്; സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ബ്രാവോ എന്നിവർക്കെതിരെ ഗുരുതര ആരോപണവുമായി ലളിത് മോഡി

single-img
28 June 2015

raina-bravo-jadejaന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പില്‍ ചെന്നൈ സൂപ്പര്‍ കിഗ്‌സ് താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ,ഡൈ്വയ്ന്‍ ബ്രാവോ  എന്നിവര്‍ക്ക് ഐപിഎല്‍ വാതുവെപ്പില്‍ പങ്കുണ്ടെന്ന് കാണിച്ച് ലളിത് മോഡി ഐസിസിക്ക് അയച്ച ഇമെയില്‍ പുറത്തുവന്നു. ശ്യാം സ്വാമി എന്നയാളാണ് ഇമെയില്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

2013 ജൂണില്‍ ഐസിസി സിഇഒ ആയ ഡേവ് റിച്ചാഡ്‌സണ് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.  ഈ 3 താരങ്ങളുടെ സത്യസന്ധതയേയും ഐപിഎല്‍ വാതുവെപ്പുകാരുമായുള്ള ബന്ധവും ലളിത് മോഡി ഈ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബാബാ ദിവാന്‍ എന്നു പേരുള്ള ഒരു വാതുവെപ്പുകാരന്‍ സുരേഷ് റെയ്‌ന ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് പണം നല്‍കിയതായും മോഡി ആരോപിക്കുന്നു.

ശ്യം സ്വിമി പുറത്തുവിട്ട ഇമെയില്‍ ലളിത് മോഡി റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഇമെയിലില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഐസിസിയോടും ബിസിസിഐയോടും ചോദിക്കാന്‍ നിര്‍ദേശിച്ചാണ് ലളിത് മോഡിയുടെ റീട്വീറ്റ്. ഇത് രഹസ്യമായി സൂക്ഷിക്കേണ്ട ഇമെയിലാണെന്നും പുറത്തുവിടരുതായിരുന്നുവെന്നും ലളിത് മോഡി റീട്വീറ്റില്‍ പറഞ്ഞു.

ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 13 ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒത്തുകളിയുമായി ബന്ധമുണ്ടെന്നും ഇതില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ പ്രമുഖതാരവുമുണ്ടെന്നും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചെന്നൈ ടീമിന്റെ ഉടമകളിലൊരാളായ ഗുരുനാഥ് മെയ്യപ്പന് ഒത്തുകളിയുമായി ബന്ധമുണ്ടെന്ന് സുപ്രീംകോടതിതന്നെ ശരിവെക്കുകയും ചെയ്തു.

email
മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെട്ട ഐപിഎല്‍ വാതുവെപ്പ് കേസില്‍ തിങ്കളാഴ്ച്ച വിധി പറയാനിരിക്കെയാണ് ലളിത് മോഡിയുടെ ആരോപണം വന്നിരിക്കുന്നത്. ഡല്‍ഹി പാട്യാലഹൗസ് പ്രത്യേക കോടതിയാണ് കേസില്‍ വിധി പറയുക. നിലവില്‍ ബിസിസിയുടെ ആജീവനാന്ത വിലക്ക് നേരിടുന്ന ശ്രീശാന്തിന്  ഈ കേസിലെ വിധി ഏറെ നിര്‍ണായകമാണ്.

ശ്രീശാന്തിനു പുറമേ ക്രിക്കറ്റ് താരങ്ങളായ അങ്കിത് ചവാന്‍, അജിത് ചാന്ദില, ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍, നടന്‍ വിന്ദു ധാരാസിങ്, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, കുട്ടാളി ഛോട്ടാ ഷക്കീല്‍ എന്നിവരുള്‍പ്പെടെ 39 പേരാണു പ്രതിപ്പട്ടികയിലുള്ളത്. കേസ് ചുമത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് പ്രത്യേക കോടതി കേസില്‍ വിധി പറയുന്നത്.