തോക്കേന്തിയ ഭീകരര്‍ക്ക് മുന്നില്‍ നിന്നും പ്രിയപ്പെട്ടവളെ രക്ഷിക്കാന്‍ അവള്‍ക്ക് മുന്നില്‍ മനുഷ്യകവചമായി നിന്ന യുവാവ് ഏറ്റുവാങ്ങിയത് മുന്ന് വെടിയുണ്ടകള്‍

single-img
27 June 2015

Welsh-victim-Matthew-James

ട്യൂണീഷ്യയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിനിടെ ജീവിതപങ്കാളിയെ രക്ഷിക്കാന്‍ അവള്‍ക്ക് മുന്നില്‍ മനുഷ്യകവചമായി നിന്ന യുവാവ് തന്റെ ശരീരത്തില്‍ ഏറ്റുവാങ്ങിയത് മുന്ന് വെടിയുണ്ടകള്‍. സൂസിലെ ബീച്ചിലുണ്ടായ വെടിവയ്പ്പിലാണ് മാത്യു ജയിംസ് (30) എന്ന എഞ്ചിനീയര്‍ തന്റെ പ്രിയപ്പെട്ടവളെ വെടിയുണ്ടകള്‍ സ്വയം ഏറ്റുവാങ്ങി രക്ഷിച്ചെടുത്തത്. ചുമല്‍, നെഞ്ച്, ഇടുപ്പ് എന്നിവിടങ്ങളില്‍ വെടിയേറ്റ ജയിംസ് ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നു.

ബീച്ചില്‍ എത്തിയ ഭീകരര്‍ അവിടുള്ളവരെ നിരത്തി വെടിവയ്ക്കാന്‍ തുടങ്ങിയതോടെ ജയിംസ് സേറയെ മറഞ്ഞ് ഭീകരര്‍ക്ക് മുന്നില്‍ നില്‍ക്കുകയായിരുന്നു. ഭീകരരുടെ വെടിയേറ്റ ജെയിംസിനു മൂന്നു മണിക്കൂറിനു ശേഷമാണ് വൈദ്യസഹായം ലഭിച്ചതെന്ന് സേറ പറയുന്നു. ഭീകരാക്രമണത്തില്‍ എല്ലാവരും ഭയന്നും ബന്ധുക്കളെ തേടുന്ന തിരക്കിലായിരുന്നതിനാലുമാണ് ജയിംസിനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത്.

തനിക്കു വേണ്ടിയാണ് അദ്ദേഹം വെടിയേറ്റതെന്നും തന്റെ ജീവന്‍ തിരിച്ചു നല്‍കിയതില്‍ അദ്ദേഹത്തോടു കടപ്പാടുണ്ടെന്നും ഇരുപത്തിയാറുകാരിയായ സേറ പറയുന്നു. മാത്രമല്ല വെടിയേറ്റ് രക്തത്തില്‍ കിടക്കുമ്പോഴും ജെയിംസ് തന്നോട് രക്ഷപ്പെടാനാണ് ആവശ്യപ്പെട്ടതെന്നും സേറ പറഞ്ഞു. അച്ഛന്‍ അവരെ ഏറെ സ്‌നേഹിക്കുന്നുവെന്ന് കുഞ്ഞുങ്ങളോട് പറയണമെന്നും ജയിംസ് പറഞ്ഞതായി സേറ അറിയിച്ചു. ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും വലിയ ധീരതയായിരുന്നു അതെന്നും അവര്‍ പറഞ്ഞു.

ജെയിംസ് സേറ പങ്കാളികള്‍ക്ക് രണ്ടു മക്കളാണ്.