വലിയതുറയെന്ന മത്സ്യത്തൊഴിലാളി ഗ്രാമത്തില്‍ നിന്നും സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടിയ ഗോഡ്‌വിന്‍ റോസ്‌നിക്ക് തന്റെ ഗ്രാമത്തിലുള്ള പാവങ്ങള്‍ക്കുവേണ്ടി ഒരു ഡോക്ടറാകുള്ള പരിശ്രമത്തിലാണ്

single-img
27 June 2015

Godvin

വലിയതുറയെന്ന മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഗോഡ്‌വിന്‍ റോസ്‌നിക്ക് എന്ന പത്താം ക്ലാസുകാരന്‍ ഇന്ന് അവിടുത്തെ റോള്‍ മോഡലാണ്. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പടുകുഴിയില്‍ നിന്നും ഉയര്‍ന്നു വന്ന തന്റെ ബാല്യത്തിലൂടെ കണ്ടതും കേട്ടതുമെല്ലാം മനസ്സിലിട്ട് പാകപ്പെടുത്തി അതിനെ ജീവിതവുമായി തുലനം ചെയ്ത് വിജയം വെട്ടിപ്പിടിച്ചവന്‍. അന്യന്റെ അടുക്കളയില്‍ പാത്രം കഴുകി തന്നെയും തന്റെ സഹോദരിയേയും വളര്‍ത്തിയ സ്വന്തം അമ്മയോടുള്ള കടമ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും നേടി അവന്‍ വീട്ടിക്കൊണ്ടിരിക്കുകയാണ്.

വലിയതുറ കുഴിവിളാകം മരിയ ഭവനില്‍ നസ്രത്ത് മേരിയുടെ രണ്ടു മക്കളില്‍ മൂത്തവനാണ് ഗോഡ് വിന്‍. ഗോഡ്‌വിനേയും കുടുംബത്തേയും ദുരിതത്തിലേക്ക് തള്ളിവിട്ട് തന്റെ കുട്ടിക്കാലത്ത് തന്നെ കുടുംബം വിട്ടുപോയതാണ് അവന്റെ അച്ഛന്‍. ദാരിദ്ര്യം കടുത്ത രീതിയില്‍ ഉപദ്രിവെച്ച സമയത്തും മേരി മക്കളെ അത് അറിയിച്ചിട്ടില്ലായിരുന്നു. ഗോഡ്‌വിനില്‍ ഒരു ഭാവി അന്നേ മേരി കണ്ടതിനാലാണ് അവനെ സി.ബി.എസ്.ഇ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചതും.

സഹോദരി ഷൈനി ആറാം ക്ലാസില്‍ പഠിക്കുന്നു. വലിയതുറ സെന്റ് .ആന്റണീസ് വിസിറ്റേഷന്‍ പബ്ലിക് സ്‌കൂളിലാണ് ഗോഡ്‌വിന്‍ പഠിക്കുന്നത്. അവിടുത്തെ പ്രിന്‍സിപ്പലായ സിസ്റ്റര്‍ ഡിഫ്‌നയ്ക്കും മറ്റു സിസ്‌റ്റേഴ്‌സിനും ടീച്ചര്‍മാര്‍ക്കും ഗോഡ്‌വിനെപ്പറ്റി പറയാന്‍ നൂറു നാവാണ്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്ക് തെളിയിച്ച ഗോഡിവിന്‍ നാട്ടുകാരുടേയും കണ്ണിലുണ്ണിയാണ്.

തന്റെ ഗ്രാമത്തിലുള്ള പാവങ്ങള്‍ക്കുവേണ്ടി ഒരു ഡോക്ടറാകാന്‍ പ്ലസ്ടുവിന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കണമെന്ന് ആഗ്രഹമാണ് ഗോഡ്‌വിനുള്ളതെങ്കിലും തന്റെ ആഗ്രഹം അമ്മയോടു പറയാന്‍ അവന് താല്‍പര്യമില്ല. അന്നോടന്നുള്ള ആഹാരം തന്നെ കഷ്ടപ്പെട്ടുണ്ടാക്കുന്ന തന്റെ മാതാവിന് ആആഗ്രഹം സാധിച്ചുതരാന്‍ കഴിയില്ലെന്നവനറിയാം. എന്നാലും പ്രതീക്ഷയുണ്ട്, തന്റെ ഒറ്റമുറി വീട്ടിലേക്ക് നല്ലൊരു വാര്‍ത്തയുമായി ആരെങ്കിലും കയറിവരുമെന്നുള്ള വലിയ പ്രതീക്ഷ.