കുട്ടികള്‍ക്കുള്ള ‘പീഡിയാഷുവറിൽ ദുര്‍ഗന്ധം; സംസ്ഥാനത്ത് വില്‍ക്കുന്നത് ഭക്ഷ്യസുരക്ഷാ വിഭാഗം വിലക്കി

single-img
27 June 2015

pediasureതിരുവനന്തപുരം: കുട്ടികള്‍ക്ക് നല്‍കുന്ന ന്യുട്രിഷന്‍ ഡ്രിങ്കായ ‘പീഡിയാഷുവര്‍’ വേണ്ട രീതിയില്‍ പായ്ക്ക് ചെയ്യാതെ ദുര്‍ഗന്ധം വമിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വില്‍ക്കുന്നതിന് ഭക്ഷ്യസുരക്ഷാ വിഭാഗം വിലക്കേര്‍പ്പെടുത്തി. അപാകം കണ്ടെത്തിയ ഒരു ബാച്ച് പീഡിയാഷുവര്‍ സംസ്ഥാനത്ത് വില്‍ക്കുന്നത് ഭക്ഷ്യസുരക്ഷാ വിഭാഗം വിലക്കി. ഇക്കാര്യം മറ്റ് സംസ്ഥാനങ്ങളെയും അറിയിക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പേയിങ് കൗണ്ടറില്‍ നിന്ന് വാങ്ങിയ പീഡിയാഷുവറിലാണ് പ്രശ്‌നം കണ്ടെത്തിയത്. തുടര്‍ച്ചയായി രണ്ടുതവണ വാങ്ങിയ പാക്കറ്റിലും ദുര്‍ഗന്ധം ഉണ്ടായതിനത്തെുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നല്‍കിയത്. ഇതില്‍ അടപ്പ് സീല്‍ ചെയ്തിട്ടില്ലായിരുന്നു.

ഭക്ഷ്യസുരക്ഷാ വിഭാഗം പേയിങ് കൗണ്ടറില്‍ നടത്തിയ പരിശോധനയില്‍ ബാക്കിയുണ്ടായിരുന്ന ടിന്നുകളിലും ഈ ആപാകം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇത് നല്‍കിയ മൊത്തവിതരണക്കാരുടെ ഗോഡൗണിലെത്തി പരിശോധനനടത്തി. ഇവിടെയുള്ള ഉത്പന്നങ്ങളിലും ദുര്‍ഗന്ധം കണ്ടെത്തിയതോടെ വിതരണം ചെയ്ത സ്റ്റോക്ക് മുഴുവന്‍ തിരിച്ചെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

2014 സെപ്തംബര്‍ ഒന്നിന് പായ്ക്കിങ് തീയതി രേഖപ്പെടുത്തിയിട്ടുള്ള 44,008 എം.എന്‍. എന്ന ബാച്ചിലാണ് പ്രശ്‌നം കണ്ടെത്തിയത്. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ഈ ബാച്ച് പീഡിയാഷുവര്‍ വില്പനയ്ക്കുണ്ടോ എന്ന് കണ്ടെത്താന്‍ അടുത്ത ദിവസങ്ങളില്‍ പരിശോധന നടത്തും.