മദ്യപാനത്തോട് വിടപറഞ്ഞ് അതിന് ചെലവാക്കിയിരുന്ന തുക കൂട്ടിവെച്ച് സ്‌കൂളിന്റെ വികസനത്തിന് നല്‍കിയാണ് ആ നാലുയുവാക്കള്‍ ലോക ലഹരിവിരുദ്ധദിനം ആചരിച്ചത്

single-img
26 June 2015

Lahariമദ്യപാനത്തിന്റെ ദോഷവശങ്ങളും മദ്യപാനം മൂലം കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും തിരിച്ചറിഞ്ഞ ആ നാല് യുവാക്കള്‍ മദ്യപാനത്തിന് വെലവാക്കുന്ന കാശ് കൂട്ടിവെച്ച് അത് സ്‌കൂളിന് നല്‍കി ഈ വര്‍ഷത്തെ ലഹരിദിനം ആചരിച്ചു. ഇരട്ടപ്പുഴ ജിഎല്‍പി സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കുട്ടികളേയും അദ്ധ്യാപകരേയും സാമൂഹിക പ്രാവര്‍ത്തകരേയും സാക്ഷിയാക്കി അവര്‍ ആ തുക നല്‍കിയപ്പോള്‍ മദ്യപാനമെന്ന വിപത്തിനെതിരെ ഒരു നാടിനുള്ള പാഠം കൂടിയാകുകയായിരുന്നു അത്.

മദ്യമെന്നത് കൂട്ടുകാരനല്ല എന്ന് തിരിച്ചറിഞ്ഞ് മൂന്നു മാസം മുന്‍പാണ് നാലുപേരും ചേര്‍ന്ന് മദ്യത്തിന് ചെലവാക്കുന്ന തുക കൂട്ടിവെയ്ക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് സ്‌കൂളില്‍ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ ഈ കൂട്ടിവെച്ച തുക സ്‌കൂളിലെത്തി നല്‍കുകയായിരുന്നു. സ്‌കൂളിലെ ്വപ്രധാദനാധ്യാപിക എല്‍സി ശകാച്ചപ്പന്‍ ഈ തുക ഏറ്റുവാങ്ങി.

കുട്ടികള്‍ നാണയങ്ങളും നോട്ടും ഉള്‍പ്പെടെയുള്ള തുക എണ്ണിയെടുത്തപ്പോള്‍ 5218 രൂപയുണ്ടായിരുന്നു. തുടര്‍ന്ന് മദ്യപാനം കൊണ്ടുള്ള ദോഷാനുഭവങ്ങള്‍ അവര്‍ പങ്കുവച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ജോസ് ബോധവത്കരണം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ അദ്ധ്യാപകരും ജനപ്രതിനിധികളും ചടങ്ങില്‍ സംസാരിച്ചു.