തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വ്യക്തിയെ വിവാഹം ചെയ്ത് കേസ് ഒത്തുതീർക്കണമെന്ന് കോടതി; തനിക്കൊരു ജീവിതം വാഗ്ദാനം ചെയ്തതിന്റെ പേരിൽ തന്നെ ക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വ്യക്തിക്ക് മാപ്പ് കൊടുക്കാന്‍ തയാറല്ലെന്ന് പെൺകുട്ടി

single-img
26 June 2015

courtതന്നെ ക്രൂരമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വ്യക്തിക്ക് തനിക്കൊരു ജീവിതം വാഗ്ദാനം ചെയ്തതിന്റെ പേരിൽ മാപ്പ് കൊടുക്കാന്‍ തയാറല്ലെന്ന് മദ്രാസ് കോടതിയോട് പെണ്‍കുട്ടി. തമിഴ്നാട്ടിൽ ആറ് വർഷം മുമ്പ് നന്ന പീഡനക്കേസില്‍ ഏഴുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതിയുടെ ഹര്‍ജി പരിഗണിക്കവെ പെണ്‍കുട്ടിയോട് കോടതിക്ക് പുറത്ത് ഒരു ഒത്തുതീര്‍പ്പിന് തയാറാകണമെന്ന് കോടതി നിർദ്ദേശിച്ചത് പെൺകുട്ടി തള്ളുകയായിരുന്നു.

ഫിബ്രവരിയില്‍ സമാനമായൊരു കേസിൽ പെണ്‍കുട്ടിയെ അവളുടെ സമ്മതത്തോടെ പ്രതിക്ക് വിവാഹം കഴിച്ച് കൊടുത്ത് ആ കേസ് കോടതിക്ക് പുറത്ത് തീർത്തിരുന്നു. .അതുപോലെ ഈ കേസിലും ഒത്തുതീര്‍പ്പുണ്ടാക്കി കൂടെ എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രതിയെ തന്നെ വിവാഹം കഴിച്ച് കേസ് ഒത്തുതീർക്കണമെന്ന ജസ്റ്റിസ് പി. ദേവദാസിന്റെ നിര്‍ദ്ദേശം വന്‍വിവാദത്തിലേക്കാണ് വഴിവെച്ചിരിക്കുന്നത്. കോടതി നിർദ്ദേശത്തിനെതിരെ നിയമവിദഗ്ധരും സ്ത്രീപക്ഷ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ ഒരു കുട്ടിയുടെ അമ്മയാണെന്നും കുഞ്ഞും ദുരന്തത്തിന്റെ ഇരയാണെന്നും ജസ്റ്റിസ് ദേവദാസ് ചൂണ്ടിക്കാട്ടി. ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ക്ക് സാഹചര്യമൊരുക്കാൻ കോടതി ഇപ്പോള്‍ പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുകയാണ്.

എന്നാൽ താന്‍ അയാളുടെ മുഖം പോലും കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ കുട്ടിയുടെ അച്ഛനാണെങ്കില്‍ പോലും അയാള്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരോട് പെൺകുട്ടി വെളിപ്പെടുത്തി. അഞ്ചുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് പ്രതിക്ക് ശിക്ഷ നേടിക്കൊടുക്കാന്‍ കഴിഞ്ഞതെന്നും ഇനിയൊരു അനുഭവം മറ്റു പെൺകുട്ടികൾക്ക് ഉണ്ടാകാൻ പാടില്ലെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളും പറഞ്ഞു.