പച്ചക്കറികളില്‍ കീടനാശിനിസാന്നിധ്യം കൂടുതലാണെന്ന പരിശോധനാഫലത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നും കയറ്റിയയച്ച 3 ടണ്‍ പച്ചക്കറി ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

single-img
26 June 2015

vegetables_EPSകീടനാശിനിസാന്നിധ്യം കൂടുതലായ തമിഴ്‌നാട് പച്ചക്കറികള്‍ ഗള്‍ഫ് രാജ്യങ്ങളും ബഹിഷ്‌കരിക്കുന്നു. ആരോഗ്യത്തിനു ഹാനികരമല്ലെന്ന സര്‍ട്ടിഫിക്കറ്റ് കൂടി ഉണ്ടെങ്കില്‍ മാത്രമേ ഇറക്കുമതി അനുവദിക്കുകയുള്ളുവെന്ന് സംസ്ഥാനത്തിന് ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കി. തിരുച്ചിറപ്പള്ളിയില്‍നിന്നു ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ അയച്ച മൂന്നു ടണ്‍ പച്ചക്കറി ദുബായ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു.

തമിഴ്‌നാട്ടിലെ പച്ചക്കറികളില്‍ കീടനാശിനിസാന്നിധ്യം വളരെ കൂടുതലാണെന്ന ശാസ്ത്രീയ പരിശോധനാഫലമാണ് ഗള്‍ഫ് രാജ്യങ്ങള്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ കാരണം. ഇതിനെതുടര്‍ന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ പച്ചക്കറി ഇറക്കുമതിക്കു കര്‍ശന നിബന്ധനകള്‍ ചുമത്തിയത്. ആരോഗ്യ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമേ ിറക്കുമതി അനുവദിക്കുകയുള്ളുവെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചത്.

ഒരാഴ്ചയായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍നിന്നും ഗള്‍ഫിലേക്ക് പച്ചക്കറികള്‍ അയയ്ക്കുന്നില്ല. എന്നാല്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാത്തത്ിനാല്‍ അവിടേക്ക് പച്ചക്കറി കയറ്റി അയക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായി തുടര്‍ന്നുനടന്ന ചര്‍ച്ചകളുടെ ഫലമായി 15 ദിവസത്തിനകം ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്നു ദുബായ് അധികൃതര്‍ സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ പച്ചക്കറികള്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ചുമതലപ്പെട്ട സ്ഥാപനങ്ങള്‍ ഇല്ലെന്ന പ്രശ്‌നമാണ് തമിഴ്‌നാടിനെ ഇപ്പോള്‍ അലട്ടുന്നത്.

പായ്ക്കു ചെയ്ത ഭക്ഷ്യസാമഗ്രികള്‍ക്കും പച്ചക്കറികള്‍ക്കും അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അഥോറിറ്റിയുടെ ലാബുകളില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് നല്‍കാമെങ്കിലും ഇവിടേക്ക് തമിഴ്‌നാട് പച്ചക്കറികള്‍ പരിശോധനയ്ക്ക് അയക്കുന്നില്ല. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലെ കാര്‍ഷിക വിദഗ്ദര്‍ ദുരൂഹത കാണുന്നുണ്ട്.

തമിഴ്‌നാട്ടിലെ പച്ചക്കറികളിലെ അമിത വിഷാംശത്തെപ്പറ്റി കേരള കാര്‍ഷിക സര്‍വകലാശാലയുടെ പഠനങ്ങള്‍ പുറത്തുവന്നതോടെ തമിഴ്‌നാട്ടില്‍നിന്നു വിഷപ്പച്ചക്കറി കൊണ്ടുവരുന്നതിനു കേരളം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.