ലളിത് മോഡി വിവാദത്തില്‍ കോണ്‍ഗ്രസും കുരുങ്ങും; ലണ്ടനിൽ റോബര്‍ട്ട് വാദ്രയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ പ്രിയങ്കയും ഒപ്പമുണ്ടായിരുന്നുവെന്ന് ലളിത് മോഡി

single-img
26 June 2015

Lalit-modiലണ്ടന്‍: ലളിത് മോഡി വിവാദത്തില്‍ കോണ്‍ഗ്രസും കുരുങ്ങും. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ പ്രിയങ്കയും ഒപ്പമുണ്ടായിരുന്നുവെന്ന് ലളിത് മോഡി പറയുന്നു. കഴിഞ്ഞ വര്‍ഷം യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്തായിരുന്നു ഇതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ഗാന്ധി കുടുംബവുമായി ലണ്ടനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതില്‍ സന്തോഷമുണ്ട്. ലണ്ടനിലെ ഒരു ഹോട്ടലില്‍ വെച്ചാണ് ഇരുവരെയും കണ്ടത്. ഡി.എല്‍.എഫ് എം.ഡി ടിമി സര്‍നയും കൂടെയുണ്ടായിരുന്നു. സര്‍നയുടെ പക്കല്‍ തന്നെ ബന്ധപ്പെടാനുള്ള നമ്പര്‍ ഉണ്ട്. അത് ഉപയോഗിച്ച് അവര്‍ക്ക് എന്നെ വിളിക്കാം. എന്താണ് അവരെക്കുറിച്ച് തനിക്ക് തോന്നുന്നതെന്ന് വിളിച്ചാല്‍ പറയും’ ലളിത് മോഡി ട്വീറ്ററില്‍ കുറിച്ചു. താന്‍ വാക്കുകള്‍ കൂട്ടിക്കലര്‍ത്താറോ നീക്കുപോക്കുകള്‍ നടത്താറോ ഇല്ലെന്നും തന്നെ വേട്ടയാടുകയാണെങ്കില്‍ ആരായിരുന്നു താനെന്ന്  മനസ്സിലാക്കികൊടുക്കുമെന്നും ലളിത് മോഡിയുടെ ട്വീറ്റിൽ പറയുന്നു.

ലളിത് മോഡി വിവാദത്തില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിക്കുന്ന കോണ്‍ഗ്രസിന് പുതിയ വെളിപ്പെടുത്തല്‍ തിരിച്ചടിയാകും. ഐ.പി.എല്‍ ക്രമക്കേടില്‍ പ്രതിയായ ലളിത് മോഡിയെ വിദേശത്തേക്ക് കടക്കാന്‍ വഴിവിട്ട് സഹായിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമയ്ക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരയ്ക്കുമെതിരെ കോണ്‍ഗ്രസ് ആക്രമണം ശക്തമാക്കിയതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. പ്രതിരോധത്തിന്റെ ഭാഗമായി ബിജെപി ഇത് ആയുധമാക്കിയേക്കും.