ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യയെ ജയിപ്പിക്കാന്‍ എന്‍ ശ്രീനിവാസന്‍ ഇടപെട്ടു-മുസ്തഫ കമാൽ

single-img
26 June 2015

Sreenivasanധാക്ക: ലോകകപ്പ് ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയെ ജയിപ്പിക്കാന്‍ എന്‍ ശ്രീനിവാസന്‍ ഇടപെട്ടെന്ന് ഐ.സി.സി മുന്‍ മുന്‍ പ്രസിഡന്റ് മുസ്തഫ കമാലിന്റെ ആരോപണം. ഐ.സി.സി ചെയര്‍മാനായ ശ്രീനിവാസന്‍ നേരിട്ട് ഇടപെട്ട് മത്സരം അനുകൂലമാക്കാന്‍ ശ്രമിച്ചെന്നാണ് കമാല്‍ പറഞ്ഞു. ഇന്ത്യയില്‍ ഐ.പി.എല്ലില്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെയാണ് ശ്രീനിവാസന്‍ ഐ.സി.സിയില്‍ ഇരുന്നുകൊണ്ടും ചെയ്തത്.

ആ കളി നീതിപൂര്‍വ്വമായിരുന്നില്ല. ഇന്ത്യന്‍ കളിക്കാര്‍ക്ക് പോലും എന്താണ് നടക്കുന്നതെന്ന് അറിവുണ്ടായിരുന്നില്ല. എല്ലാം ഐ.സി.സിയുടെ തീരുമാനമായിരുന്നു. ആരാണ് ഐ.സി.സിയെ നിയന്ത്രിക്കുന്നത്.  മറ്റാരുമല്ല ചെയര്‍മാനായ ശ്രീനിവാസന്‍ കമാൽ പറയുന്നു. ആ മത്സരദിവസം എന്തുകൊണ്ടാണ് സ്‌പൈഡര്‍ കാമറയോ ബിഗ് സ്‌ക്രീനോ ഉപയോഗിക്കാതിരുന്നത്. ഇന്ത്യ-ബംഗ്ലാദേശ് മത്സരമല്ലാതെ കാമറ ഇല്ലാതെ മെല്‍ബണില്‍ വേറെ കളിനടന്നിട്ടുണ്ടോ, കളി ഇന്ത്യ ജയിച്ചു, ബംഗ്ലാദേശ് തോറ്റു.

അടുത്ത കളിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുമ്പോള്‍ ഇതെല്ലാം അവിടെയുണ്ടായിരുന്നു. എന്തുകൊണ്ടാണ് അത് സംഭവിച്ചത്. ശ്രീനിവാസന്റെ ഇടപെടലിനെ തുടര്‍ന്നാണ് കാമറ ഒഴിവാക്കിയത്-കമാല്‍ പറയുന്നു

40 ഓവറില്‍ നാലിന് 196 എന്ന സ്‌കോറില്‍ നില്‍ക്കെ രോഹിത് ശര്‍മ്മ അടിച്ച പന്ത് നോബോള്‍ വിളിച്ചതാണ് അന്ന് വിവാദമായത്. വ്യക്തിഗത സ്‌കോര്‍ 90 ല്‍ നില്‍ക്കെയായിരുന്നു രോഹിത്തിന്റെ ഷോട്ട്. നോബോള്‍ വിളിച്ചതോടെ പുറത്താകാതെ രക്ഷപെട്ട രോഹിത് 47 റണ്‍സ് കൂടി ചേര്‍ത്താണ് പുറത്തായത്. ഇന്ത്യന്‍ സ്‌കോര്‍ 300 കടക്കുകയും ചെയ്തു. ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് അന്ന് തന്നെ മുസ്തഫ കമാല്‍ ആവശ്യപ്പെട്ടിരുന്നു.

അംപയര്‍ തെറ്റായ തീരുമാനം എടുക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അംപയര്‍മാരുടെ തെറ്റായ തീരുമാനമാണ് ബംഗ്ലാദേശിനെ തോല്‍പിച്ചതെന്ന് അന്ന് വന്‍ ആക്ഷേപമുണ്ടായിരുന്നു. ബംഗ്ലാദേശ് പ്രസിഡന്റ് ഷേക് ഹസീന വരെ ഇങ്ങനെ ആരോപിച്ചിരുന്നു.