ആർഎസ്എസ് സംഘടിപ്പിച്ച അടിയന്തിരാവസ്ഥയുടെ നാൽപതാം വാര്‍ഷിക ദിന ചടങ്ങില്‍ നിന്നും അദ്വാനിയെ ഒഴിവാക്കി

single-img
26 June 2015

VBK-ADVANI_359924fഅടിയന്തിരാവസ്ഥയുടെ 40-ആം വാര്‍ഷിക ദിനത്തില്‍ ആർഎസ്എസ് സംഘടിപ്പിച്ച ചടങ്ങില്‍ നിന്നും മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെ ഒഴിവാക്കി. രാജ്യത്ത് അടിയന്തരാവസ്ഥ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന അദ്വാനിയുടെ പ്രസ്താവന നേരത്തെ ബിജെപിയെയും ആര്‍എസ്എസിനെയും വെട്ടിലാക്കിയിരുന്നു.

ജനാധിപത്ത്യത്തെ തകര്‍ക്കാന്‍ കഴിവുള്ള ശക്തികള്‍ ഇന്നും പ്രബലരാണെന്ന് ആഭിപ്രായത്തോടെയാണ് അടിയന്തിരാവസ്ഥ ഇനിയുമുണ്ടാകുമോ എന്ന ആശങ്ക എല്‍ കെ അദ്വാനി പ്രകടിപ്പിച്ചത്. നരേന്ദ്ര മോദിക്കെതിരായ പരോക്ഷ വിമര്‍ശനമായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. പ്രതിരോധത്തിലായ ബിജെപിയും ആര്‍എസ്എസിനും അത്തരമൊരു ആശങ്കയ്ക്കിടയില്ലെന്ന് പറയേണ്ടി വന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാത്ത സാഹചര്യത്തിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ഈ സാഹചര്യത്തിലാണ് അടിയന്തിരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷിക ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അദ്വാനിയെ മാറ്റി നിര്‍ത്തിയതെന്നും സൂചനയുണ്ട്.

അടിയന്തിരാവസ്ഥയ്‌ക്കെതിരെ പോരാടിയവരില്‍ ഇന്നും സജീവ രാഷ്ട്രീയത്തിലുള്ള മുതിര്‍ന്ന നേതാവായ എല്‍ കെ അദ്വാനിയെ ദിനാചരണ ചടങ്ങുകളില്‍ നിന്ന് ഒഴിവാക്കിയത് പുതിയ വിവാദങ്ങള്‍ക്ക് വഴി വെച്ചേക്കും. കഴിഞ്ഞ ഏപ്രിലില്‍ നടന്ന ബിജെപിയുടെ സ്ഥാപക ദിനാഘോഷ ചടങ്ങുകളിലും അദ്വാനിയെ ക്ഷണിച്ചിരുന്നില്ല.