മലേഷ്യയില്‍നടന്ന എഷ്യന്‍ സ്‌കൂള്‍ മീറ്റില്‍ 800, 1500 ഇനങ്ങളില്‍ അന്തര്‍ദേശിയ റിക്കോര്‍ഡിട്ട് ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ മലയാള പ്രതിഭ മുഹമ്മദ് അഫ്‌സല്‍ ഇനി ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത്

single-img
25 June 2015

Afsalമലേഷ്യയില്‍നടന്ന എഷ്യന്‍ സ്‌കൂള്‍ മീറ്റില്‍ 800, 1500 ഇനങ്ങളില്‍ അന്തര്‍ദേശിയ റിക്കോര്‍ഡിട്ട് ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ മലയാള പ്രതിഭ മുഹമ്മദ് അഫ്‌സല്‍ ഇനി ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി മാറും. പറളി സ്‌കൂളിന്റെ അഭിമാന വിദ്യാര്‍ത്ഥിയായ മുഹമ്മദ് അഫ്‌സല്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാകാന്‍ 25ന് ഡല്‍ഹിയിലേക്ക് വണ്ടികയറും. കായികമികവ് കണക്കിലെടുത്ത് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ വ്യോമസേനയില്‍ എയര്‍മാനായാണ് അഫ്‌സല്‍ പ്രവേശിക്കുന്നത്.

ഒറ്റപ്പാലം പുളിക്കലകത്ത് മുഹമ്മദ് അഫ്‌സല്‍ രാജ്യത്തിന്റെ സുവര്‍ണ്ണ പുത്രനാണ്. സംസ്ഥാനതലത്തില്‍ 26 സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും ദേശീയതലത്തില്‍ 12 സ്വര്‍ണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം, അന്തര്‍ദേശീയ തലത്തില്‍ രണ്ട് സ്വര്‍ണം, ഒന്നുവീതം വെള്ളിയും വെങ്കലവും അഫ്‌സലിന്റെ നേട്ടങ്ങളില്‍ പെടുന്നു. 11 സംസ്ഥാന റെക്കോഡും നാല് ദേശീയ റെക്കോഡും രണ്ട് അന്തര്‍ദേശീയ റെക്കോഡും അഫ്‌സലിന്റേതായിട്ടുണ്ട്.

2013ല്‍ മലേഷ്യയില്‍നടന്ന എഷ്യന്‍ സ്‌കൂള്‍ മീറ്റില്‍ 800, 1500 ഇനങ്ങളിലാണ് അഫ്‌സല്‍ അന്തര്‍ദേശീയ റെക്കോഡിട്ടത്. 800, 1500, 3000, 5000 ക്രോസ് കണ്‍ട്രി എന്നിവയിലാണ് അഫ്‌സലിന്റെ മറ്റ് മികവുറ്റ പ്രകടനങ്ങളേറെയും. മലേഷ്യയില്‍നടന്ന ഒന്നാമത് എഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യന്‍ടീമിന്റെ ക്യാപ്റ്റനായിരുന്ന അഫ്‌സല്‍ റാഞ്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളാടീമിന്റെ ക്യാപ്റ്റനുമായിരുന്നു.

ദേശീയ സ്‌കൂള്‍മീറ്റില്‍ രണ്ടുതവണ വ്യക്തിഗത ചാമ്പ്യനായ താരം കൂടിയാണ് വിദേശത്ത് ജോലിചെയ്യുന്ന മുഹമ്മദ് ബഷീറിന്റെയും വീട്ടമ്മ ഹസീനയുടെയും മകനായ അഫ്‌സല്‍. പഠനത്തിലും മികവ് പുലര്‍ത്തിയിരുന്ന അഫ്‌സല്‍ 87 ശതമാനം മാര്‍ക്കോടെ ഇക്കൊല്ലം പ്ലസ്ടു പാസായി. തന്നെ ഒരു രാജ്യതാരമായി ഉയര്‍ത്തിയ തന്റെ സ്‌കൂളിനോടും തന്നെ അധ്യാപകന്‍ പി. മനോജിനോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടോടെയാണ് അഫ്‌സല്‍ എയര്‍ഫോഴ്‌സിലേക്ക് യാത്രയാകുന്നത്.