മലയാളിയുടെ ആത്മാഭിമാനത്തിന് തമിഴ്‌നാട്ടിലെ പച്ചക്കറി- കീടനാശിനി കച്ചവടക്കാര്‍ വിലയിടേണ്ട

single-img
25 June 2015

Tamilnadu

വിരുന്നുകാര്‍ വീട്ടുകാരാകാന്‍ ശ്രമിക്കുകയാണ് കേരളത്തില്‍. തമിഴ്‌നാട് തരുന്നത് പച്ചക്കറിക്കു പകരം വിഷമാണെങ്കില്‍ കണ്ണുമടച്ച് അതും കഴിക്കണമെന്ന നിലപാടോടെ മലയാളിയുടെ ആത്മാഭിമാനത്തെ തമിഴ് കര്‍ഷകരും കീടനാശിനി നിര്‍മ്മാതാക്കളും വിലപറയാന്‍ ശ്രമിക്കുകയാണ്. ഒരുപച്ചക്കറിക്ക് നിശ്ചയിച്ചിരിക്കുന്നതിനും വളരെ മുകളില്‍ പുരട്ടി, ഒരര്‍ത്ഥത്തില്‍ വിഷത്തില്‍ കുളിപ്പിച്ചു തെന്ന കേരളത്തിലേക്ക് അയയ്ക്കുന്ന പച്ചക്കറികള്‍ കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നമുക്കല്ല എന്നാണവര്‍ പറയുന്നത്. കീടനാശിനി അളവിനെക്കുറിച്ചുള്ള കാര്‍ഷിക സര്‍വ്വകലാശാലയുടെ മുന്നറിയിപ്പൊക്കെ തള്ളിയും സ്വന്തമായി അടുക്കളത്തോട്ടങ്ങള്‍ വഴി ജൈവപച്ചക്കറി ഉത്പാദിപ്പിക്കുന്ന ശ്രമങ്ങള്‍ മാറ്റിവെച്ചും മലയാളികള്‍ തമിഴ്‌നാട്ടിലെ പച്ചക്കറി- കീടനാശിനി കച്ചവടക്കാരെ ‘ജീവിക്കാന്‍’ സഹായിക്കണമെന്നാണ് ആവശ്യം.

ഒരാള്‍ക്ക് ജീവിക്കാന്‍ മറ്റൊരാളെ കൊലപ്പെടുത്തുക എന്ന വ്യക്തമായ സിദ്ധാന്ത നിലപാടോടെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്ന തമിഴ് കച്ചവടക്കാര്‍ക്കുമുന്നില്‍ കീഴടങ്ങണമോ വേണ്ടയോ എന്ന തീരുമാനിക്കേണ്ടത് നാം മലയാളികളാണ്. നിശ്ചിത അളവിലും മൂന്നുമുതല്‍ അഞ്ചുവരെ ഇരട്ടി കീടനാശിനിയുടെ അംശം തമിഴ്‌നാട്ടില്‍നിന്നു വരുന്ന പച്ചക്കറികളില്‍ ഉള്ളതായി പറഞ്ഞ കേരള സര്‍വ്വകലാശാലയ്ക്കും ഇത്തരത്തിലുള്ള പച്ചക്കറികള്‍ തടയാന്‍ നടപടിയെടുക്കുന്ന സര്‍ക്കാരിനുമെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ഭീഷണിമുഴക്കുന്ന ഈ ലോബികള്‍ തങ്ങള്‍ തരുന്നതെന്തായാലും മലയാളികള്‍ കഴിക്കണമെന്നാവശ്യപ്പെടുമ്പോള്‍ ഇല്ല എന്ന് തലയുയര്‍ത്തിപ്പറയാന്‍ നമുക്കാകണം. കാര്‍ഷിക മേഖലയില്‍ ഈ അടുത്ത കാലത്ത് സ്വയംപര്യാപതതയിലേക്ക് കേരളം നീങ്ങുന്നുവെന്ന സൂചനകള്‍ കണ്ടതിനു ശേഷമാണ് തമിഴ് ലോബികളുടെ ഈ അസ്വസ്തതശതന്നുള്ളതും ശ്രദ്ധേയമാണ്.

ഈ വരുന്ന ഓണത്തിന് മലയാളികള്‍ക്ക് സദ്യയുണ്ണാനുള്ള പച്ചക്കറികള്‍ മുഴുവന്‍ സ്വന്തം അടുക്കളത്തോട്ടത്തിലൂടെ ഉത്പാദിപ്പിക്കണമെന്ന കേരള സര്‍ക്കാരിന്റെ തീവ്രയജ്ഞ പരിപാടി തുടങ്ങാനിരിക്കേയാണ് ഭീഷണിയുമായി ഈ ലോബി രംഗത്തെത്തിയിരിക്കുന്നതെന്നോര്‍ക്കുക. എല്ലാകാലത്തും മലയാളികള്‍ കഴിക്കുന്ന ഭക്ഷണം തങ്ങളുണ്ടാക്കുന്നതായിരിക്കണമെന്നും അതുവഴി തങ്ങളുടെ മേഖല പ്രശോഭിതമാകണമെന്നും ചിന്തിക്കുന്ന ഇത്തരക്കാര്‍ പ്രധാന വിപണിയായ കേരളത്തെ വിട്ടുകളിക്കാന്‍ ഒരുക്കമല്ലെന്നുള്ളതാണ് സത്യം. തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ വന്നുകൊണ്ടിരുന്ന കൊല്ലം ജില്ലയില്‍ ഇപ്പോള്‍ അത് പകുതിക്ക് താളെയായി കുറഞ്ഞുവെന്നുള്ളത് ഈ ലോബിയെ അമ്പരപ്പിച്ചിട്ടുണ്ട്. അടുക്കളത്തോട്ടം വഴി വീട്ടാവശ്യത്തിനുള്ളതും പോളിഹൗസുകളും മറ്റു കൃഷിയിടങ്ങളും വഴി വ്യവവസായികാവശ്യത്തിനുള്ളതുമായ പച്ചക്കറികള്‍ കേരളം സ്വയം കൃഷിചെയ്തുണ്ടാക്കുമ്പോള്‍ കാര്‍ഷിക രംഗത്ത് ഈ തമിഴ് മലാബിയുമായുള്ള ബന്ധം പതിയെ മുറയുന്നതായി അവര്‍ മനസ്സിലാക്കിതുടങ്ങിയിരിക്കുന്നു.

കേരളത്തിന്റെ പച്ചക്കറി ബഹിഷ്‌കരണത്തിനെതിരെ പത്രസമ്മേളനം വിളിച്ചുകൂട്ടി ഭീഷണിപ്പെടുത്തിയ കീടനാശിനി നിര്‍മ്മാതാക്കളുടെ സംഘടന പച്ചക്കറിയിലെ വിഷാംശത്തെക്കുറിച്ചുള്ള കേരളത്തിന്റെ ആരോപണത്തിനു തമിഴ്‌നാട് മറുപടി നല്‍കണമെന്നാവശ്യപ്പെട്ടു സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കത്തു നല്‍കിയിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രശ്‌നത്തില്‍ കേരളം ഭയത്താല്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും കോടതിവിധിയുടെ ബലത്തില്‍ ദയയുടെ ഒരു കണികപോലും കാട്ടാതെ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ജയലളിതയുടെ പിന്തുണയാണ് ഇക്കാര്യത്തില്‍ വിഷക്കച്ചവടക്കാര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ മുല്ലപ്പെരിയാര്‍ പോലെയല്ല ഈ ഭക്ഷണകാര്യം. സ്വന്തം ഭക്ഷണം ഏതാണെന്ന് തീരുമാനിക്കാനുള്ള അവകാശം അതതു വ്യക്തിക്കു തന്നെയാണെന്നിരിക്കേ ഇക്കാര്യത്തില്‍ ഭരണപരമായും രാഷ്്രടീയപരമായും തമിഴ്‌നാടിന് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നുള്ളതാണ് സത്യം.

പക്ഷേ ഒരാശ്രിത സംസ്ഥാനത്തെ ജനങ്ങളോട് പെരുമാറുന്നതുപോലെ നിങ്ങള്‍ ഇത് കഴിച്ചാല്‍ മതി എന്ന തമിഴ്‌നാടിന്റെ ഭീഷണി മലയാളികളെ സംബന്ധിച്ച് അസഹനീയമായ ഒന്നുതന്നെയാണ്. പുതിയൊരു കാര്‍ഷിക സംസ്‌കരം വികസിപ്പിച്ചുകൊണ്ട് തമിഴ്‌നാടിന്റെ ഈ ഭീഷണി നാം സധൈര്യം നേരിടണം. നമ്മുടെ ആവശ്യത്തിനുള്ള പച്ചക്കറി നാം ഇവിടെ കൃഷിചെയ്തുണ്ടാക്കണം. ഇക്കാര്യത്തില്‍ ഭരണകൂടവും ഉദ്യോഗസ്ഥരും ഒന്നാത്മാര്‍ത്ഥമായി ജനങ്ങളോട് സഹകരിച്ചാല്‍ ഇവിടെ ഒരു കാര്‍ഷിക വിപ്ലവം പിറക്കുമെന്നുള്ളതിലും കേരളം ഒരു കാര്‍ഷിക സംസ്ഥാനമായി മാറുമെന്നുള്ളതിലും സംശയം വേണ്ട. അതിനുശേഷം നമുക്ക് സധൈര്യം അന്യസംസ്ഥാ ലോബികളുടെ മുഖത്തു നോക്കി പറയാം, മലയാളികള്‍ വിശപ്പിനു വേണ്ടി വിഷം കഴിക്കുന്ന ശീലമവസാനിപ്പിച്ചുവെന്ന്.