എന്നെ ബഹുമാനിക്കേണ്ട ദ്രോഹിക്കാതിരുന്നുകൂടേ; പാമ്പിനെ പിടികൂടുന്നതിനിടയില്‍ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന പാമ്പുകളുടെ തോഴന്‍ വാവസുരേഷ് ചോദിക്കുന്നു

single-img
25 June 2015

Vavaപാമ്പിനെ പിടികൂടുന്നതിനിടയില്‍ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിലായിരുന്ന പാമ്പുകളുടെ തോഴന്‍ വാവസുരേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോട്ടയത്തു നിന്നും പ്രസിദ്ധീകരിക്കുന്ന പ്രമുഖ സിനിമാ വീക്കിലിയായ സിനിമാ മംഗളം. മിനിവിഷന്‍ എന്ന പതിവ് പംക്തിയിലൂടെയാണ് വാവസുരേഷിനെതിരെ ജോസ്‌കുമാര്‍ ആരോപണങ്ങളുടെ കെട്ടഴിച്ച് വിട്ടിരിക്കുന്നത്.

വിഷപാമ്പുകളെ കൊല്ലാതെ പിടികൂടി കാട്ടില്‍ തുറന്നുവിടുന്ന വാവസുരേഷിന്റെ രീതികളാണ് എഴുത്തുകാരനെ പ്രകോപിപ്പിച്ചരിക്കുന്നത്. തെരുവ് നായ്ക്കളെ കൊല്ലാമെങ്കില്‍ എന്തുകൊണ്ട് പാമ്പുകളെ കൊന്നുകൂട എന്നാണ് ലേഖനത്തില്‍ ചോദിച്ചിരിക്കുന്നത്. മാത്രമല്ല കേരളത്തിലെ വനങ്ങളില്‍ ഉപേക്ഷിക്കാതെ പിടികൂടുന്ന പാമ്പുകളെ ചൈനയിലേക്കോ മറ്റോ കയറ്റി അയക്കുകയാണ് വേണ്ടെതെന്നും എഴുത്തുകാരന്‍ ആവശ്യപ്പെടുന്നുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ്് ഒരു വിവാഹ വീട്ടില്‍ വെച്ച് ഒരാളെ കൂട്ടത്തോടെ ആക്രമിച്ച് കൊലപ്പെടുത്തിയ കടന്നല്‍ക്കൂട്ടത്തെ കോന്നി ഡി.എഫ്.ഒയുടെ നിര്‍ദ്ദേശപ്രകാരം വാവസുരേഷ് തീവെച്ച് നശിപ്പിക്കുകയുണ്ടായി. ഇൗയൊരു കാര്യത്തിലൂന്നിയാണ് ലേഖകന്‍ വാവസുരേഷിനെതിരെ ലേഖനത്തിലൂടെ ആക്രമണമഴിച്ചുവിട്ടിരിക്കുന്നത്. ഒരു പ്രമുഖ ചാനലില്‍ വാവസുരേഷ് അവതരിപ്പിക്കുന്ന ‘സ്‌നേക്ക് മാസ്റ്റര്‍’ എന്ന പരിപാടിയില്‍ പാമ്പുകളെ പറ്റി വാവസുരേഷ് പറയുന്ന കാര്യങ്ങള്‍ നുണയാണെന്ന രീതിയിലും പ്രസ്തുത ലേഖകന്‍ പ്രതികരിച്ചിരിക്കുകയാണ്.

ലേഖനമെഴുതുന്നതിനിടയില്‍ വാവസുരേഷിന്റെ കുടുംബജീവിതത്തെ ആക്രമിക്കാനും ലേഖകന്‍ മറന്നിട്ടില്ല. കുടുംബാംഗങ്ങള്‍ ജീവിതത്തില്‍ നിന്നും അകന്നതിന്റെ ദേഷ്യം സമൂഹത്തോട് തീര്‍ക്കാനായാണ് വാവസുരേഷ് വിഷപാമ്പുകളെ സംരക്ഷിച്ച് അവയുടെ എണ്ണം കൂട്ടുന്നതെന്നാണ് ലേഖകന്‍ കണ്ടെത്തിയിരിക്കുന്നത്. പാമ്പുകടിയേറ്റ് മരണപ്പെടുന്ന വ്യക്തികളുടെ ബന്ധുക്കള്‍ വാവസുരേഷിനെതിരെ നരഹത്യയ്ക്ക് കേസ് കൊടുക്കണമെന്നും ലേഖനത്തിലൂടെ സൂചിപ്പിക്കുന്നുണ്ട്.

ആരോപണങ്ങളോട് കടുത്ത വിഷമത്തോടെയാണ് ആശുപത്രിക്കിടക്കയില്‍ വെച്ച് വാവസുരേഷ് പ്രതികരിച്ചത്. പാമ്പുകളെ പിടിക്കുന്നതിന്റെ പേരിലോ പാമ്പുകളെ സംരക്ഷിക്കുന്നതിന്റെ പേരിലോ ബഹുമാനം ലഭിച്ചേ മാതിയാകൂ എന്ന് ചിന്തിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍. പക്ഷേ ഒരു സമൂഹജീവിയെന്ന നിലയില്‍ എന്നെ ദ്രോഹിക്കാതിരിക്കാം. എന്റെ ഇഷ്ടപ്രകാരം ഒരു സ്ഥലത്തും ഞാന്‍ പാമ്പ് പിടിക്കാനായി പോകുന്നില്ല. ജനങ്ങള്‍ അറിയിക്കുന്നതനുസരിച്ച് മാത്രമേ ഞാന്‍ അവിടെ എത്തുകയും പാമ്പ് പിടിക്കുകയും ചെയ്യാറുള്ളു. മറ്റുള്ള സേവന പ്രവൃത്തികള്‍ ചെയ്യുന്നവരെ വാനോളം പുകഴ്ത്തുന്ന ഇത്തരം മാധ്യമങ്ങള്‍ എന്റെ പ്രവൃത്തിയെ പുകഴ്ത്തണമെന്ന് ഞാനൊരിക്കലും ആവശ്യപ്പെടില്ല, പക്ഷേ പരിഹസിക്കാതിരിക്കാനുള്ള മാന്യത കാണിക്കാം- വാവ സുരേഷ് പറഞ്ഞു.

ഈ ആരോപണങ്ങള്‍ക്കെതിരെ വാവസുരേഷ് ഫാന്‍സ് അസോസിയേഷനും ശക്തമായ രീതിയിലാണ് പ്രതികരിച്ചത്.