മന്ത്രിസഭ സെക്‌സ് റാക്കറ്റായി അധ:പതിച്ചു; ഇത്ര അധമന്‍മാരായ മന്ത്രിസംഘത്തെ കേരളം കണ്ടിട്ടില്ല-പിണറായി വിജയന്‍

single-img
25 June 2015

pinarayi-vijayanആര്യനാട്: അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതോടെ കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാരുണ്ടാകില്ലെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍. പിണറായി വാര്‍ത്താസമ്മേളനത്തിലാണ് സര്‍ക്കാര്‍ നിലംപതിക്കുമെന്ന് പറഞ്ഞത്.

അരുവിക്കര തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ രണ്ട് കാര്യങ്ങള്‍ സംഭവിക്കും. ഒന്ന് യു.ഡി.എഫ് ഭരണം ഇല്ലാതാകും. യു.ഡി.എഫ് ശിഥിലമാകും. അരുവിക്കരയിലെ ജനവിധി തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഒരു കുതന്ത്രവും ഫലിക്കാന്‍ പോകുന്നില്ലെന്നും പിണറായി പറഞ്ഞു.

കേരളം ഭരിക്കുന്നത് അധോലോകസംഘമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാര്‍ കൂട്ടത്തോടെ അഴിമതി നടത്തുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ട് കാര്യങ്ങളാണ് ചെയ്തുവരുന്നത്. ഒന്ന് അതിഭീകരമായ തോതില്‍ അഴിമതി നടത്താന്‍. രണ്ടാമത്തേത് തെളിവില്ലാതാക്കി തേച്ചുമാച്ചുകളയാന്‍.

ഇതിനെല്ലാം എതിരായ ജനവികാരമാണ് അരുവിക്കരയില്‍ പ്രതിഫലിക്കാന്‍ പോകുന്നത്. മുഖ്യമന്ത്രി തന്നെ കോഴകൊടുത്ത് കേസില്‍ നിന്ന് രക്ഷപെടുന്നുവെന്നാണ് പുറത്തുവന്നത്. ധനമന്ത്രി തന്നെ കോഴ ചോദിച്ച് വാങ്ങുന്നു. മന്ത്രിസഭ സെക്‌സ് റാക്കറ്റായി അധ:പതിച്ചു.

മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണ്. ഇത്ര അധമന്‍മാരായ മന്ത്രിസംഘത്തെ കേരളം കണ്ടിട്ടില്ല. സോളാര്‍ കേസിലെ വിധിയോടെ സര്‍ക്കാര്‍ പറഞ്ഞത് തെറ്റാണെന്നും പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്നും തെളിഞ്ഞു.

അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ജനത്തിന് അവസരം ലഭിച്ചിരിക്കുന്നു. അഭിമാനം രക്ഷിക്കാനാകണം ജനവിധി.  സോളാര്‍ കമ്മീഷനില്‍ തന്നെ ചില കാര്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു. ജയിലില്‍ ഒക്കെ ഒത്തുതീര്‍പ്പ് ചര്‍ച്ചക്കാര്‍ കയറിയിറങ്ങുകയാണ്. ജയില്‍രേഖ തിരുത്തിയത് കമ്മീഷന് വരെ ബോധ്യപ്പെട്ടു.

അട്ടക്കുളങ്ങര ജയിലിലെ രേഖയില്‍ സന്ദര്‍ശകരുടെ പേര് കൃത്യമായി എഴുതിയയാളെ ചീമേനിയിലേക്ക് സ്ഥലംമാറ്റി. കുറ്റകൃത്യം മറച്ചുവെക്കാന്‍ ഏതറ്റം വരെയും പോകുന്നു എന്നതിന്റെ തെളിവാണ് അട്ടക്കുളങ്ങര ജയിലില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.

സ്റ്റിങ് ഓപ്പറേഷനിലൂടെ മാധ്യമങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. ആന്റണി താന്‍ പറഞ്ഞ അതേ അഴിമതിക്ക് വേണ്ടി വോട്ട് ചോദിച്ചാണ് അരുവിക്കരയിലെത്തിയത്. ആന്റണി ഇതേകാര്യങ്ങളാണ് ഡല്‍ഹിയിലും ചെയ്തുകൊണ്ടിരുന്നത്. അവിടെ മന്‍മോഹന് സംഭവിച്ച അതേ അനുഭവമാണ് കേരളത്തില്‍ ഉമ്മന്‍ ചാണ്ടിക്കും വരാനിരുന്നത്.

ഒ.രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണ് പ്രവര്‍ത്തിച്ചത്. ബി.ജെ.പിയെ മെല്ലെയൊന്ന് പൊക്കികാണിച്ച് രാജഗോപാല്‍ ഇതാ ജയിക്കാന്‍ പോകുന്നു എന്ന് വരുത്താനാണ് ശ്രമിക്കുന്നത്. ഉമ്മന്‍ചാണ്ടിയും കൂട്ടരും പല ഘട്ടങ്ങളിലും ബി.ജെ.പിയും ആര്‍.എസ്.എസ്സുമായി ഒത്തുകളിച്ചിട്ടുണ്ട്. അദാനിക്കെതിരെ കൊമ്പുകോര്‍ത്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പരവതാനി വിരിച്ച് സ്വീകരിക്കുന്നു.

റബര്‍ വിലയിടിവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ല. ജനവിധി വ്യക്തമാണ്. അത് അട്ടിമറിക്കാനാകുമോ എന്നാണ് ഉമ്മന്‍ ചാണ്ടി നോക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിസ്സംഗമാണ്. മാണി മോദിക്ക് സ്വീകാര്യനായ ധനമന്ത്രിയാകുന്നു. പല ഉപകാരം അങ്ങോട്ട് ചെയ്യുന്നതിന് ഇങ്ങോട്ട് ഒരു ഉപകാരം. അതാണ് രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കിയത്. രാഷ്ട്രീയലാഭത്തിന് വേണ്ടി വര്‍ഗീയതയെ കെട്ടിപ്പുണരുകയാണ് ഉമ്മന്‍ ചാണ്ടി.

മോദി കള്ളപ്പണം കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് എന്തായി. ഉമ്മന്‍ ചാണ്ടിയും നാളെ മോദിക്ക് പ്രിയപ്പെട്ടവനാകും. പെട്രോളിനും ഡീസലിനും ഇപ്പോഴുള്ളതിന്റെ പകുതി വിലയ്ക്ക് കൊടുക്കാനാകും. മോദി ഗവണ്‍മെന്റ് കര്‍ഷകരെ ദ്രോഹിക്കുന്നു.