ഇന്ത്യൻ ഗ്രാമങ്ങളിലെ മൂന്നിൽ ഒരു കുടുംബം പട്ടിണിയിലെന്ന് സര്‍വ്വെ; ഏറ്റവും കൂടുതൽ ദരിദ്രകുടുംബങ്ങൾ ഉള്ളത് മധ്യപ്രദേശിൽ

single-img
25 June 2015

provertyഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഓരോ മൂന്ന് കുടുംബത്തിലും ഒരു കുടുംബം ആവശ്യമായ വരുമാനമില്ലാതെ ഇപ്പോഴും ഒറ്റമുറിവീട്ടില്‍ കഴിയുകയാണെന്ന് സര്‍വ്വെ. ഈ കുടുംബങ്ങളെയെല്ലാം തന്നെ ദരിദ്രരായി പരിഗണിക്കേണ്ടതുണ്ട്.  അതിനാൽ ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാതരത്തിലുമുള്ള ആനുകൂല്യങ്ങള്‍ക്കും ഈ കുടുംബങ്ങള്‍ അര്‍ഹരാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യ ദേശീയ സാമൂഹിക, സാമ്പത്തിക‌‌ ജാതി സര്‍വ്വെയിലാണ് വികസിക്കുന്ന ഇന്ത്യയുടെ യഥാര്‍ത്ഥചിത്രം പുറത്തുവന്നിരിക്കുന്നത്.

17.91 കോടി ഗ്രാമീണ കുടുംബങ്ങളിലാണ് സര്‍വ്വെ നടത്തിയത്. ഇതില്‍ 31.26 ശതമാനവും പാവപ്പെട്ടവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവരില്‍ 21.5 ശതമാനം കുടുംബങ്ങളും പട്ടികജാതി-പട്ടികവര്‍ഗ സമുദായത്തില്‍പ്പെട്ടവരാണ്.  13.25 ശതമാനം കുടുംബങ്ങള്‍ കഴിയുന്നത് ഒറ്റ മുറിയുള്ള കൂരയ്ക്ക് കീഴിലാണ്. 3 ശതമാനത്തിലധികം കുടുംബങ്ങളിലും 16 വയസ്സിനും 59 വയസ്സിനും ഇടയില്‍ പ്രായമുള്ള ആളുകളില്ല. അതുപോലെ നാലുശതമാനത്തിനടുത്ത് കുടുംബങ്ങളും പോറ്റുന്നത് സ്ത്രീകളാണെന്നും സര്‍വ്വെ പറയുന്നു.

സര്‍വ്വെ പ്രകാരം ദരിദ്രകുടുംബങ്ങളുടെ എണ്ണത്തില്‍ മുന്നില്‍ മധ്യപ്രദേശാണ്. രണ്ടാംസ്ഥാനത്ത് ഛത്തീസ്ഗഢും മൂന്നാം സ്ഥാനത്ത് ബീഹാറുമാണ്. തൊഴില്‍, വിദ്യാഭ്യാസം, മതം, വരുമാനം, താമസം, ഭൂമി എന്നിവയൊക്കെയാണ് സര്‍വ്വെയ്ക്ക് മാനദണ്ഡമാക്കിയത്.

2012 ലെ രംഗരാജന്‍ കമ്മിറ്റിയുടെ കണ്ടെത്തലിനെ ശരിവെക്കുന്നതാണ് പുതിയ സെന്‍സസ്. ഗ്രാമീണമേഖലയില്‍ ദിവസം 32 രൂപയില്‍ കുറവ് ചെലവഴിക്കുന്നവരെ ദരിദ്രരായി കണക്കാക്കണമെന്ന് രംഗരാജന്‍ കമ്മിറ്റി നിരീക്ഷിച്ചിരുന്നു. എന്നാല്‍ ദിവസം 27 രൂപ മതി ഗ്രാമീണര്‍ക്ക് ജീവിക്കാന്‍ എന്ന ടെണ്ടുല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.