മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടെക്കെതിരെ കോടികളുടെ അഴിമതി ആരോപണം

single-img
25 June 2015

pankajaമുംബൈ: മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടെക്കെതിരെ കോടികളുടെ അഴിമതി ആരോപണം. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ഡെയുടെ മകള്‍ കൂടിയായ പങ്കജ മുണ്ഡെയ്‌ക്കെതിരെ 206 കോടി രൂപയുടെ അഴിമതി ആരോപണമാണ് വന്നിരിക്കുന്നത്.

ടെന്‍ഡര്‍ വിളിക്കാതെ മന്ത്രി ആദിവാസി വിദ്യാലയങ്ങളില്‍ പുസ്തകങ്ങളും മറ്റ് സാധനങ്ങളും വാങ്ങിയെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്‍െറ ആരോപണം. നിയമപരമല്ലാത്ത രീതിയിലാണ് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഫെബ്രുവരി 13ന് മന്ത്രിയുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് 24 കരാറുകള്‍ നല്‍കിയെന്നും തങ്ങളുടെ കൈയില്‍ തെളിവുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

കൂടാതെ ആദിവാസി മേഖലകളില്‍ വിതരണം ചെയ്ത കപ്പലണ്ടികള്‍ വാങ്ങിയതിലും ക്രമക്കേട് ബോധ്യമായതായാണ് റിപ്പോര്‍ട്ട്. ഇവ വാങ്ങിയത് സര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെട്ട കമ്പനിയില്‍ നിന്നാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. വിഷയത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സി.ബി.ഐയോ ആന്റി കറപ്ഷന്‍ ബ്യൂറോയൊ ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മഹാരാഷ്ട്രാ മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.