ബാങ്കിലിട്ട തന്റെ കാശ് കാണാതായതിനെപ്പറ്റി പരാതി പറയാനെത്തിയപ്പോള്‍ പരിഹസിച്ചും കുറ്റം അടിച്ചേല്‍പ്പിച്ചും പുറത്താക്കിയ ബാങ്കിനെതിരെ കോടതിയില്‍ സ്വന്തമായി വാദിച്ച് വിജയം സ്വന്തമാക്കി ഒരു ചായക്കടക്കാരന്‍

single-img
24 June 2015

tea-vendor

ബാങ്കിലിട്ട തന്റെ കാശ് കാണാതായതിനെപ്പറ്റി പരാതി പറയാനെത്തിയപ്പോള്‍ പരിഹസിച്ചും കുറ്റം അടിച്ചേല്‍പ്പിച്ചും പുറത്താക്കിയ ബാങ്കിനെതിരെ കോടതിയില്‍ സ്വന്തമായി വാദിച്ച് വിജയം സ്വന്തമാക്കി ഒരു ചായക്കടക്കാരന്‍

അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വെറുമൊരു ചായക്കടക്കാരന്‍ എന്നു കരുതി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തള്ളിക്കളഞ്ഞ വ്യക്തി ഒരു വക്കീല്‍ പോലുമില്ലാതെ സ്വന്തമായി വാദിച്ച് പ്രസ്തുത ബാങ്കിനെ തോല്‍പ്പിച്ചിരിക്കുന്നു. തന്റെ അക്കൗണ്ടില്‍ നിന്നും കാണാതായ 9200 രൂപ ചോദിച്ച് ബാങ്കില്‍ ചെന്ന മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുളള രാജേഷ് സക്കര്‍ എന്ന ചായക്കടക്കാരനെ കുറ്റം അടിച്ചേല്‍പ്പിച്ചും പരിഹസിച്ചും വിട്ടബാങ്ക് അധികൃതര്‍ ഒടുവില്‍ രാജേഷിന് മുന്നില്‍ മുട്ടുമടക്കി.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2010 ല്‍ തന്റെ അക്കൗണ്ടില്‍ 20000 രൂപ ഉണ്ടായിരുന്നപ്പോഴാണ് രാജേഷ് എടിഎം കാര്‍ഡുപയോഗിച്ച് 10800 രൂപ പിന്‍വലിച്ചത്. എന്നാല്‍ പിന്നീട് പണം എടുക്കാന്‍ എടിഎമ്മില്‍ എത്തിയപ്പോള്‍ തന്റെ അക്കൗണ്ട് ശൂന്യമാണെന്ന് കണ്ട് തൊട്ടടുത്തുളള ബാങ്ക് ശാഖയില്‍ പരാതിയുമായി എത്തുകയായിരുന്നു. എന്നാല്‍ ബാങ്ക് അധികൃതര്‍ രാജേഷിനെ കുറ്റക്കാരനായി മുദ്രകുത്തി അപമാനിതനാക്കി വിട്ടു.

ഇതിനെ തുടര്‍ന്ന് എസ്.ബി.ഐയുടെ മുംബൈയിലെ ബാങ്ക് ആസ്ഥാനത്തും പരാതിയുമായി എത്തിയെങ്കിലും യാതൊരു ഫലവും കണ്ടില്ല. തുടര്‍ന്ന് ഇയാള്‍ ജില്ലാ ഉപഭോക്തൃ പരിഹാര സെല്ലിനെ പരാതിയുമായി സമീപിക്കുകയായിരുന്നു. അവിടെയും പണം രാജേഷ് തന്നെ പിന്‍വലിച്ചെന്നായിരുന്നു ബാങ്കിന്റെ നിലപാട്.

പക്ഷേ ഒരു വക്കീലിനെ വച്ച് കേസ് നടത്താന്‍ വേണ്ട പണം തന്റെ കയ്യിലില്ലാത്ത രാഓജേഷ് സ്വന്തം വാദങ്ങളുമായി ബാങ്കിനെതിരെ പോരാടി. ഒട്ടേറെ തവണ കേസ് കേട്ട കോടതി ഒടുവില്‍ രാജേഷിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു. 9200 രൂപ ആറ് ശതമാനം പലിശയടക്കം രണ്ട് മാസത്തിനുളളില്‍ രാജേഷിന് നല്‍കണമെന്നാണ് ബാങ്ക് കഴിഞ്ഞ ദിവസം വിധിച്ചത്.

അതുമല്ലാതെ രാജേഷ് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ക്ക് മറ്റൊരു പതിനായിരം രൂപ കൂടിയും കോടതി ചെലവുകള്‍ക്കായി 2000 രൂപയും നല്‍കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കോടതി വിധിച്ചു.