പ്രാര്‍ത്ഥിച്ച് വീട്ടില്‍ കഴിഞ്ഞുകൂടേണ്ട തന്റെ അറുപതാം വയസ്സില്‍ ഗുരുതരമായ വൃക്കരോഗം ബാധിച്ച വര്‍ഗ്ഗീസ് ആന്റണിയെന്ന ചെറുപ്പക്കാരന് സൗജന്യമായി തന്റെ ഒരു വൃക്ക ദാനം ചെയ്ത് ജോസഫൈന്‍ തന്റെ ആഗ്രഹം സഫലീകരിച്ചു

single-img
24 June 2015

josephfin

പ്രാര്‍ത്ഥിച്ചു കഴിഞ്ഞുകൂടേണ്ട പ്രായത്തില്‍ മരണം മുന്നില്‍ക്കണ്ട ഒരു ചെറുപ്പക്കാരന് തന്റെ വൃക്ക പകുത്ത് നല്‍കി സ്വപ്‌നം കാണാന്‍ പ്രേരിപ്പിക്കുകയാണ് ജോസഫൈന്‍. തൃശൂര്‍ കുരിയച്ചിറ മദര്‍ തെരേസ സ്ട്രീറ്റിലെ അറയ്ക്കല്‍ വീട്ടില്‍ പരേതനായ ആന്റണിയുടെ ഭാര്യ ജോസഫൈന്റെ വൃക്ക സവീകരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി വര്‍ഗീസ് ആന്റണി (35) പുതുജീവിതത്തിന്റെ സ്പന്ദനമറിഞ്ഞ് ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കുകയാണ്. ഇതിന്റെ ആവശ്യമുണ്ടായിരുന്നോയെന്ന പലരുമടയും ചോദ്യത്തിന് പുഞ്ചിരിയോടെ ഈ ജീവകാരുണ്യ പ്രവൃത്തിയിലൂടെ മറുപടി പറഞ്ഞ് ജോസഫൈന്‍ കാരുണ്യവും മനുഷ്യത്വവുമെന്താണെന്ന് ലോകത്തോട് കാട്ടിക്കൊടുക്കുകയാണ്.

ഇന്നലെ എറണാകുളം ലിസി ആശുപത്രിയിലാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. വൃക്കദാനമെന്ന വര്‍ഷങ്ങളായുള്ള തന്റെ സ്വപ്‌നം പൂവണിയുന്ന ആഹ്ലാദപരമായ മുഖത്തോടെയായിരുന്നു
ഡോ. ദാമോദരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ശസത്രക്രിയയ്ക്ക് ജോസഫൈന്‍ പുറപ്പെട്ടത്. മുപ്പതു വര്‍ഷം മുമ്പ് രണ്ട് പെണ്‍മക്കള്‍ക്ക് പത്തും അഞ്ചും വയസ്സുള്ളപ്പോള്‍ രക്താര്‍ബുദത്തെത്തുടര്‍ന്നു രക്താര്‍ബുദത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ ജീവിത സാഹചര്യങ്ങളോട് പടപൊരുതി വിജയം കണ്ട ജോസഫൈന് ഇതൊരു ചരിത്ര നിയോഗം തന്നെയായിരുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചശേഷം മക്കളെ പഠിപ്പിച്ചു മിടുക്കരാക്കി. ഇന്ന് വിവാഹം കഴിഞ്ഞ മക്കള്‍ ഇരുവരും കുടുംബത്തിനൊപ്പം വിദേശത്താണ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്നു കഴിഞ്ഞ നവംബര്‍ 30ന് വിരമിച്ച ജോസഫൈന്‍ വൃക്കദാനം ചെയ്യാനുള്ള ആഗ്രഹവുമായി ഫാ.ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള കിഡ്‌നി ഫെഡറേഷനെ സമീപിക്കുകയായിരുന്നു. വൃക്കദാനത്തെ മക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ അമ്മയുടെ ആഗ്രഹത്തിന് അവരും വഴങ്ങി. കിഡ്‌നി ഫെഡറേഷനില്‍ വെച്ചാണ് വര്‍ഗീസ് ആന്റണിയെക്കുറിച്ചു ജോസഫൈന്‍ അറിയുന്നത്.

ഓസ്‌ട്രേലിയയില്‍ ഇന്റീരിയര്‍ ഡിസൈനറായിരുന്ന വര്‍ഗീസിനു രണ്ടര വര്‍ഷം മുമ്പാണു ഗുരുതരമായ വൃക്കരോഗം പിടിപെട്ടത്. ഒന്നര വര്‍ഷമായി ഡയലാസിസ് ചെയ്തുവരുന്ന വര്‍ഗ്ഗീസിന് ഭാര്യ അഞ്ജു വൃക്ക നല്‍കാന്‍ തയാറായെങ്കിലും ചില കാരണങ്ങളാല്‍ അതു നടന്നില്ല. എന്നാല്‍ അവരുടെ മുന്നില്‍ ദൈവമായി അവതരിച്ച ജോസഫൈന്‍ വൃക്ക നല്‍കാന്‍ തയാറായപ്പോള്‍, സൗജന്യമായി സ്വീകരിക്കുന്ന ആ വൃക്കയ്ക്ക് പകരം സാമ്പത്തിക ബുദ്ധിമുട്ടുമൂലം കഷ്ടപ്പെടുന്ന മറ്റൊരു വൃക്കരോഗിക്കു വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള മുഴുവന്‍ തുകയും നല്‍കുകയാണ് വര്‍ഗീസ് ആന്റണി ചെയ്തത്.

വര്‍ഗ്ഗീസിന്റെ സഹായത്താല്‍ ആ നിര്‍ദ്ധന രോഗിയുടെ ശസ്ത്രക്രിയ നേരത്തെ വിജയകരമായി നടന്നിരുന്നു. ജോസഫൈന്റെ മാതൃക സ്വീകരിച്ചു താനും വൃക്കദാനം നടത്താനുള്ള തീരുമാനത്തിലാണെന്ന് വര്‍ഗ്ഗീസിന്റെ ഭാര്യയും രണ്ടു വയസ്സുള്ള കുട്ടിയുടെ മാതാവുമായ അഞ്ജു പറഞ്ഞു. ശസ്ത്രക്രിയ സമയത്തു ഫാ.ഡേവിസ് ചിറമ്മലും ജോസഫൈന്റെ മക്കളും പ്രാര്‍ഥനകളുമായ് ആശുപത്രിയിലുണ്ടായിരുന്നു.