തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന കീടനാശിനി പ്രയോഗിച്ച പച്ചക്കറികള്‍ ബഹിഷ്‌കരിക്കുന്ന കേരളത്തിന്റെ നടപടി തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ദോഷം ചെയ്യുമെന്നും ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്തെത്തണമെന്നും കീടനാശിനി കമ്പനികള്‍

single-img
24 June 2015

Pesticide Use in Vegetable Crops in Tamil Nadu

കീടനാശിനി കമ്പനികള്‍ കേരളത്തിനെതിരെ. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികളില്‍ അമിതമായ തോതില്‍ കീടനാശിനി പ്രയോഗിക്കുന്നുവെന്ന കേരളത്തിന്റെ ആരോപണത്തിനെതിരെയാണ് കീടനാശിനി കമ്പനികളുടെ സംഘടനയായ ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ രംഗത്ത് വന്നത്. കേരളം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതവും കെട്ടിചമച്ചതുമാണെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നും ക്രോപ്പ് കെയര്‍ ഫെഡറേഷന്‍ പറഞ്ഞു.

അനുവദനീയമായതിലും അഞ്ചിരട്ടി കൂടുതല്‍ തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ കീടനാശിനി ഉപയോഗിക്കുന്നുണ്ടെന്ന കേരള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണ്ടെത്തലിെന തുടര്‍ന്ന് കഴിഞ്ഞ ദിവസം കേരളം തമിഴ്‌നാടിനു കത്തയക്കുകയും ഇത്തരത്തിലുള്ള പച്ചക്കറികളും പഴങ്ങളും നിയന്ത്രിക്കുമെന്നും കേരളം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനെതിരെയാണ് കേരളത്തിനെതിരെ കീടനാശിനി കമ്പനികള്‍ രംഗത്തെത്തിയത്. അടിസ്ഥാന രഹിതവും കെട്ടിചമച്ചതമായ കേരളത്തിന്റെ ആരോപണത്തിനു പിന്നില്‍ ഗൂഡതാത്പര്യങ്ങളുണ്ടെന്നാണ് കമ്പനികള്‍ പറയുന്നത്.

കേരളത്തിന്റെ നടപടി തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്ക് ദോഷം ചെയ്യുമെന്നും അതിനാല്‍ ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്തെത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. 700 കോടി രൂപയയായിരുന്ന കീടനാശിനി കമ്പനികളുടെ തമിഴ്‌നാട്ടിലെ വിറ്റുവരവ് കേരളത്തിന്റെ നടപടി മൂലം ക്രമാതീതമായി കുറഞ്ഞിരുന്നതാണ് കമ്പനികളെ ചൊടിപ്പിച്ചത്. ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ പല കീടനാശിനി കമ്പനികളും നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.