കുമാരന്‍ കഷ്ടപ്പെട്ട് വിളയിച്ചെടുത്ത 70 കിലോയുള്ള ടിഷ്യൂ കള്‍ച്ചര്‍ വാഴകുലയ്ക്ക് കച്ചവടക്കാര്‍ പറഞ്ഞത് 130 രൂപ; കര്‍ഷകരോടുള്ള കച്ചവടക്കാരുടെ ചൂഷണത്തില്‍ പ്രതിഷേധിച്ച് കുമാരന്‍ കുല വെട്ടാതെ പക്ഷികള്‍ക്കും മറ്റു ജീവികള്‍ക്കും നല്‍കി

single-img
22 June 2015

Banana

കഷ്ടപ്പെട്ട് ഒരു വര്‍ഷം കൊണ്ട് വിളയിപ്പിച്ചെടുത്ത വാഴക്കുലയ്ക്ക് കച്ചവടക്കാര്‍ ഒരിക്കലും ഉള്‍ക്കൊള്ളാനാകാത്ത വില പറഞ്ഞപ്പോള്‍ പുലിയറയില്‍ ആലുംകല്‍ എ.വി. കുമാരന് മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. കുല വെട്ടേണ്ടന്ന് അങ്ങ് തീരുമാനിച്ചു. പാവപ്പെട്ടവന്റെ വയര്‍പ്പിന്റെ വില ചൂഷകര്‍ അനുഭവിക്കുന്നതിനേക്കാള്‍ നല്ലതാണ് മറ്റു പക്ഷികളും മൃഗങ്ങളും അനുഭവിക്കുന്നതെന്ന പക്ഷക്കാരനായിരുന്നു കുമാരന്‍.

കുമാരന്‍ നട്ട ടിഷ്യൂ കള്‍ച്ചര്‍ വാഴ കുലച്ചപ്പോള്‍ ഒരു കുല എഴുപതുകിലോയായിരുന്നു. കുലവെട്ടി റോഡിലെത്തിച്ച് അവിടുന്ന് വിപണിയിലെത്തിക്കാനുള്ള വാഹനച്ചെലവും ആള്‍ച്ചെലവും നോക്കിയാല്‍ അത് 400 രൂപവരെയാകുമെന്നുള്ളതാണ് സത്യം. എന്നാലും കുഴപ്പമില്ലെന്ന് കരുതി വിപണിയില്‍ വിലചോദിച്ചെത്തിയ കുമാരനോട് കച്ചവടക്കാരന്‍ പറഞ്ഞത് കുലയ്ക്ക് ഒടിവും ചതവുമില്ലാതെ കൊണ്ടുവന്നാല്‍ കിലോയ്ക്ക് 2 രൂപ വെച്ച് തരാമെന്നാണ്.

അതിൽ തണ്ടായി അഞ്ചുകിലോ കുറച്ചായിരിക്കും തുക നല്‍കുന്നതെന്നും കുമാരനെ അറിയിച്ചു. അതായത് എഴുപതുകിലോ വാഴക്കുല തണ്ടുകിഴിച്ച് 65 കിലോയ്ക്ക് 130 രൂപ കിട്ടുമെന്നര്‍ത്ഥം. ഒന്നും മിണ്ടാതെ തിരികെ പോന്ന കുമാരന്‍ ആ വാഴക്കുല പ്രകൃതിയിലെ അന്തേവാസികളായ ജീവികള്‍ക്ക് വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏറ്റവും വലിയ പുണ്യം അതാണെന്നും കുമാരന്‍ കണക്കുകൂട്ടുന്നു.

ഇത്തരത്തില്‍ കൃഷിചെയ്ത് നല്ലവിളകിട്ടിയിട്ടും നിരാശയില്‍ ജീവിക്കുന്ന നിരവധി കൃഷിക്കാര്‍ അട്ടപ്പാടിയിലുണ്ടെന്ന് കുമാരന്‍ പറയുന്നു. വിവിധയിനം പച്ചക്കറികള്‍ അട്ടപ്പാടിയിലെ പ്രധാന ചന്തകളിലെത്തിക്കുമ്പോള്‍ കര്‍ഷകനു ലഭിക്കുന്ന വിലയുടെ മൂന്നുംനാലും മടങ്ങ് അധികവിലക്കാണ് ബ്ലേഡ്മാഫിയേക്കാള്‍ ഭീകരരായ കച്ചവടക്കാര്‍ വിറ്റഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.