ഈ വലിയ ലോകത്ത് തനിക്കും കുടുംബത്തിനും കയറിക്കിടക്കാന്‍ ഒരു ചെറിയ വീട്: അത്രമാത്രമേയുള്ളു വിധി കാഴ്ച കവര്‍ന്നെടുത്ത നീരജയുടെ മനസ്സില്‍ മോഹമായി

single-img
21 June 2015

Neeraja

ദുരന്തങ്ങളുടെ ഘോഷയാത്രകളായിരുന്നു നീരജയുടെ ജീവിതത്തിലിതുവരെ. തന്റെ പിതാവിനേയും അദ്ദേഹത്തിന്റെ നാലു സഹോദരന്മാരേയും പോലെ നീരജയുടെ കണ്ണുകളേയും ജന്മനാ തന്നെ അന്ധതയുടെ ഇരുട്ട് വന്ന് മൂടിയിരുന്നു. ഇതൊന്നുകൊണ്ടും തൃപ്തി വരാത്തതുപോലെ വിധി വീണ്ടും അവളുടെ അച്ഛന്റെ മരണവും കൂടി കൊണ്ടു വന്നതോടെ ഇനിയെന്താണെന്ന ചോദ്യത്തിനുത്തരം പോലും പറയാനാകാതെ നീരജയുടെ കുടുംബം നിശബ്ദമാകുകയാണ്.

പാലക്കാട്ടെ ഹെലെന്‍ കെല്ലര്‍ അന്ധ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ നീരജ ഒരു യുഗത്തിലനുഭവിക്കേണ്ടുന്ന ദുരിതങ്ങള്‍ ഈ ചെറുപ്രായത്തിനിടയ്ക്ക് അനുഭവിച്ചിട്ട് തീര്‍ത്തിട്ടുണ്ട്. നീരജയും അവളുടെ ചേച്ചിയും ഹെലെന്‍ കെല്ലര്‍ അന്ധവിദ്യാലയത്തിലെ തന്നെ സ്വീപ്പര് ആയി ജോലി നോക്കുന്ന അമ്മയ്ക്ക് കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ വാടകവീട്ടില് ജീവിതം ജീവിച്ചു തീര്‍ക്കുമ്പോള്‍ ഒരു സ്വന്തമായ വീട് എന്നുള്ളത് സ്വപ്നമായി തന്നെ നില്‍ക്കുകയായിരുന്നു. വാടവീട്ടില് നിന്നും ഉടമയുടെ വീടൊഴിയണമെന്ന ആവശ്യത്തിന് പിന്നാലെ പറക്കമുറ്റാത്ത രണ്ടു കുട്ടികളുമായി താന്‍ എങ്ങോട്ടുപോകുമെന്നുള്ള ചിന്തയില് ഒരുമാസം മുമ്പ് ആത്മഹത്യചെയ്യുകയായിരുന്നു നീരജയുടെ അച്ഛന്‍ രാഘവന്‍. ഈ ഒരു സാഹചര്യത്തില്‍ കയറിക്കിടക്കാന്‍ ഒരു വീടെന്നുള്ള ആ കുടുംബത്തിന്റെ ആഗ്രഹസഫലീകരണത്തിനായാണ് ഫേസ്ബുക്ക് കൂട്ടായ്മയായ ‘മാതൃകം’ മുന്നിട്ടിറങ്ങിയയത്.

പാലക്കാട് ജില്ലയിലെ കരിമ്പുഴ ഗ്രാമപഞ്ചായത്തില്‍ വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു നീരജയും കുടുംബവും. അന്ധത ബാധിച്ച് മറ്റു ജോലികള്‍ക്കൊന്നും പോകുവാന്‍ കഴിയാത്ത രാഘവന്‍ അന്ധര്‍ക്കായുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കണ്ണ് കാണാന്‍ കഴിയാത്ത നീരജയ്ക്ക് സ്‌കൂളില്‍ പോകുവാന്‍ വേണ്ടിയാണ് സ്‌കൂളിന് സമീപമുള്ള വീട് തന്നെ തെരഞ്ഞെടുത്ത് അവര്‍ താമസിച്ചിരുന്നത്. ഈ സമയത്താണ് ഫേസ്ബുക്ക് കൂട്ടായ്മയായ മാതൃകം നീരജയുടേയും കുടുംബത്തിന്റെയും അവസ്ഥയറിയുന്നതും സഹായ മനസ്സുമായി മുന്നിട്ടിറങ്ങുന്നതും. സ്വന്തമായി ഒരു വീടെന്നുള്ള ആ കുടുംബത്തിന്റെ സ്വപ്‌നം ഒരു ലക്ഷ്യമായി കണ്ട് സഹായ മനസ്ഥിതിയുള്ളവരുമായി ചേര്‍ന്ന് അത് പൂര്‍ത്തീകരിക്കുവാനായിരുന്നു. മാതൃകത്തിന്റെ ശ്രമം.

എന്നാല്‍ വീട് വില്‍പ്പന സംബന്ധിച്ച് വീട്ടുടമസ്ഥന്‍ ഇവരോട് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. പെട്ടെന്നുള്ള വീട് മാറ്റ അഭ്യര്‍ത്ഥനയില്‍ പകച്ചു പോയ ആ കുടുംബത്തിന് യഥാര്‍ത്ഥത്തില്‍ എന്തു ചെയ്യണമെന്നു തന്നെ അറിയില്ലായിരുന്നു. മാതൃകം പ്രവര്‍ത്തകര്‍ ഈ സമയത്ത് വീട്ടുടമസ്ഥനുമായി ബന്ധപ്പെട്ടെങ്കിലും വീട് മാറ്റം ഒഴിവാക്കാന്‍ വീട്ടുടമസ്ഥന്‍ തയ്യാറായിരുന്നില്ല. രണ്ട് പെണ്‍കുട്ടികളെയും കൊണ്ട് തെരുവിലിറങ്ങേണ്ടി വരുന്ന ആ ഒരു അവസ്ഥ അടിമുഖീകരിക്കാതെയാകണം, നീരജയുടെ അച്ഛന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

കൈയിലൊതുങ്ങുന്ന തുകയ്ക്ക് സ്‌കൂളിന് തൊട്ടടുത്തായി തന്നെ അഞ്ച് സെന്റ് വസ്തു വാങ്ങി അതില്‍ ഒരു വീട്‌വെച്ച് ആ കുടുംബത്തിനു നല്‍കുവാനാണ് മാതൃകം ഇപ്പോള്‍ ആലോചിക്കുന്നത്. കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വാര്‍ഡുമെമ്പര്‍ എന്നിവരുമായി കൂടിയാലോചിച്ച് അതിനുള്ള പ്രവര്‍ത്തനങ്ങള്‍ മാതൃകം തുടങ്ങിക്കഴിഞ്ഞു. സ്ഥലം വാങ്ങുന്ന കാര്യത്തില്‍ ഇപ്പോള്‍ തന്നെ ഏകദേശം തീരുമാനമായിട്ടുണ്ട്. പക്ഷേ എന്നിരുന്നാലും സ്ഥലം വാങ്ങുന്നതിനും അതില്‍ വീടുവയ്ക്കുന്നതിനുമായി നല്ലൊരു തുകയുടെ ചെലവുള്ളതിനാല്‍ മാതൃകം സഹൃദരുടെ കനിവ് കൂടി തേടുകയാണ്.

ഇപ്പോള്‍ താമസിക്കുന്ന വീട്ടുടമസ്ഥന്റെ താല്‍പര്യപ്രകാരം വീടുമാറാന്‍ നിര്‍ബന്ധിതരായ നീരജയ്ക്കും കുടുംബത്തിനും മാതൃകം മുന്‍കൈയെടുത്ത് ഒരു വാടക വീടും സംഘടിപ്പിച്ച് നല്‍കിയിരിക്കുകയാണ്. അതിന്റെ മാസവാടക ഓരോ മാസവും കൂട്ടായ്മയിലെ അംഗങ്ങള്‍ ഓരോരുത്തരായി മുടക്കാനാണ് തീരുമാനവും. സമൂഹത്തില്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്ന ഒരു കുടുംബത്തിനെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ഈ ശ്രമങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്നും നല്ല രീതിയിലുള്ള പ്രോത്സാഹനമാണ് ലഭിക്കുന്നതും.

മറ്റെല്ലാവരേയും പോലെ തന്നെ നീരജയ്ക്കും ഈ ജീവിതത്തില്‍ സ്വപ്‌നം കാണാനുള്ള അവകാശമുണ്ട്. ഒരു സഹജീവിയെന്ന നിലയില്‍ ആ അവകാശത്തെ പിന്തുണയ്‌ക്കേണ്ടത് നമ്മുടെ കടമയാണ്. ഈ വലിയ ലോകത്ത് നീരജയ്ക്കും കുടുംബത്തിനും വേണ്ടി ഒരു ചെറിയ ഇടം കെട്ടിപ്പടുക്കുവാനുള്ള മാതൃകത്തിന്റെ ശ്രമങ്ങളെ നമുക്കും പിന്തുണയ്ക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു 91 9846399230 (ഹെലന്‍ കെല്ലര്‍ അന്ധ വിദ്യാലയത്തിലെ നീരജയുടെ അദ്ധ്യാപകനാണ് ബിജു)