ഐഐടി പ്രവേശന പരീക്ഷയില്‍ വിസ്മയിപ്പിച്ച വിജയം സ്വന്തമാക്കിയ ദരിദ്ര സഹോദരങ്ങള്‍ക്ക് ഉപരിപഠനത്തിന് സാമ്പത്തിക സഹായവുമായി രാഹുല്‍ഗാന്ധി

single-img
21 June 2015

IIT UP

ഐഐടി പ്രവേശന പരീക്ഷയില്‍ വിസ്മയിപ്പിച്ച വിജയം സ്വന്തമാക്കിയ ദരിദ്ര സഹോദരങ്ങള്‍ക്ക് ഉപരിപഠനത്തിന് സാമ്പത്തിക സഹായവുമായി രാഹുല്‍ഗാന്ധി. ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡില്‍ രണ്ടുമുറി മണ്‍കുടിലില്‍ കഴിയുന്ന സഹോദരങ്ങളായ രാജുവും ബ്രിജേഷുമാണ് ഐഐടി പരീക്ഷയില്‍ വന്‍ വിജയം സ്വന്തമാക്കിയത്. ഇവരുമായി രാഹുല്‍ ഫോണില്‍ സംസാരിക്കുകയയും ഈ പ്രദേശത്തു നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗം പ്രമോദ് തിവാരിയോടും അദ്ദേഹത്തിെന്റ മകളും എംഎല്‍ എയുമായ ആരാധനയോടും ഈ കുട്ടികള്‍ക്ക് വേണ്ട പണവും മറ്റു സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ രാഹുല്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

സൂററ്റിലെ ഒരു തുണിമില്ലില്‍ ദിവസകൂലിക്ക് ജോലി ചെയ്യുന്ന ധര്‍മ്മരാജിന്റെ ഏഴു മക്കളില്‍ രണ്ടുപേരാണ് രാജുവും ബ്രിജേഷും. രാജുവിന് 167മത് റാങ്കും ബ്രിജേഷിന് 410മത് റാങ്കുമാണ് ലഭിച്ചത്. എന്നാല്‍ ഇവര്‍ക്ക് എഐടിയില്‍ പഠനം പൂര്‍ത്തിയാക്കണമെങ്കില്‍ 11 ലക്ഷം രൂപയെങ്കിലും വേണമെന്നുള്ളതായിരുന്നു ആ പിതാവിന്റെ വേദന. റെഹുവ ലാല്‍ ഗഞ്ച് എന്ന ഗ്രാമത്തില്‍ പുറമ്പോക്കില്‍ മേല്‍ക്കൂരയായി ടാര്‍പാളിന്‍ വലിച്ചു കെട്ടിയ മണ്‍കൂരയിലാണ് ഇവരുടെ താമസം.

പത്താം ക്ലാസ് പരീക്ഷയില്‍ ഈ സഹോദരന്മാര്‍ക്ക് 95 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്ന തിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചതു മൂലമാണ് പഠനം തുടരാന്‍ സാധിച്ചത്. ജവാഹര്‍ നവോദയ വിദ്യാലയത്തിലാണ് ഇവര്‍ പഠിച്ചത്. സ്‌കൂളിലെ ഉച്ചഭക്ഷണം കൊണ്ടാണ് ഇവര്‍ വിശപ്പടക്കിയത്. ഐഐടിയില്‍ പഠിക്കാന്‍ കഴിഞ്ഞാല്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറാകണം എന്നാണ് പത്തൊന്‍പതുകാരനായ ബ്രിജേഷിന്റെ സ്വപ്നം. കഴിയുമെങ്കില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതണം എന്നുമുണ്ട്. അനുജന്‍ പതിനെട്ടുകാരന്‍ രാജുവിന് എംബിഎ ആണ് സ്വപ്‌നം.