കേരളത്തിലെത്തിയ സ്വന്തം സിനിമയെ വന്‍ വിജയമാക്കി അന്യസംസ്ഥാന തൊഴിലാളികള്‍; കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയ അസമീസ് സിനിമയ്ക്ക് വന്‍ തിരക്ക്

single-img
20 June 2015

Assamis

കേരളത്തില്‍ ഇദംപ്രദമായെത്തിയ അസമീസ് സിനിമ പ്രദര്‍ശന വിജയം നേടി മുന്നേറുന്നു. കണ്ണൂരിലെ ചിറയ്ക്കലിലുള്ള ധനരാജ് ടാക്കീസിലാണ് അന്യസ്ംസ്ഥാന തൊളിലാളികളുടെ ബാഹുല്യം കണക്കിലെടുത്ത് അധികൃതര്‍ അസമീസ് സിനിമ പ്രദര്‍ശനത്തിനെത്തിച്ചത്. സംഭവം വന്‍ വിജയമായി. മോണിംഗ് ഷോ മാത്രമേ ഈ സിനിമയുള്ളുവെങ്കിലും ആ സമയത്ത് തിയേറ്ററില്‍ പ്രതീക്ഷിക്കാത്ത തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

അസമില്‍നിന്നും ഒറീസയില്‍ നിന്നുമൊക്കെയുള്ള അന്യസംസ്ഥാന തൊഴിലാളികളാണ് ചിറയ്ക്കല്‍ പ്രദേശത്ത് കുടുതലുള്ളത്. അവര്‍ക്കുവേണ്ടിയാണ് ഈ തിയേറ്ററില്‍ ഞായറാഴ്ച 10 മണിക്കുള്ള മോണിംഗ് ഷോ മാറ്റിവെച്ചിരിക്കുന്നത്. തിയേറ്ററില്‍ റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ ക്യൂ നിന്ന് ടിക്കറ്റ് എടുക്കാന്‍ തള്ളാണ്.

തിയേറ്ററില്‍ സിനിമ പ്രദര്‍ശനം തുടങ്ങിയതില്‍ പിന്നെ അസം സ്വദേശികള്‍ക്ക് ഒഴിവുദിവസം ഉത്സവം പോലെയാണ്. മലയാളനാട്ടില്‍ സ്വന്തം ഭാഷയിലുള്ള സിനിമ കണ്ട് ആഘോഷിക്കുകയാണ് അവര്‍. സിനിമാ നടനും നിര്‍മ്മാതാവുമായ പ്രകാശ് ബാരെയുടെ അച്ഛന്റെ ഉടമസ്ഥതയിലുളളതാണു ധന്‍രാജ് തിയേറ്റര്‍.