ഒന്നുമില്ലായ്മയില്‍ നിന്നും ജീവിതം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന ഷെമീര്‍ ഒരേസമയം ഒരത്ഭുതവും വരും തലമുറയ്ക്കുള്ള പാഠവുമാണ്

single-img
20 June 2015

DSC_1946

രോഗത്താല്‍ അവശനായി വീട്ടില്‍ തന്നെ കഴിച്ചുകൂട്ടുന്ന പിതാവ്. മാനസികരോഗികളായ മാതാവും സഹോദരനും. പഠിച്ചുകൊണ്ടിരിക്കുന്ന രണ്ട് സഹോദരിമാരും. കുമ്മിള്‍ സ്വദേശിയായ ഷെമീര്‍ എന്ന ചെറുപ്പക്കാരന്‍ ഇന്ന് എടുത്താല്‍ പൊങ്ങാത്ത ഭാരവും ചുമലിലേറ്റി നില്‍ക്കുകയാണ്. അതിരാവിലെ ഉണര്‍ന്നെഴുന്നേറ്റ് പശുവിനെ കറന്നും തെങ്ങില്‍ കയറിയുംകുടുംബത്തെ പോറ്റിയശേഷം പഠനം തുടര്‍ന്ന ഷെമീര്‍ ഇന്ന് പിന്നിട്ട പരീക്ഷകളിലെല്ലാം നല്ല മാര്‍ക്ക് വാങ്ങിക്കൂട്ടി വിസ്മയം സൃഷ്ടിക്കുകയും ചെയ്തു. തന്റെ സ്വപ്‌നമായ സിവില്‍ സര്‍വ്വീസ് എന്ന കടമ്പ കീഴടക്കാനുള്ള മുന്നൊരുക്കത്തോടെ കുതിക്കുന്ന ഷെമീര്‍ ഈ വരുന്ന 23 ന് നടക്കുന്ന കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയുമാണ്.

കുമ്മിള്‍ എന്ന പ്രദേശവും അയല്‍ പ്രദേശങ്ങളും മുഴുവനുമറിയും ഷെമീറിനെ. കാരണം പരുക്കന്‍ ചുറ്റുപാടില്‍ നിന്നുയര്‍ന്നുവന്ന് ജീവിതം വെട്ടിപ്പിടിച്ച വ്യക്തിത്വങ്ങളില്‍ മറ്റൊരുദാഹരണം നാട്ടുകാര്‍ക്ക് മുന്നിലില്ല എന്നുള്ളതു തന്നെ. വിവിധ അസുഖങ്ങളാല്‍ വര്‍ഷങ്ങളായി ചികിത്സയിലുള്ള പിതാവ് അബ്ുദല്‍ സലാമും മാനസിക രോഗത്തിന്റെ പിടിയിലമര്‍ന്ന മാതാവ് സബൂറാ ബീവിയും സഹോദരന്‍ ഇര്‍ഷാദും രണ്ടു സഹോദരിമാരുമായി ജീവിതത്തിന്റെ വൈതരണികള്‍ ചാടിക്കടന്ന് വിജയം വെട്ടിപ്പിടിക്കുന്ന ഷെമീര്‍ ഏവര്‍ക്കും ഒരത്ഭുതമാണ്. ഇന്ന് പെരിങ്ങമല ഇക്ബാല്‍ കോളേജിലെ ചെയര്‍മാനായ ഷെമീര്‍ അവിടെ എത്തിപ്പിടിച്ചത് മറ്റൊരു വിജയമാണ്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജ് യൂണിയന്‍ കെ.എസ്.യുവിന് തിരിച്ചു പിടിച്ചുകൊടുത്ത അവിസ്മരണീയ വിജയം.

മനസ്സ് കൈവിട്ടുപോകുന്ന സമയങ്ങളില്‍ വിവസ്ത്രനായി വീടുവിട്ട് ഓടുന്ന സഹോദരന്‍ ഇര്‍ഷാദിനെ നോക്കാന്‍ തന്റെ അഞ്ചാം വയസ്സില്‍ പഠനം നിര്‍ത്തിയ വ്യക്തിയാണ് ഷെമീര്‍.
പിന്നീട് അയല്‍വാസിയും അധ്യാപകനുമായ താജുദ്ദീന്റെ നിര്‍ബന്ധപ്രകാരവും നാട്ടുകാരുടെ സഹായത്തോടെയും ഷെമീര്‍ പഠനം പുനരാരംഭിക്കുകയായിരുന്നു. മറ്റൊരാശ്രയവുമില്ലാത്ത കുടുംബത്തിനെ കിട്ടുന്ന ജോലികള്‍ ചെയ്ത് പുലര്‍ത്തി പഠിച്ചു മുന്നേറിയ ഷെമീര്‍ എണ്‍പത്തിയഞ്ച് ശതമാനം മാര്‍ക്കോടെയാണ് കുമ്മിള് ഗവര്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ് ടു പൂര്‍ത്തീകരിച്ച് നാടിനെ വിസ്മയിപ്പിച്ചു.

വെളുപ്പിന് നാലരമണിക്ക് ഉണര്‍ന്നെഴുന്നേറ്റ് അയല്‍വീടുകളിലെ പശുവിനെ കറന്നും തെങ്ങില്‍ കയറി തേങ്ങ വെട്ടിയും കിട്ടുന്ന ചെറിയ വരുമാനത്തില്‍ തൂങ്ങി ഷെമീര്‍ വീണ്ടും പഠിച്ചു. പെരിങ്ങമല ഇക്ബാല്‍ കോളേജില്‍ തുടര്‍ പഠനത്തിന് ചേര്‍ന്ന ഷെമീര്‍ ബി കോമിനും 80 ശതമാനം മാര്‍ക്കിന് മുകളിലാണ് പാസായത്. തന്റെ സ്വപ്‌നമായ സിവില്‍ സര്‍വ്വീസിലേക്കുള്ള യാത്രയ്ക്കിടയില്‍ കോളേജ് യൂണിയന്‍ ചെയര്‍മാനായും ഷെമീര്‍ മാറി.

ഇക്കൊല്ലം എം.കോമിന് പഠിക്കുന്ന ഷെമീര്‍ പഠിക്കുന്ന ക്ലാസില്‍ മാത്രമേയുള്ളു മാറ്റം. ജീവിത സാഹചര്യങ്ങളും മറ്റുമെല്ലാം ഒന്നുതന്നെ. എന്നിരുന്നാലും തന്റെ സ്വപ്‌നത്തിന് അരികില്‍ നിന്നുകൊണ്ട് കലാലയത്തിനും ഇനിവരുന്ന വിദ്യാഭ്യാസ തലമുറയ്ക്കും എന്തെങ്കിലും ശചയ്യാന്‍ ആഗ്രഹിക്കുന്നതിനാലാണ് ഷെമീര്‍ ഈ വിദ്യാഭ്യാസ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 23 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചാല്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ അതൊരു വലിയ മാറ്റത്തിന് തുടക്കമാവുമെന്നും ഷെമീര്‍ പ്രത്യാശിക്കുന്നു.

നാടിന്റെ സഹായഹസ്തങ്ങള്‍ കൊണ്ട് ഉയര്‍ന്നു നില്‍ക്കുന്നതാണ് താശനന്നുള്ള ചിന്ത മനസ്സില്‍ സൂക്ഷിക്കുനന് ഷെമീര്‍ തന്റെ സ്വപ്‌നമായ സിവില്‍ സര്‍വ്വീസ് യഥാര്‍ത്ഥ്യമാകുമെന്നുള്ള പ്രതീക്ഷയില്‍ തന്നെയാണ്. ഒന്നുമില്ലായ്മയില്‍ നിന്നും ജീവിതം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന ഷെമീറിന്റെ പ്രയത്‌നങ്ങള്‍ ശുഭപര്യവസായിയാകട്ടെ എന്ന പ്രാര്‍ത്ഥനയിലാണ് നാട്ടുകാരും.