ട്രാഫിക്കില്‍ ശ്വാസം മുട്ടുന്ന കൊച്ചിയ്ക്ക് ആശ്വാസം പകര്‍ന്ന് രാജ്യത്തെ ആദ്യ എ.സി ‘ഡെമു ട്രെയിന്‍ സര്‍വ്വീസ്’ ഞായറാഴ്ച രാവിലെ മുതല്‍ ഓടിത്തുടങ്ങും

single-img
19 June 2015

DEMU

ട്രാഫിക്കില്‍ ശ്വാസം മുട്ടുന്ന കൊച്ചിയ്ക്ക് ആശ്വാസം പകര്‍ന്ന് രാജ്യത്തെ ആദ്യ ‘ഡെമു ട്രെയിന്‍ സര്‍വ്വീസ്’ ഞായറാഴ്ച രാവിലെ മുതല്‍ ഓടിത്തുടങ്ങും. 22ന് പദ്ധതി കമ്മീഷന്‍ ചെയ്യും. എറണാകുളം ജില്ലയിലെ റെയില്‍വേ വികസനം സംബന്ധിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തത്. 30 കോടി രൂപയാണ് ഡെമുവിന്റെ പദ്ധതി ചെലവ്.

രണ്ട് എ.സി കോച്ചുകള്‍ ഉള്‍പ്പെടെ എട്ട് കോച്ചുകളിലായി ആയിരത്തോളം പേര്‍ക്ക് യാത്രചെയ്യാം. സാധാരണ കോച്ചുകളില്‍ പാസഞ്ചര്‍ ട്രെയിന്‍ നിരക്കും എസി കോച്ചുകളില്‍ എസി ലോ ഫ്‌ളോര്‍ ബസ് നിരക്കുമാണ് ഈടാക്കുന്നത്. ഡീസലിലും വൈദ്യുതിയിലും ഒരു പോലെ ഓടാന്‍ കഴിയും എന്നുള്ളതാണ് മെമു സര്‍വീസില്‍ നിന്നും ഡെമുവിനെ വ്യത്യസ്തമാക്കുന്നത്. ഇരുവശത്തും എഞ്ചിനുള്ളതിനാല്‍ ഡെമുവിന് ഷണ്ടിങ്ങിന്റെ കാലതാമസം ഒഴിവാക്കാനാകും എന്ന പ്രത്യേകതയുമുണ്ട്. സിഗ്‌നല്‍ സംവിധാനം ഓട്ടോമാറ്റിക്ക് ആകുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേയെന്ന് അധികൃതര്‍ പറയുന്നു.

രാവിലെ ആറിന് എറണാകുളം സൗത്ത് ജംഗ്ഷനില്‍ നിന്നും തൃപ്പൂണിത്തുറയിലേക്കാണ് ആദ്യയാത്ര. അവിടെ നിന്നും തിരിച്ച് വീണ്ടും സൗത്തിലെത്തി ദിശമാറി നോര്‍ത്ത് സ്‌റ്റേഷന്‍, ഇടപ്പിള്ളി, കളമശേരി, ആലുവ വരെ പോയി തിരിച്ച് 8.30ന് സൗത്തിലെത്തും. അത്തരത്തില്‍ ആലുവയ്ക്കും തൃപ്പൂണിത്തുറക്കും മധ്യേ ദിവസേന നാല് ഷട്ടില്‍ സര്‍വിസുകള്‍ നടത്തുന്ന ഡെമു വൈകുന്നേരം ഒരു ട്രിപ്പ് മാത്രം വടക്കോട്ട് അങ്കമാലി വരെയും തെക്ക് പിറവം റോഡ് വരെയും പോയി മടങ്ങും.

ഡെമു സര്‍വ്വീസ് ആരംഭിക്കുന്നതോടെ ആലുവയില്‍ നിന്ന് തൃപ്പൂണിത്തുറ എത്താന്‍ 40 മിനിറ്റ് മാത്രമേ എടുക്കുള്ളു. മാത്രമല്ല എല്ലാ കോച്ചുകളിലും ബയോടോയ്‌ലറ്റ് സംവിധാനവും ഡെമുവില്‍ ഉണ്ടാകും. കൊച്ചി നഗരത്തിലെ ആഭ്യന്തര സര്‍വീസുകള്‍ ശക്തമാക്കുന്നതിന്റെ ആദ്യ പടിയാണ് ഡെമു സര്‍വീസെന്നും എറണാകുളം റെയില്‍വേ ഗുഡ്‌സ് സ്റ്റേഷനും കൊച്ചിന്‍ ഹാര്‍ബര്‍ ടെര്‍മിനസ് സ്റ്റേഷനും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതോടെ സര്‍വീസ് വ്യാപിപ്പിക്കുമെന്നും ആര്യാടന്‍ അറിയിച്ചു. യോഗത്തില്‍ മന്ത്രി കെ. ബാബു, കെ.വി. തോമസ് എം.പി, എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍ മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.