അനാഥരും നിരാംലംബരുമായവര്‍ക്ക് ജാതിമതഭേദമന്യേ ആഹാരത്തിനായി പ്രതിമാസം 2000 രൂപ നല്‍കുന്ന കാരുണ്യം കളനാട് പദ്ധതിക്ക് തുടക്കമായി

single-img
19 June 2015

donation

ഒരു ഗ്രാമം ഉണരുകയാണ്. ഈ റംസാന്‍ പുണ്യമാസം മുതല്‍ ഒരു നേരത്തെ ആഹാരത്തിനായി ആരുടെ മുന്നിലും കൈനീട്ടുന്ന ഒരു വ്യക്തിപോലും തങ്ങളുടെ നാട്ടിലുണ്ടാകാന്‍ പാടില്ലെന്ന തീരുമാനത്തിലാണ് കാസര്‍ഗോഡ് കളനാട്ടിലെ ജനങ്ങള്‍. സ്വന്തം നാടിനെ യാചകരഹിതമാക്കാനുള്ള പദ്ധതിയുമായി ഒരുനാടുമുഴുവന്‍ ഇറങ്ങുമ്പോള്‍ അതൊരു ചരിത്ര ദൗത്യമാകും.

കാരുണ്യം കളനാടിന്റെ ലക്ഷ്യം വളരെ ലളിതമായ ഒന്നാണ്. ഒരു നേരത്തെ ഭക്ഷണത്തിനായി ആരുടെ മുന്നിലും കൈനീട്ടി നടക്കുന്ന ഒരാളും ഈ ഗ്രാമത്തില്‍ ഉണ്ടാകരുതെന്നുള്ളതാണ് അത്. അതിനായി കളനാട് ഗ്രാമത്തിലെ അറുനൂറിലേറെ വരുന്ന കുടുംബങ്ങളില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരെ കണ്ടെത്തി് അവരില്‍ നിന്നും അനാഥരും നിരാലംബരം രോഗികളുമായവരുടെ പട്ടിക തയ്യാറാക്കി അവര്‍ക്ക് പ്രതിമാസം ആഹാരത്തിനായി 1000 മുതല്‍ 2000 രൂപ വരെ ഭക്ഷണത്തിനായി നല്‍കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

കാരുണ്യം കളനാട് സംഘടനയില്‍ 350 അംഗങ്ങളാണ് ഇപ്പോള്‍ നിലവിലുള്ളത്. സാമ്പത്തിക സഹായത്തിനു പുറമേ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന വിവിധ പദ്ധതികളിലുള്ള സാമ്പത്തിക സഹായങ്ങള്‍ നേടിക്കൊടുക്കുന്നതിനായി ഈ സംഘടനയുടെ നേതൃത്വത്തില്‍ ഒരു കര്‍മ്മസേനയും പ്രവര്‍ത്തിക്കുന്നുണ്ട്. ജാതിമത വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സഹായം ലഭ്യമാക്കുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. ഈ പുണ്യ നോമ്പുകാലത്ത് തുടങ്ങിയ പദ്ധതി അടുത്തുള്ള മറ്റു ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ച് ജനോപകാരപ്രദമാക്കുക എന്നുള്ളതാണ് സംഘടനയുടെ ലക്ഷ്യം.