മദ്യം തകര്‍ത്ത ജീവിതത്തിന്റെ ഇടവേളയ്ക്കു ശേഷമൊരു വീണ്ടുവിചാരത്തിന്റെ കൂടിച്ചേരല്‍

single-img
18 June 2015

Wedding

മദ്യം മൂലം തകര്‍ന്നുപോയ ഒരു കുടുംബത്തിന്റെ ആണിക്കല്ലാണ് പത്തുവര്‍ഷം മുമ്പ് ഇളകിയത്. ഗൃഹനാഥന്‍ മദ്യത്തിനടിമപ്പെട്ട് തന്റെ ജീവിതം തുലയ്ക്കുന്നതുകണ്ട് ഭാര്യയും രണ്ടുമക്കളും വേദനയോടെ ആ വീടിന്റെ പടിയിറങ്ങുകയായിരുന്നു. എന്നാല്‍ ഇന്ന് എല്ലാം മനസ്സിലാക്കി, തന്റെ ദുഃശ്ശീലത്തെ വേരോടെ പിഴുത് കളഞ്ഞ് പുതിയൊരു മനുഷ്യനായി അയാള്‍ തിരിച്ചെത്തിയപ്പോള്‍ ആ കൈപിടിക്കാന്‍ ഭാര്യയും രണ്ടുമക്കളുമെത്തി. ഒരു പുതുജീവിതത്തിന്റെ തുടക്കവുമായി.

കണ്ണൂര്‍ അത്താഴക്കുന്ന് കൊയിലേരിയന്‍ വീട്ടില്‍ മനോഹരനും (48) ഭാര്യ വിറ്റ്‌നയുമാണ് മക്കള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ വിമ്യയെയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ വൈഷ്ണവിനെയും സാക്ഷിയാക്കി വീണ്ടും വിവാഹിതരായത്. കോടതിയുടെ അനുമതിയോടെ കെട്ടിട നിര്‍മാണ ജോലിക്കാരനായ മനോഹരന്‍ മദ്യപാനമെന്ന ദുഃശ്ശീലത്തെ ഒഴിവാക്കി തന്റെ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് വിറ്റ്‌നയെ വീണ്ടും സ്വീകരിക്കുമ്പോള്‍ അറ്റുപോകുമായിരുന്ന ഒരു കണ്ണിയെ മുറുക്കിക്കെട്ടിയ ചാരിതാര്‍ത്ഥ്യമായിരുന്നു അഭിഭാഷകയായ മേരി മാത്യുവിന്റെ മുഖത്ത്.

1999 ഫെബ്രുവരിയിലായിരുന്നു മനോഹരനും വിറ്റനയും വിവാഹിതരായത്. മക്കളായ വിമ്യയും വൈഷ്ണവും ജനിച്ചതോടെ മദ്യത്തിന് അടിമപ്പെട്ട മനോഹരനാല്‍ ആ കുടുംബത്തിന്റെ സ്വന്തത നശിക്കുകയായിരുന്നു. ഏറെക്കാലത്തെ വഴക്കുകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ശേഷം ഇത്തരത്തില്‍ മദ്യപിക്കുന്ന ഭര്‍ത്താവിനൊപ്പം താമസിക്കാനാവില്ലെന്ന് പറഞ്ഞ് തന്റെ മക്കളുമായി വിറ്റന മനോഹരനെ വിട്ടു പോകുകയായിരുന്നു.

വാടകവീട്ടില്‍ താമസമാക്കിയ വിറ്റന നാലു വര്‍ഷം മുന്‍പ് വിവാഹ മോചനം നേടുകയും ചെയ്തു. അതിനുശേഷം മക്കള്‍ക്കായി തനിക്കുകൂടി അവകാശപ്പെട്ട വീട് മനോഹരനില്‍നിന്ന് ഒഴിപ്പിച്ചെടുക്കാനായി വിറ്റ്‌ന കോടതിയെ സമീപിച്ചു. മേരിമാത്യുവായിരുന്നു അഭിഭാഷക. കാര്യങ്ങളെല്ലാം മനസ്സിലാക്കിയ മേരിമാത്യുവിന്റെ ചോദ്യമാണ് വിറ്റനയേയും മനോഹരനേയും ജീവിതത്തെക്കുറിച്ച് വീണ്ടും ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സ്വന്തം മക്കളെ ഓര്‍ത്തു നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഒരുമിച്ചു ജീവിച്ചുകൂടേ എന്ന ചോദ്യത്തിന് ഭര്‍ത്താവ് മദ്യപാനം നിര്‍ത്തിയാല്‍ തനിക്ക് അക്കാര്യത്തില്‍ യാതൊരു എതിര്‍പ്പുമില്ലെന്ന് വിറ്റ്‌ന മറുപടിയും പറഞ്ഞു.

ഇക്കാര്യം മനോഹരനുമായും മേരിമാത്യൂ സംസാരിച്ചു. സ്വന്തം മക്കളുടെ കാര്യത്തില്‍ യാതൊരച്ഛനമുള്ള സ്വാര്‍ത്ഥതപോലെ മനോഹരനുമുണ്ടായിരുന്നു. പുതുജീവിതത്തിലേക്ക് പ്രവേശിക്കാന്‍ തന്റെ കുടുംബശത്ത നശിപ്പിച്ച മദ്യശത്ത ഉപേക്ഷിക്കാന്‍ തീരുമാനിച്ച മനോഹരനെ കുടുംബക്കോടതി ജഡ്ജി പി.എം. അബ്ദുല്‍സത്താറിന്റെ നിര്‍ദേശപ്രകാരം വയനാട് നടവയലിലെ മുക്തി മദ്യപാനരോഗ ചികില്‍സാ കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു.

ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കൂടിയായ സബ്ജഡ്ജി എ.വി. മൃദുല ഇരുവരുമായി സംസാരിച്ച് പുതു ജീവിയത സാഹചര്യം ഒരുക്കിയതിന്റെ അടിസ്ഥാനത്തില്‍ ചികിത്സകഴിഞ്ഞ് പുതുജീവിതത്തില്‍ പുതിയൊരു മനുഷ്യനായെത്തിയ മനോഹരെന സ്വീകരിക്കാന്‍ ഭാര്യയും മക്കളുംപുഞ്ചിരിയോടെ മുന്നിലുണ്ടായിരുന്നു. ഒരു വര്‍ഷം എല്ലാ മാസവും ഇരുവരും കോടതിയില്‍ എത്തി കുടുംബജീവിതം സന്തോഷപ്രദമാണെന്നു ധരിപ്പിക്കുകയെന്ന ഒരു കടമ്പയൊഴിച്ച് ഇനി അവര്‍ക്ക് അവരുടേതായ ലോകമാണ്. അതങ്ങനെതന്നെ നിലനിര്‍ത്തുമെന്ന ഉറപ്പിലാണ് മനോഹരനും.