മീനങ്ങാടി ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ ഒരുവര്‍ഷമായി കെട്ടിക്കിടന്ന് പുഴുത്ത് നശിച്ച ടണ്‍ കണക്കിന് അരി അധികൃതര്‍ നശിപ്പിച്ചു

single-img
18 June 2015

FC

രാജ്യത്ത് കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോഴും പൊതു ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിച്ചു പോകുകയാണ്. മീനങ്ങാടി എഫ്.സി.ഐ. ഗോഡൗണില്‍ കെട്ടിക്കിടന്ന് പുഴുത്തു നശിച്ച ടണ്‍ കണക്കിന് അരിയാണ് കഴിഞ്ഞ ദിവസം അധികൃതര്‍ നശിപ്പിച്ചത്. ഒരു വിധത്തിലും ഉപയോഗിക്കാന്‍ കഴിയാത്ത റേഷനരിതൊഴിലാളികളെ ഉപയോഗിച്ച് മീനങ്ങാടി ഗോഡൗണിന് പിറകിലായി കൊണ്ടുപോയി തള്ളുകയായിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏകദേശം എഴുപത് ചാക്കോളം അരി നശിപ്പിച്ചതായാണ് സൂചന. മീനങ്ങാടി ഗോഡൗണില്‍ ഏകദേശം ഒരു വര്‍ഷമായി സൂക്ഷിച്ചു വെച്ചിരുന്ന അരിയാണ് ഉപയോഗിക്കാന്‍ കൊള്ളാതായതും തുടര്‍ന്ന് നശിപ്പിച്ചതും. സാധാരണ ഗതിയില്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാന്‍ കഴിയാത്ത അരി എഫ്.സി.ഐ. അധികൃതര്‍ ടെണ്ടര്‍ വിളിച്ച് കാലിത്തീറ്റ നിര്‍മ്മിക്കുന്ന കമ്പനികള്‍ക്ക് നല്‍കുകയാണ് പതിവെങ്കിലും ഇവിടെ അങ്ങശനയൊന്നുമുണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.

ജില്ലയിലെ ആദിവാസികളടക്കമുള്ളവര്‍ക്ക് നല്‍കേണ്ട അരി ഉപയോഗപ്രദമാക്കാതെ നശിപ്പിച്ചതിനെക്കുറിച്ചും അരി നശിക്കാനിടയായതിനെക്കുറിച്ചും അന്വേഷണം നടത്തണമെന്നാണ്ഇപ്പോള്‍ മുറവിളിയുയരുന്നത്. ഇതിന് മുമ്പും എഫ്‌സിഐ ഗോഡൗണില്‍ പൂത്തതും പുഴുവരിച്ചതുമായ അരി കണ്ടെത്തിയിട്ടുണ്ട്.

മീനങ്ങാടി എഫ.സി ഗോഡൗണില്‍ നിന്നാണ് ജില്ലയിലെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതിനായി അരി നല്‍കുന്നത്. കോഴിക്കോട് എഫ്.സിഐ. ഗോഡൗണില്‍ നിന്നാണ് മീനങ്ങാടി ഗോഡൗണിലേക്ക് അരി എത്തിക്കുന്നത്.