ചെമ്മണ്ണൂര്‍ ജൂവലറിയില്‍ വെച്ച് ഇസ്മയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ തയ്യാറാക്കിയെങ്കിലും മണിക്കൂറുകള്‍ക്കകം ബോബിയുടെ പേര് ഒഴിവാക്കി പോലീസ് നന്ദികാട്ടി

single-img
18 June 2015

Mamnana

ചെമ്മണ്ണൂര്‍ ജൂവലറിയില്‍വെച്ച് ഇസ്മയില്‍ എന്നായാള്‍ ആത്മഹത്യചെയ്ത കുറ്റത്തിന് ജൂവലറിയുടെ ഉടമ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത തിരൂര്‍ പോലീസ് ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ നിലപാട് മാറ്റി. ബോബിയെ പ്രതിസ്ഥാനത്തു നിന്നുമൊഴിവാക്കി എഫ്.ഐ.ആര്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് പോലീസ്. കഴിഞ്ഞ ദിവസം കേസ് വിവരങ്ങള്‍ സംബന്ധമായി തിരൂര്‍ എസ്.ഐ വിശ്വനാഥന്‍ കാരയിലിനെ ബന്ധപ്പെട്ട ഇ-വാര്‍ത്ത ലേഖകനോട് ബോബിയെ ഒന്നാം പ്രതിയാക്കി കേസെടുത്തുവെന്ന് വെളിപ്പെടുത്തിയിരുന്നു.

തിരുര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിശ്വനാഥന്‍ കാരയിലും ഇ-വാര്‍ത്ത ലേഖകനും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണം കേള്‍ക്കാം.

താനൂര്‍ കെ.പുരം പാട്ടശേരി ഇസ്മായീല്‍ തിരൂരിലെ ബോബി ചെമ്മണ്ണൂര്‍ ജൂവലറിക്കുള്ളില്‍ തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ച് ആശുപത്രിയില്‍ മരണപ്പെട്ട സംഭവത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആറുപേര്‍ക്കെതിരെ തിരൂര്‍ പോലീസ് കേസെടുത്തത്. ജൂവലറി ഉടമയായ ബോബി ചെമ്മണ്ണൂരിനെതിരേയും ജീവനക്കാര്‍ക്കെതിരെയും കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്ന ഇസ്മയിലിന്റെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തതും. ബോബിയുള്‍പ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുത്ത പോലീസ് പക്ഷേ കടുത്ത സമ്മര്‍ദ്ദം മൂലമാണ് ബോബിയെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്നാണ് സൂചന.

ജൂവലറിക്കുള്ളില്‍ വച്ച് പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി ജൂവലറിയ്ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് കാണിച്ച് ജീവനക്കാര്‍ നല്‍കിയ പരാതിയിലും ആത്മഹത്യാ ശ്രമത്തിന് പൊലീസ് സ്വമേധയാ എടുത്തതും ചേര്‍ന്ന് രണ്ടു കേസുകള്‍ സംഭവം നടന്ന് പത്ത് മിനിട്ടിനുള്ളിലെടുത്ത് ‘കഴിവ്’തെളിയിച്ച തീരൂര്‍ പോലീസാണ് ഇസ്മയിലിന്റെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഇത്തരത്തില്‍ ഉരുണ്ട് കളിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇസ്മായീലിന്റെ കുടുംബം ചെമ്മണ്ണൂരിനെതിരേ നല്‍കിയ പരാതില്‍ പോലീസ് കേസെടുക്കാന്‍ നീക്കമാരംഭിച്ചത്. എന്നാല്‍ നടപടി ദിവസങ്ങള്‍ നീണ്ടിട്ടും പോലീസിനു പൂർത്തിയാക്കാനായില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം മധ്യാഹ്നത്തോടെ ജൂവലറി മുതലാളിയായ ബോബിയുള്‍പ്പെടെ ആറു ജീവനക്കാര്‍ക്കെതിരേ കേസെടുക്കാന്‍ തയാറാകുകയായിരുന്നു.

ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ബോബിയും ജൂവലറി ബ്രാഞ്ച് മാനേജരും ജൂവലറിയുടെ രണ്ടു കമ്മീഷന്‍ ഏജന്റുമാരും ഉള്‍പ്പെടെ ആറ് ജീവനക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തത്. കേസിന്റെ കാര്യം അന്വേഷിച്ച് തിരൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിശ്വനാഥന്‍ കാരയിലിനെ ബന്ധപ്പെട്ട ഇ-വാര്‍ത്ത ലേഖകനോട് ബോബിയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുക്കുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ ഇന്ന് കഥമാറിമറിഞ്ഞ് ബോബിയെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ വിവരമാണ് അറിയാന്‍ കഴിയുന്നത്. സമൂഹത്തിലെ ഉന്നതനായ സ്വര്‍ണ്ണവ്യാപാരിയുടെ ഭാഗത്തു നിന്നും മണിക്കൂറുകള്‍ നിണ്ട സമ്മര്‍ദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ എഫ്.ഐ.ആര്‍ അട്ടിമറിക്കപ്പെടുകയായിരുന്നുവെന്നാണ് സൂചന.

ഇന്നലെ ഉച്ചയോടെ തിരൂര്‍ പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരുന്നെങ്കിലും ഇസ്മയിലിന്റെ കുടുംബത്തിന് അതിന്റെ കോപ്പി നല്‍കിയിരുന്നില്ല. എഫ്.ഐ.ആറിന്റെ പകര്‍പ്പ് പരാതിക്കാര്‍ക്ക് സൗജന്യമായി നല്‍കണമെന്നാണ് ചട്ടമെങ്കിലും, അത് ആവശ്യപ്പെട്ട് ഇന്നലെ രാത്രി എട്ടിന് തിരൂര്‍ സ്റ്റേഷനില്‍ എത്തിയ ഇസ്മയിലിന്റെ കുടുംബാംഗങ്ങളെ എഫ്.ഐ.ആര്‍ നല്‍കാമെന്നു പറഞ്ഞ് പൊലീസുകാര്‍ ഒന്നര മണിക്കൂര്‍ സ്റ്റേഷനില്‍ ഇരുത്തിയിരുന്നുവെന്നും ഒടുവില്‍ അത് നല്‍കാതെ മടക്കിയയ്ക്കുകയായിരുന്നുവെന്നും പരാതിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന കേസില്‍ പരാതിക്കാര്‍ ആവശ്യപ്രകാരം പോലീസ് എഫ്.ഐ.ആറില്‍ പേരുള്‍പ്പടുത്തേണ്ടതായിരുന്നുവെന്ന് നിയമവിദഗ്ദര്‍ സൂചിപ്പിക്കുന്നു. തങ്ങളെ തിരിച്ചയച്ചപ്പോള്‍ തന്നെ ഈ കേസിന്റെ കാര്യത്തില്‍ അപകടം മണത്തതാണെന്നും ഇപ്പോള്‍ അത് യാഥാര്‍ത്ഥ്യമായെന്നും ഇസ്മയിലിന്റെ ബന്ധുക്കള്‍ പ്രതികരിക്കുകയും ചെയ്തു.

എഫ്.ഐ.ആര്‍ തിരുത്തിയതിനെതിരെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു സംഭവം കേട്ടുകേള്‍വിപോലും ഇല്ലാത്തതാണെന്നും ഇതിനെതിരെ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് പരാതിനല്‍കുമെന്നും സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് ഇ-വാര്‍ത്തയെ അറിയിച്ചു.