മരിച്ചുപോയ വ്യക്തിയുടെ സ്വത്തില്‍ മാതാവിന് ലഭിക്കുന്ന അവകാശം മാതാവിന്റെ മരണശേഷം അയാളുടെ ഭാര്യയ്ക്കും മക്കള്‍ക്കും മാത്രമായിരിക്കും

single-img
18 June 2015

niyama

ഹിന്ദു കുടുംബങ്ങളില്‍ മകന്‍ മരിച്ചാല്‍ അമ്മയ്ക്ക് അവകാശമായി ലഭിക്കുന്ന സ്വത്തില്‍, അവരുടെ കാലശേഷം മക്കള്‍ക്കെല്ലാം തുല്യാവകാശമായിരുന്നത് മകന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രം കൈമാറ്റപ്പെടും എന്ന ഭേദഗതിയോടെ ഹിന്ദു പിന്‍തുടര്‍ച്ചാവകാശ ഭേദഗതി ബില്‍ തയാറായി. ബില്‍ നിയമസഭയുടെ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും.

മാതാവിന്റെ മരണശേഷം മകന്റെ സ്വത്ത് അയാളുടെ സഹോദരന്‍മാരുകൂടി പങ്കിടുന്നത് അനീതിയാണെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ നിവേദനങ്ങള്‍ സര്‍ക്കാരിനു ലഭിച്ചിരുന്നു. മകന്‍ സമ്പാദിച്ച സ്വത്ത് ഭാര്യക്കും മക്കള്‍ക്കും ചെന്നു ചേരേണ്ടതിനു പകരം അതിലൊരു ഭാഗം സഹോദരങ്ങള്‍ കൈക്കലാക്കുന്നത് ശരിയല്ലെന്ന വാദമാണ് ഇവിടെ ഉയര്‍ന്നുവന്നത്.

‘ഒരു ഹിന്ദു സ്ത്രീക്ക് അവളുടെ മരിച്ച പുത്രനില്‍ നിന്ന് അനന്തരാവകാശിക്കായി ലഭിച്ച ഏതെങ്കിലും വസ്തു ഒന്നാം ഉപവകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റ് അനന്തരാവകാശികള്‍ക്ക്, അതില്‍ നിര്‍ദേശിച്ച പ്രകാരം സംക്രമിക്കുന്നതല്ലാത്തതും എന്നാല്‍ മരിച്ച ഏതു പുത്രനില്‍ നിന്നാണോ അവള്‍ക്കു വസ്തു അനന്തരാവകാശമായി ലഭിച്ചത് ആ പുത്രന്റെ അനന്തരാവകാശികളിലേക്കു സംക്രമിക്കുന്നതുമാകുന്നു’ എന്നാണ് പുതിയ ഭേദഗതി ബില്ലിന്റെ 15ാം വകുപ്പ് രണ്ടാം ഉപവകുപ്പ് ഭേദഗതി ചെയ്തിട്ടുള്ളത്.

1956 ലെ ഹിന്ദു പിന്‍തുടര്‍ച്ചാവകാശ ബില്ലാണ് ഇത്തരത്തില്‍ ഭേദഗതി ചെയ്തിരിക്കുന്നത്. ഇതിനു മുമ്പ്് കുടുംബസ്വത്തും മരിച്ചയാള്‍ സ്വന്തമായുണ്ടാക്കിയ സ്വത്തും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും കിട്ടാത്ത ഒരു സ്ഥിതിവിശേഷമാണുണ്ടായിരുന്നത്.

ഇനി ജൂണ്‍ 29 ന് ചേരുന്ന നിയമസഭ സമ്മേളനത്തില്‍ ഈ നിയമം പാസാകും.