രാജ്യത്തെ സംരക്ഷിക്കാന്‍ യുദ്ധം മാത്രമല്ല പ്രകൃതി സംരക്ഷണവും ആവശ്യമാണെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഇക്കോളജിക്കല്‍ ടാസ്‌ക് ഫോഴ്‌സ് വിഭാഗം

single-img
16 June 2015

Eco Tsk Foce

സൈനികര്‍ രാജ്യത്തിന്റെ കാവല്‍ക്കാരാണ്. രാജ്യത്തെ രക്ഷിക്കുവാനായി സ്വന്തം ജീവന്‍ നല്‍കി കാവല്‍നില്‍ക്കുന്നവര്‍. എന്നാല്‍ യുദ്ധത്തില്‍ മാത്രമല്ല, ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും പ്രധാനചമായ പ്രകൃതി സംരക്ഷണത്തിലും തങ്ങളുടെ മികവ് തെളിയിച്ച് ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണ് ഇന്ത്യന്‍ സൈന്യത്തിലെ ഇക്കോളജിക്കല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന പരിസ്ഥിതി ദൗത്യ സേന.

ഉത്തരാഖണ്ഡിലെ പിത്തോറഗഢ് ജില്ലയിലെ 130 ഇന്‍ഫന്‍ട്രി ബറ്റാലിയനിലെ ജവാന്‍മാരാണ് ഈ സൈനിക വിഭാഗത്തിന്റെ കരുത്ത്. തങ്ങളുടെ നഴ്‌സറിയില്‍ വികസിപ്പിച്ചെടുത്ത ചെടികള്‍ ഉപയോഗിച്ച് ഉത്തരാഖണ്ഡിലെ കുമയൂണ്‍ മേഖലയില്‍ മരങ്ങള്‍ നട്ടുവളര്‍ത്തുകയും അവയെ ജീവനെപ്പോലെ പരിപാലിച്ച് ഈ പ്രദേശം വൃക്ഷങ്ങളാല്‍ നിറയ്ക്കുകയുമാണ് ഈ സൈനിക ദളം.

20 വര്‍ഷത്തിനിടെ 15,000 ഹെക്ടര്‍ ഭൂമിയില്‍ ഒന്നരക്കോടി മരങ്ങള്‍ നട്ടുവളര്‍ത്തി ഹരിതാഭമാക്കിയ പരിസ്ഥിതിദൗത്യസേന പ്രതിരോധ മന്ത്രാലയത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ്. ലോകത്തുതന്നെ പരിസ്ഥിതി സംരക്ഷണത്തിനുള്ള ഏക സേനയും ഇതുതന്നെ. ഇന്ത്യയില്‍ ഇത്തരത്തിലുള്ള നാല് സേനകളാണ് നിലവിലുള്ളത്. ഉത്തരാഖണ്ഡില്‍ രണ്ടും ജമ്മുകശ്മീരിലും രാജസ്ഥാനിലും ഓരോന്നുവീതവുമാണത്.

കുമയൂണ്‍ ബറ്റാലിയനുകീഴീല്‍ ആയിരം ഹെക്ടറില്‍ പരന്നുകിടക്കുന്ന രണ്ട് നഴ്‌സറികളില്‍ ഉത്പാദിപ്പിക്കുന്ന തൈകള്‍ നട്ട് വനവത്കരണം നടത്തുകയെന്നുള്ളതാണ് ഈ സൈന്യത്തിന്റെ ദൗത്യം. വര്‍ഷത്തില്‍ എട്ടുമാസം ജോലി നാലുമാസം വീട് എന്ന രീതിയില്‍ പട്ടാളത്തില്‍നിന്ന് വിരമിച്ചവരാണ് ഈ പ്രാദേശികസേനയില്‍ അംഗങ്ങളാകുന്നത്. ഒരു മേഖലയില്‍ നാലുവര്‍ഷത്തോളം പ്രവര്‍ത്തിച്ച് അവിടെ നട്ട ചെടികള്‍ വളര്‍ന്ന് വലുതായാല്‍ പ്രാദേശിക ഭരണകൂടത്തിന് കൈമാറി അടുത്ത സ്ഥലത്തേക്ക് പോകുകയാണ് ഇവര്‍ ചെയ്യുക.

ചെടികള്‍ നട്ട് അവയ്ക്ക് വേലികെട്ടുക, വെള്ളമൊഴിക്കുക, വളമിടുക, ആ ചെടികളെ കാലികളില്‍നിന്നും മനുഷ്യരില്‍നിന്നും സംരക്ഷിക്കുക. തുടങ്ങിയ ദൗത്യങ്ങളുമായ മുഴുവന്‍ സമയവും ഈ സൈനികര്‍ കര്‍മ്മനിരതരാണ്. 1980ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് കാര്‍ഷിക- സമ്പത്തിക ശാസ്ത്രജ്ഞനായ നോര്‍മന്‍ ബോര്‍ലോഗിന്റെ ഉപദേശമനുസരിച്ച് പരിസ്ഥിതി ദൗത്യ സേനയ്ക്ക് രൂപം നല്‍കിയത്.

ഗഡ്‌വാള്‍ റെജിമെന്റിന് കീഴിലാണ് ഈ സൈനിക ദളം പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ആസ്ഥാനം ഡെറാഡൂണ്‍ ആണ്. മരുഭൂമികളാല്‍ സമ്പന്നമായ രാജസ്ഥാനില്‍ ജല സംരക്ഷണ വനവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജയ്‌സാല്‍മീര്‍ ആസ്ഥാനമായി ഒരു സേനയും 1988ല്‍ ജമ്മുകശ്മീരിലും 1994ല്‍ പിത്തോറഗഢിലുമായി രണ്ടു സേനകളും പ്രതിരോധ വകുപ്പ് രൂപീകരിച്ചിട്ടുണ്ട്.