സാധാരണക്കാരന്റെ ജീവന്‍വെച്ച് കളിച്ച് കാലത്തിനുമുന്നേ സഞ്ചരിച്ച് മരുന്നുകമ്പനികള്‍; 2015 ജൂണില്‍ വിപണിയിലുള്ള മരുന്ന് നിര്‍മ്മിച്ചത് 2016 ഏപ്രിലില്‍

single-img
15 June 2015

10369724_10207068477096283_1401079104860424027_n

ജീവന്‍ രക്ഷയ്ക്കുള്ള ഔഷധങ്ങള്‍ പോലും വിപണിയില്‍ വില്‍ക്കുന്നത് അധികൃതരുടെ മതിയായ പരിശോധനയില്ലാതെ. പല ഔഷധ നിര്‍മ്മാണ കമ്പനികളും ആരോഗ്യവകുപ്പിന്റെ ഒരു മാനദണ്ഡവും പാലിക്കാതെയാണ് തങ്ങളുടെ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ വിതരണം ചെയ്യുന്നത്. തെറ്റായിട്ടുള്ള മാനുഫാക്ചറിങ് തീയതിയും എക്‌സ്‌പെയറി തീയതിയും ഔഷധങ്ങളില്‍ പ്രിന്റ്‌ചെയ്ത് വരുന്നത് മൂലം ജീവന്‍ രക്ഷിക്കാന്‍ മരുന്നുകള്‍ കഴിക്കുന്നവരില്‍ പലര്‍ക്കും ഗുരുതരമായ മറ്റു രോഗങ്ങള്‍ ബാധിച്ച് ജീവന്‍ തന്നെ നഷ്ടമാകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്.

വിശാല്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ പാരാസെറ്റമോള്‍ ഗണത്തില്‍പ്പെട്ട ഗുളികകളാണ് ഈ രീതിയില്‍ വിപണിയില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. ഗുളികകളുടെ കവറിന്റെ പറമേ മാനുഫാക്ചറിങ് തീയതിയായി പ്രിന്റ് ചെയ്തിട്ടുള്ളത് 2016 ഏപ്രില്‍ മാസമാണ്. 2015 പകുതിയാകുന്നതിന് മുമ്പേ തന്നെ അടുത്ത വര്‍ഷം നാലാം മാസത്തില്‍ നിര്‍മ്മിച്ച പനിക്കും സന്ധിവേദനയ്ക്കുമൊക്കെ ഉപയോഗിക്കുന്ന മരുന്ന് വിപണിയിലിറക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പ്രസ്തുത കമ്പനി.

വിപണിയിലിറക്കുന്ന ഓരോ ഔഷധങ്ങളും ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡും ആരോഗ്യ വകുപ്പും പരിശോധിക്കണമെന്നാണ് നിയമമെങ്കിലും ഇവിടെ അതൊന്നും നടന്നതായി കാണുന്നില്ല. ഇത്തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്ന രോഗികള്‍ക്ക് ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്ന് മാത്രമല്ല, ഗുരുതരമായ പാര്‍ശ്വഫലങ്ങളുമുണ്ടാകുമെന്ന് ആരോഗ്യവകുപ്പിലെ വിദഗ്ദര്‍ പറയുന്നു. ഇത്തരത്തില്‍ പരിശോധനയില്ലാതെ വിപണിയിലിറക്കുന്ന കാലത്തിനു മുമ്പേ സഞ്ചരിചച് മരുന്നുകള്‍ ആന്റിബയോട്ടിക്കുകളാണെങ്കില്‍ അത് ഉപയോഗിക്കുന്നവര്‍ക്ക് മരണം വരെ സംഭവിക്കാമെന്നും അവര്‍ സൂചിപ്പിക്കുന്നു.

മാനുഫാക്ചറിങ് തീയതി തന്നെ തെറ്റായിട്ടുള്ള ഇത്തരം മരുന്നുകളുടെ എക്‌സപെയറി തീയതി ഒരിക്കലും കണക്കുകൂട്ടിയെടുക്കാന്‍ കഴിയില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. എക്‌സ്‌പെയറി കഴിഞ്ഞ മരുന്നുകള്‍ പുതുതായി പായ്ക്ക് ചെയ്ത് വില്‍ക്കുന്ന ഒരു വന്‍ ലോബി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ നീക്കങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള ‘ജീവന്‍ നശീകരണ’ മരുന്നുകള്‍ വിപണിയിലെത്തുന്നതെന്നുമാണ് ആരോഗ്യരംഗത്തെ പ്രമുഖര്‍ സൂചിപ്പിക്കുന്നത്. എക്‌സപെയറി കഴിഞ്ഞുപോയെന്ന പരാതി മറികടക്കാന്‍ മാനുഫാക്ചറിങ് ഡേറ്റ് വര്‍ഷങ്ങള്‍ കൂട്ടിയെഴുത്തുനന് രീതിയും ഈ ലോബി പിന്‍തുടരുന്നുണ്ട്.

കേന്ദ്രസര്‍ക്കാര്‍ ജന്‍ ഔഷധ് പോലുള്ള ജനോപകാരപ്രദമായ കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചെയ്യുന്നുണ്ടെങ്കിലും ഇത്തരത്തില്‍ ജീവന് ആപ്ത്കരമായ കാര്യങ്ങള്‍ ഔഷധ നിര്‍മ്മാണ മേഖലയില്‍ ഉയര്‍ന്നുവന്നിരിക്കേ ജീവന്‍ രക്ഷാമരുന്നുകള്‍ പോലും എന്ത് വിശ്വസിച്ച് കഴിക്കണമെന്ന ചിന്തയിലാണ് സാധാരണക്കാര്‍.