വിക്കറ്റ് വേട്ടയില്‍ പാക് ഇതിഹാസ താരം വസിം അക്രത്തെ പിന്തള്ളി ഹര്‍ഭജന്‍ സിംഗ്

single-img
15 June 2015

Harbhajan Singhരണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും ഇന്ത്യന്‍ ടീമിലെത്തിയ ഹര്‍ഭജന്‍ സിംഗ് കളിച്ച ആദ്യ ടെസ്റ്റില്‍ തന്നെ വിക്കറ്റ് വേട്ടയില്‍ പാക് ഇതിഹാസം വസീം അക്രത്തെ പിന്‍തള്ളി. ബംഗ്ലാദേശിനെതിരെ തന്റെ 102മത്തെ ടെസ്റ്റ് കളിച്ച ടര്‍ബണേറ്റര്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളര്‍മാരില്‍ ഒമ്പതാം സ്ഥാനത്തെത്തിയാണ് റിക്കോര്‍ഡ് സ്വന്തമാക്കിയത്.

ഫത്തുല്ല ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റുകള്‍ ഹര്‍ഭജന്‍ നേടിയതോടെ അദ്ദേഹത്തിന്റെ വിക്കറ്റ് നേട്ടം 416 ആയി ഉയര്‍ന്നു. അക്രത്തിന് 104 ടെസ്റ്റില്‍ 414 വിക്കറ്റുകളാണ് സവന്തമായുള്ളത്. 17.5 ഓവറില്‍ 64 റണ്‍സ് വഴങ്ങിയായിരുന്നു ഹര്‍ഭജന്റെ മൂന്ന് വിക്കറ്റ് നേട്ടം. ബംഗ്ലാ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷഹീദിനെ വിക്കറ്റ് സവന്തമാക്കിയാണ് ഹര്‍ഭജന്‍ ഒന്‍പതാം സ്ഥാന നേട്ടം സ്വന്തമാക്കിയത്.

മുപ്പത്തിനാലുകാരനായ ഹര്‍ഭജന്‍ മാത്രമാണ് വിക്കറ്റ് വേട്ടയില്‍ ആദ്യ പത്തില്‍ നിലവില്‍ കളിക്കുന്ന ഒരേയൊരാള്‍. 619 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുള്ള അനില്‍ കുംബ്ലെയും 434 വിക്കറ്റുമായി ആറാമതുള്ള കപില്‍ ദേവുമാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.