ഷോക്കേറ്റ് കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കാതെ മരണത്തിലേക്ക് തള്ളിയിട്ട ഓട്ടോറീക്ഷകള്‍ക്കെതിരെ യുവാക്കളുടെ ഫഌക്‌സ് ബോര്‍ഡ്

single-img
13 June 2015

Flex

അപകടത്തില്‍പ്പെട്ട് കിടന്ന യുവാവിെന സഹായിക്കാന്‍ സാഹചര്യമുണ്ടായിട്ടും സഹായിക്കാത്ത ഓട്ടോറീക്ഷകള്‍ക്കെതിരെ ഒരുകൂട്ടം ചെറുപ്പക്കാരുടെ പ്രതിഷേധ ബോര്‍ഡ്. മൂവാറ്റുപുഴയ്ക്കടുത്തു തൃക്കളത്തൂരിലാണ് ഈ വ്യത്യസ്ത സംഭവം.

ജൂണ്‍ 10ന് തൃക്കളത്തൂര്‍ ചിറ പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് ടൈല്‍ പാകുന്നതിനിടയില്‍ കൂനന്മാവ് മേച്ചേരില്‍ മന്മഥന്റെ മകന്‍ 21 വയസ്സായ വിഷ്ണുവിന് ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ വിഷ്ണുവിനെ രക്ഷിക്കാന്‍ കൂടെ ജോലി ചെയ്ത്‌വര്‍ സമീപത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓടിയെത്തി സഹായം അഭ്യര്‍ഥിച്ചിരുന്നു. പക്ഷേ, ഈ സമയം നാല് ഓട്ടോറിക്ഷകള്‍ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നെങ്കിലും ഒന്നു പോലും വിഷ്ണുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയില്ല. ഒടുവില്‍ അതു വഴി വന്ന മറ്റൊരു വണ്ടിയില്‍ അരമണിക്കൂറോളം താമസിച്ച് വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷോക്കേറ്റ വ്യക്തിയെ പത്തു മിനിറ്റ് മുമ്പേയെങ്കിലും എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്ന ഡോക്ടര്‍മാരുടെ പരാമര്‍ശമത്താടെ ഓട്ടോക്കാര്‍ക്കക്കെതിരെയുള്ള ജനരോഷം അണപൊട്ടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഈ നാല് ഓട്ടോകളുടെ പേരെടുത്ത് സൂചിപ്പിച്ച് യുവാക്കള്‍ ഫ്‌ളെക്‌സ് വയ്ക്കുവാന്‍ തീരുമാനിച്ചത്.

നാല് ഓട്ടോറിക്ഷയുടെ പേരും നമ്പറും സഹിതമാണ് ബോര്‍ഡ് വെച്ചിരിക്കുന്നത്. കൂട്ടത്തില്‍ നല്ലവരായ ഓട്ടോറിക്ഷാ തൊഴിലാളികളോട് ക്ഷമയും ചോദിച്ചിട്ടുണ്ട്. 100 രൂപയ്ക്കു വേണ്ടി ബിവറേജസ് ഷോപ്പില്‍ ക്യൂ നിന്ന് മദ്യം വാങ്ങി എത്തിച്ചുകൊടുക്കാന്‍ മടിയില്ലാത്തവരാണ് ഒരു മനുഷ്യജീവനു നേരെ മുഖം തിരിച്ചതെന്ന് ബോര്‍ഡില്‍ സൂചിപ്പിക്കുന്നു.

സോഷ്യല്‍ മീഡിയകള്‍ വഴി ഈ ബോര്‍ഡ് രപചരിക്കുകയാണ്.