പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനിടെ യുവതി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പ്രസവിച്ചു; ആശുപത്രിയിലറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കാതെ കിടന്ന അമ്മയേയും കുഞ്ഞിനേയും ഫയര്‍ഫോഴ്‌സ് ആശുപത്രിയിലെത്തിച്ചു

single-img
13 June 2015

Born Baby

പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനിടെ യുവതി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പ്രസവിച്ചു. ആശുപത്രിയില്‍ അറിയിച്ചിട്ടും ആരുമെത്താതിരുന്നതു മൂലം അഗ്‌നിശമന സേനാംഗങ്ങള്‍ പൊക്കിള്‍ക്കൊടി മുറിക്കാതെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ട കുഞ്ഞ് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഇന്നു രാവിലെ 7.30ന് നിലമ്പൂര്‍ സ്വദേശിനി സുമ (29) യാണ് തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ശുചിമുറിയില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. 11 വയസുകാരിയായ മകളോടൊപ്പമാണ് യുവതി സ്റ്റാന്റിലെത്തിയത്. ശുചിമുറിയില്‍ കയറിയ യുവതി പ്രസവവേദന മൂലം നിലവിളിച്ചപ്പോള്‍ ഡിപ്പോ അധികൃതരും യാത്രക്കാരും വിവരം ജില്ലാ ആശുപത്രിയില്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഈ സമയം ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലെന്നായിരുന്നു ആശുപത്രിയില്‍ നിന്നുള്ള മറുപടി.

വിവരമറിഞ്ഞ് അഗ്നിശമന സേന പാഞ്ഞെത്തി യാത്രക്കാരെ സമീപത്തു നിന്നൊഴിപ്പിച്ചു. എന്നാല്‍ പൊക്കിള്‍ക്കൊടി ബന്ധം മുറിയാത്തതിനാല്‍ യുവതിയെ ആശുപത്രിയിലെത്തിക്കുന്നത് എങ്ങനെയെന്നറിയാതെ അവര്‍ വിഷമിക്കുകയായിരുന്നു. വേശറ വഴിയില്ലാത്തതിനാലും സമയം കഴിയുന്തോറും അമ്മയുടേയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാകുമെന്നുള്ളതിനാലും പൊക്കികൊടി മുറിയാതെ തന്നെ യുവതിയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ കയറ്റി അഗ്നി ശമന സേന ജില്ലാ ആശുപത്രിയിലേക്ക് പായുകയായിരുന്നു.

ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം ഡോക്ടര്‍മാര്‍ ആംബുലന്‍സിനുള്ളില്‍ കയറി പൊക്കിള്‍കൊടി മുറിച്ചശേഷം അമ്മയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരും സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പക്ഷേ കുഞ്ഞിനെ തനിക്കു വേണ്ടെന്ന നിലപാടാണ് സുമയുടേതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.