മഫ്ത ധരിക്കുന്നത് ഒഴിവാക്കണമെന്ന് പ്രധാന അദ്ധ്യാപികയുടെ നിര്‍ദ്ദേശം; ബംഗളൂരുവിലെ കേരള സമാജത്തിന്റെ ജൂബിലി സ്‌കൂളില്‍ നിന്നും മലപ്പുറം സ്വദേശിനി ഷാഹിന രാജിവെച്ചു

single-img
12 June 2015

bengaluruമഫ്ത ധരിക്കുന്നത് ഒഴിവാക്കണമെന്ന പ്രധാന അദ്ധ്യാപികയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യുവതി സ്‌കൂള്‍ അധ്യാപന ജോലി രാജിവെച്ചു. ബംഗളൂരുവിലെ കേരള സമാജത്തിന്റെ ജൂബിലി സ്‌കൂളില്‍ നിന്നും മഫ്ത ധരിക്കാന്‍ അനുവദം ലഭിക്കാത്തതിനെതുടര്‍ന്ന് മലപ്പുറം സ്വദേശി ഷാഹിനയാണ് രാജിവെച്ചത്.

ജൂബിലി സ്‌കൂളില്‍ കഴിഞ്ഞ മാസമാണ് ഷാഹിനയ്ക്ക് ജോലി ലഭിച്ചത്. തുടക്ക ദിനത്തില്‍ തന്നെ മഫ്ത ധരിച്ച് സ്‌കൂളിലെത്തിയ ഷാഹിനയോട് അത് ഒഴിവാക്കാനും മതപരമായ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നതിനോട് സ്‌കൂള്‍ മാനേജ്‌മെന്റിന് യോജിപ്പില്ലെന്നും പ്രധാനാദ്ധ്യാപിക അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശിരോവസ്ത്രം ഒഴിവാക്കാന്‍ കഴിയാത്തതിനാല്‍ ഷാഹിന സ്‌കൂളില്‍ നിന്നും അന്ന് തന്നെ രാജിവെക്കുകയായിരുന്നു.

തനിക്ക് ഏറെ പ്രതീക്ഷയോടെ ലഭിച്ച ജോലിയായിരുന്നു ഇതെന്നും എന്നാല്‍ മഫ്തയുടെ പേരില്‍ ജോലി ഒഴിവാക്കേണ്ടി വന്നത് വളരെ പ്രയാസമുണ്ടാക്കിയെന്നും ഷാഹിന പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും ഇക്കാര്യം ചൂണ്ടിക്കാട്ടി ഷാഹിന പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഷാഹിന ആരോടും ചോദിക്കാതെയാണ് രാജിവെച്ചതെന്നും യഥാര്‍ത്ഥത്തില്‍ അപ്പോയ്‌മെന്റ് ഓര്‍ഡര്‍ നല്‍കിയിരുന്നില്ലെന്നും കാട്ടി മാനേജ്‌മെന്റ് പ്രതിനിധികള്‍ രംഗത്തെത്തി. പ്രധാനാധ്യാപിക നല്‍കിയ നിര്‍ദേശം പെണ്‍കുട്ടി തെറ്റിദ്ധരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അവര്‍ അറിയിച്ചു.