പട്ടിമറ്റം എന്ന സ്ഥലപ്പേരിന് അന്തസ് ഇല്ലാത്തതിനാല്‍ പഞ്ചായത്തിന്റെ പേരായി അത് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി

single-img
12 June 2015

1009739_355716461222215_286804901_nകുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളില്‍ നിന്നായി എട്ട് വാര്‍ഡുകള്‍ ചേര്‍ത്തുണ്ടാക്കുന്ന പുതിയ പഞ്ചായത്തിന് പട്ടിമറ്റം എന്ന പേരുവേണ്ടെന്ന് പട്ടിമറ്റം സ്വദേശി കെ.എസ്. രവീന്ദ്രന്‍നായരുടെ ഹര്‍ജി. കുറേക്കൂടി ആന്തസ്സുള്ള പേരിടണമെന്ന ആവശ്യമായാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയില്‍ ‘പട്ടി’ എന്ന വാക്കിന് നായ എന്നു മാത്രമല്ല, പൗരുഷം നശിച്ചവന്‍, വ്യഭിചാരി എന്നീ അര്‍ഥങ്ങളുമുണ്ടെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ടുതന്നെ ഈ നാട്ടില്‍ താമസിക്കുന്നവര്‍ക്കും പുറത്തുള്ളവര്‍ക്കും പട്ടിമറ്റം എന്ന പേര് ഒരുപോലെ മടുപ്പുളവാക്കുന്നതാണെന്നും അദ്ദേഹം വാദിക്കുന്നു. മാത്രമല്ല, കൈതക്കാട് കരയുള്‍പ്പെടുന്ന പുതിയ പഞ്ചായത്തിനു ‘കൈതക്കാട്’ എന്നു പേരിടാമെന്നുള്ള നിര്‍ദ്ദേശവുമുണ്ട്. പണ്ടിവിടെയുണ്ടായിരുന്ന കള്ളുഷാപ്പില്‍ നിന്നു കുടിയന്‍മാര്‍ മുറ്റത്തേക്കു വലിച്ചെറിയുന്ന എല്ലിനു വേണ്ടി തെരുവുനായ്ക്കള്‍ കടിപിടി കൂടാനെത്തുന്നതിനാലാണ് ‘പട്ടിമുറ്റം’ എന്നു പേരു വീണെന്നും പിന്നീടത് ലോപിച്ച് ‘പട്ടിമറ്റം’ ആയെന്നുമാണ് ഹര്‍ജ്ജിക്കാരന്റെ വാദം.

ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയാണ് ഹര്‍ജി പരിഗണിക്കുന്നത്. കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിലെ നാലു വാര്‍ഡുകള്‍ വീതം കൂട്ടിച്ചേര്‍ത്തുള്ള പുതിയ പഞ്ചായത്തിനു പ്രാഥമിക വിജ്ഞാപനത്തില്‍ ‘പട്ടിമറ്റം’ എന്നാണു പേര് നല്‍കിയിരിക്കുന്നത്. പ്രദേശത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും സാംസ്‌കാരിക പൈതൃകവും ഉള്‍ക്കൊള്ളുന്ന പുതിയ പേരിടാന്‍ പഞ്ചായത്തീരാജ് നിയമപ്രകാരം സര്‍ക്കാരിനു അധികാരമുണ്ട്.

എന്നാല്‍ പഞ്ചായത്തിനു കൈതക്കാട് എന്നു പേരിടാന്‍ നിവേദനം നല്‍കിയെങ്കിലും നടപടിയില്ലെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്. എന്തായാലും ഹര്‍ജിയില്‍ സര്‍ക്കാരിനും ഡീലിമിറ്റേഷന്‍ കമ്മിഷനും തിരഞ്ഞെടുപ്പു കമ്മിഷനും കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകള്‍ക്കും കോടതി നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.