യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പരാതിയില്‍ കേസെടുക്കാത്ത പോലീസിനെ നാട്ടുകാര്‍ മര്‍ദ്ദിച്ച് ഓടയിലിട്ടു

single-img
12 June 2015

odisha-police-attack
യുവതിയെ ഗര്‍ഭിണിയാക്കിയ പ്രതിക്കെതിരെ യുവതി നല്‍കിയ പരാതി സ്വീകരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസുകാരെ ചേരിനിവാസികള്‍ മര്‍ദ്ദിച്ച് ഓടയില്‍ തള്ളിയിട്ടു. ഒഡീഷ ഹാല്‍ഡിപ്പാടയിലെ ഒരു കൂട്ടം ചേരിനിവാസികളാണ് ലക്ഷ്മിസാഗര്‍ സ്‌റ്റേഷനിലെ പോലീസുകാരെ ഇക്കാരണത്തില്‍ മര്‍ദ്ദിച്ച് ഓടയില്‍ തള്ളിയിട്ടത്. ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് രജത് റേ, എസ്.ഐ അശോക് ഹന്‍സ്ഡ എന്നിവരായിരുന്നു സ്ത്രീകളുള്‍പ്പെടെയുള്ള ജനക്കൂട്ടത്തിന്റെ രോഷത്തിന് പാത്രമായത്.

പ്രസ്തുത ചേരിയിലെ തന്നെ താമസക്കാരനായ സന്തോഷ് ജെന എന്ന വ്യക്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. ഇതിനെതുടര്‍ന്ന് പരാതിയുമായി പെണ്‍കുട്ടിയും രക്ഷിതാക്കളും സ്‌റ്റേഷനിലെത്തിയിരുന്നെങ്കിലും പോലീസുകാര്‍ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും ബന്ധുക്കളും വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

എന്നാല്‍ അടുത്ത ദിവസം സന്തോഷ് ജെന തന്റെ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീവെച്ച് കൊല്ലാന്‍ ശ്രമിക്കുകയും നാട്ടുകാര്‍ വിവരമറിഞ്ഞ് സംഘടിച്ചെത്തി സന്തോഷിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. നാട്ടുകാര്‍ പ്രതിയെ കൈാര്യം ചെയ്യുന്ന സമയത്ത് പ്രതിയെ രക്ഷിക്കാനെത്തിയ പോലീസുകാരെയാണ് ചേരിനിവാസികള്‍ മര്‍ദ്ദിച്ച് ഓവുചാലില്‍ തള്ളിയിട്ടത്.

ഈ സംഭവത്തില്‍ ഒരു സ്ത്രീയടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും 28 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പ്രാദേശിക മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയകള്‍ വഴിയും സംഭവത്തിന്റെ ചിത്രങ്ങള്‍ പുറത്തായതോടെ പ്രസ്തുത സംഭവവും വിവാദമായിട്ടുണ്ട്.