സി.ഐ.എസ്.എഫ് ജവാനെ വെടിവെച്ചത് സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകാന്‍ വിസമ്മതിച്ച ഫയര്‍മാന്‍; ഐ.ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി

single-img
12 June 2015

CISFകഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷത്തില്‍ സി.ഐ.എസ്.എഫ് ജവാനെ വെടിവച്ചത് എയര്‍പോര്‍ട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെ ഫയര്‍ സര്‍വീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണെന്ന് ഇന്റലിജന്‍സ് ബ്യൂറോ. ഐ.ബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നേരത്തെ സി.ഐ.എസ്.എഫ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലും ഇങ്ങനെ തന്നെയാണ് വ്യക്തമാക്കുന്നത്.

എന്നാല്‍ എയര്‍പോര്‍ട്ടിലെ വെടിവയ്പ് ആകസ്മികമായിരുന്നു എന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ സുരേന്ദര്‍ സിംഗിനെ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും വെടിവെയ്പ്പിനെ തുടര്‍ന്നുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സി.ഐ.എസ്.എഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കഴിഞ്ഞദിവസം രാത്രി 9.40ഓടെയാണ് സംഭവമുണ്ടായതെന്നാണ് പറയുന്നത്. സബ് ഇന്‍സ്‌പെക്ടറായ എസ്.ആര്‍. ചൗധരിയും ഒരു കോണ്‍സ്റ്റബിളുമാണ് സുരക്ഷാ പരിശോധന നടത്തിവന്നതെന്നും എന്നാല്‍ പരിശോധനയ്ക്ക് വിധേയനാകാന്‍ എയര്‍പോര്‍ട്ട് അതോറിട്ടിയുടെ ഫയര്‍ സര്‍വീസിലെ ഉദ്യോഗസ്ഥന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ 15 സഹപ്രവര്‍ത്തകരുമായി മടങ്ങിയെത്തിയ ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍. ചൗധരിയെ കൈയേറ്റം ചെയ്യുകയായിരുന്നു.

കയ്യേറ്റത്തിനിടെ ചൗധരിയുടെ കൈത്തോക്ക് ഒരു ഫയര്‍മാന്‍ പിടിച്ചുവാങ്ങി വെടിവച്ചതോടെയാണ് ചൗധരിയുടെ കൈക്കും ഹെഡ്‌കോണ്‍സ്റ്റബിള്‍ എസ്.എസ്. യാദവിന്റെ തലയ്ക്കും വെടിയേറ്റത്. ഉടന്‍തശന്ന ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ സമയത്ത് യാദവ് മരിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.