ഇന്ത്യയില്‍ നിന്നുള്ള ഏതു ആക്രമണവും ചെറുക്കാന്‍ തയാറാണെന്ന പാക് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന ഇന്ത്യയുടെ തിരിച്ചടി കണ്ട ഭയത്തില്‍ നിന്നുണ്ടായതാണെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

single-img
11 June 2015

IMG-20150610-WA0006

ഇന്ത്യയുടെ തിരിച്ചടി കണ്ട് ഭയന്നവരുടെ പ്രതികരണങ്ങളാണ് ഇപ്പോള്‍ പാകിസ്ഥാനില്‍ നിന്നും വരുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇന്ത്യയില്‍ നിന്നുള്ള ഏതു കടന്നാക്രമണവും ചെറുക്കാന്‍ തയാറാണെന്ന പാക് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ പുതിയ തിരിച്ചടി കണ്ടു ഭയപ്പെട്ടുണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.

മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ചൊവ്വാഴ്ച തീവ്രവാദികള്‍ക്കെതിരെ നടത്തിയ രഹസ്യ ഓപ്പറേഷന്‍ നിലവിലെ സുരക്ഷാ സാഹചര്യത്തിന്റെ മനോഭാവം മാറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിനെതിരെയും സൈന്യത്തിനെ ആക്രമിക്കുന്നവര്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ചെറിയൊരു നടപടിയെടുത്തപ്പോള്‍ സൈന്യത്തിനും സുരക്ഷയുമായി ബന്ധപ്പെട്ട മറ്റു സംഘങ്ങള്‍ക്കും അവരുടെ ആത്മവിശ്വാസവും കരുത്തും വര്‍ധിച്ചുവെന്നും പരീക്കര്‍ പറഞ്ഞു.

തിവ്രവാദികള്‍ക്ക് അഭയം നല്‍കി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ അയല്‍ രാജ്യങ്ങള്‍ക്കുമുള്ള പാഠമാണ് ഓപ്പറേഷന്‍ മ്യാന്‍മാറെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് പറഞ്ഞതിന് പിറകേയാണ് ഇന്ത്യയുടെ അധീശത്വത്തെയും യുദ്ധക്കൊതിയെയും അംഗീകരിക്കില്ലെന്നും പാക്കിസ്ഥാന്റെ സമാധനപരമായ സഹവര്‍ത്തിത്വം ദൗര്‍ബല്യമായി കാണരുതെന്നും പ്രതികരിച്ച് പാക് ആഭ്യന്തര മന്ത്രി രംഗത്തെത്തിയത്.

ഇതിനിടെ ഇന്ത്യന്‍ സൈന്യം മ്യാന്‍മര്‍ അതിര്‍ത്തി കടന്നാണ് ഭീകരരെ വധിച്ചതെന്ന വാദത്തെ തള്ളി മ്യാന്‍മര്‍ രംഗത്തെത്തി. മ്യാന്‍മര്‍ പ്രസിഡന്റന്‍ഷല്‍ ഓഫിസിലെ ഡയറക്ടര്‍ സ്വ ഹാറ്റെ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇന്ത്യന്‍ സേന മ്യാന്‍മര്‍ അതിര്‍ത്തി കടന്നില്ലെന്നും ഇന്ത്യന്‍ അതിര്‍ത്തിയില്‍ തന്നെയാണ് ആക്രമണമം നടത്തിയതെന്നും അറിയിച്ചു. എന്നാല്‍ അയല്‍രാജ്യങ്ങളെ ആക്രമിക്കുന്ന ഒരു തീവ്രവാദ സംഘടനയെയും വച്ചുപൊറുപ്പിക്കില്ലെന്നും മ്യാന്‍മര്‍ സര്‍ക്കാര്‍ കൂട്ടത്തില്‍ പറഞ്ഞു.