റിസര്‍വ് ചെയ്തിട്ടും റെയില്‍വേ ടിക്കറ്റ് ശരിയാകാത്തവര്‍ക്ക് വിമാനടിക്കറ്റ് നല്‍കുന്ന സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ

single-img
11 June 2015

WDM-3D_class_Locomotive_of_Indian_Railwayമാസങ്ങള്‍ക്ക് മുമ്പ് റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്തിട്ടും യാത്രാ സമയത്ത് ടിക്കറ്റ് കണ്‍ഫോം ആകാത്തവര്‍ക്ക് വിമാനടിക്കറ്റ് നല്‍കുന്ന ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേയുടെ പൊതുമേഖല സ്ഥാപനമായ ഐആര്‍സിടിസിയാണു കണ്‍ഫോമാകാത്ത വെയിറ്റിംഗ് ലിസ്റ്റിലെ ടിക്കറ്റുകള്‍ വിമാനടിക്കറ്റുകളാക്കി മാറ്റാവുന്ന സംവിധാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി ട്രെയിന്‍ ടിക്കറ്റിനായി അടച്ചത് കഴിച്ച് ബാക്കിയുള്ള പണം കൂടി നല്‍കേണ്ടി വരും.

വിമാന കമ്പനിയായ ഗോ എയറുമായി ഐആര്‍സിടിസി അധികൃതര്‍ കരാറുണ്ടാക്കിയിട്ടുള്ളത്. യാത്രയ്ക്ക് മൂന്നുദിവസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ബുക്ക് ചെയ്ത ടിക്കറ്റ് കണ്‍ഫോം ആയില്ലെങ്കില്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിച്ച ദിവസമോ അതിനു തൊട്ടടുത്ത ദിവസമോ വിമാനടിക്കറ്റ് ലഭ്യമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. സ്ലീപ്പര്‍ ക്ലാസ് മുതല്‍ എസി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇതിന് അര്‍ഹതയുള്ളത്.

ഇത്തരത്തില്‍ കഴിഞ്ഞ മാസം 100 വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കിയതായും സ്‌പൈസ് ജെറ്റുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഐആര്‍സിടിസി വക്താവ് സന്ദീപ് ദത്ത അറിയിച്ചു. ടിക്കറ്റ് കണ്‍ഫേമാകാത്ത വെയ്റ്റിംഗ് ലിസ്റ്റിലെ യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റ് ആവശ്യമാണോ എന്നറിയാന്‍ റെയില്‍വേ ഇ-മെയില്‍ അയക്കുകയും ഇവര്‍ക്ക് ആവശ്യമുണെ്ടങ്കില്‍ വിമാന ടിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതി. സാധാരണയുള്ള വിമാനയാത്ര നിരക്കിനേക്കാള്‍ 30-40 ശതമാനം കുറവ് ഇത്തരം ടിക്കറ്റുകള്‍ക്കുണ്ടാകും.

ഇതിനായി വിമാന കമ്പനികള്‍ തങ്ങള്‍ക്കു വില്‍ക്കാനാവാത്ത ടിക്കറ്റുകളാണ് മാറ്റിവയ്ക്കുക. സാധാരണ എല്ലാ വിമാനങ്ങളും യാത്ര സജ്ജമാക്കുന്നത് 20 ശതമാനം സീറ്റുകള്‍ ഒഴിച്ചിട്ടാണ്. ഈ രീതി ഫലപ്രദമായി വിനിയോഗിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.