കയ്യിലൊതുങ്ങുന്ന ബഡ്ജറ്റില്‍ ഒരു മഴക്കാലയാത്ര പോയാലോ?

single-img
11 June 2015

Kochi_chinese_fishing

മഴക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുന്ന കൊച്ചിയില്‍ ഗ്രാമീണ കാഴ്ചകള്‍ ആസ്വദിക്കാന്‍ വെറും 500 രൂപയ്ക്ക് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അവസരമൊരുക്കുന്നു. റൂറല്‍ കൊച്ചി എക്‌സ്പീരിയന്‍സ് എന്നു പേരിട്ടിരിക്കുന്ന പദ്ധതിയില്‍ പോക്കറ്റിലൊതുങ്ങുന്ന തരത്തിലുള്ള മൂന്ന് പായ്‌ക്കേജുകളാണ് ടൂറിസം വകുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പിഴല, പാലക്കരി, ഞാറയ്ക്കല്‍ എന്നീ സ്ഥലങ്ങളിലേക്കാണ് ഈ പായ്‌ക്കേജിലൂടെ യാത്രചെയ്യാന്‍ കഴിയുന്നത്. ഡിടിപിസിയുടെ എറണാകുളം വിസിറ്റേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ നിന്ന് ആരംഭിക്കുന്ന യാത്ര കാഴ്ചകള്‍ കണ്ട് തിരികെ അവിടെ തന്നെ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഞാറയ്ക്കല്‍, പാലക്കരി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഫാമുകളും പിഴലയിലെ സ്വകാര്യ ഫാമുമാണ് മഴക്കാഴ്ചകള്‍ അസ്വദിച്ചെത്തുന്ന സഞ്ചാരികളെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നത്.

രാവിലെ 9 ന് തുടങ്ങി ഉച്ചയ്ക്ക് ശേഷം 3 മണിയോടെ യാത്ര അവസാനിക്കും. പിഴലയിലേക്ക് ബോട്ടു വഴിയും റോഡ് മാര്‍ഗവും സഞ്ചാരികള്‍ക്ക് ടൂറിസം വകുപ്പ് യാത്രയൊരുക്കുന്നുണ്ട്. ഹൈക്കോടതി ജെട്ടിയില്‍നിന്നും ബോട്ട് യാത്ര ആരംഭിക്കുമ്പോള്‍ കോതാട് പാലത്തിന്റെ സമീപത്തു നിന്നും റോഡ് യാത്രയില്‍ സഞ്ചാരപ്രിയര്‍ക്ക് പങ്കാളികളാകാം. കോതാട് പാലത്തിനു സമീപത്തുനിന്ന് വള്ളത്തില്‍ പിഴലയ്ക്കു തിരിച്ച്് പിഴലയിലെ സ്വകാര്യ ഫാമില്‍ ബോട്ടിങ്, പൊക്കാളി കൃഷിയെ പരിചയപ്പെടല്‍, മീന്‍പിടിത്തം തുടങ്ങിയവ ആസ്വദിക്കാവുന്ന തരത്തിലാണ് പായ്‌ക്കേജ് ഒരുക്കിയിരിക്കുന്നത്. കുടുംബങ്ങള്‍ക്കായി പെഡല്‍ ബോട്ടുകളും ഇവിടെയുണ്ടാകും. കേരളത്തിന്റെ തനത് രുചിയോടെ ഉച്ചയ്ക്ക് ഊണുകും കഴിച്ച് വീണ്ടും കാഴ്ചകള്‍ ആസ്വദിച്ച് തിരികെ മടങ്ങാം.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ വിഎഫ്‌സിയില്‍ നിന്നു വൈറ്റില-പൂത്തോട്ട വഴിയാണു പാലക്കരിയിലേക്കുള്ള യാത്ര. ഈ യാത്രയില്‍ മത്സ്യഫെഡിന്റെ ഫാം സന്ദര്‍ശിക്കാനും കായല്‍ സൗന്ദര്യം ആസ്വദിച്ച് ബോട്ടില്‍ സഞ്ചരിക്കാനും അവസരമുണ്ട്. അതുപോലെ യാത്രയക്കിടയില്‍ നീന്താനും പട്ടംപറത്താനുമുള്ള അവസരവും ടൂറിസം കൗണ്‍സില്‍ യാത്രക്കാര്‍ക്ക് ഒരുട്ടിയിട്ടുണ്ട്.

ഞാറയ്ക്കലിലെ സര്‍ക്കാര്‍ അക്വാഫാമിലേക്കുള്ള യാത്രയാണ് അടുത്ത പായ്‌ക്കേജ്. ഇവിടെ ചെറുവള്ളങ്ങളില്‍ ഫാമില്‍ സഞ്ചരിക്കാനും യാത്രക്കാര്‍ക്ക് മീന്‍പിടിക്കാനുമുള്ള സൗകര്യങ്ങളും ടൂറിസം കൗണ്‍സില്‍ ഒരുക്കിയിട്ടുണ്ട്. മാത്രമല്ല യാത്രക്കാര്‍ ചൂണ്ടയിട്ട് പിടിക്കുന്ന മീന്‍ രുചിക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ അത് കറിവെച്ചു തരാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

ടൂറിസം പദ്ധതി ജനകീയ മാക്കുന്നതിന്റെ ഭാഗമായി കേരളത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളെ ലക്ഷ്യമിട്ടാണ് ടൂറിസം കൗണ്‍സില്‍ ഈ പായ്‌ക്കേജുകളിലൂടെ ലക്ഷ്യമിടുന്നത്. അക്കാരണത്താലാണ് 500 രൂപയില്‍ താഴെ പാക്കേജുകള്‍ സഞ്ചാരികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു. കുടുംബ സമേതമെത്തുന്നവര്‍ക്കും സംഘം ചേര്‍ന്നെത്തുന്നവര്‍ക്കും ആകര്‍ഷകമായ സൗകര്യങ്ങളും ഡിടിപിസിയുടെ ഫെസിലിറ്റേഷന്‍ സെന്റര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 6067716, 2367334 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.