2030 ഓടുകൂടി കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ വയലുകളെല്ലാം ഇല്ലാതാകുമെന്ന് പഠനം

single-img
11 June 2015

Palakkadകഴിഞ്ഞ 40 വര്‍ഷം കൊണ്ട് കേരളത്തിന്റെ നെല്ലറയായ പാലക്കാട്ട് നികത്തിയത് 1,03,980 ഹെക്ടര്‍ വയല്‍. ഇത് മൊത്തം വയല്‍ വിസൃതിയുടെ 60 ശതമാനം വരുമെന്ന് പഠനങ്ങള്‍ വെളിവാക്കുന്നു. ഈ നില തുടര്‍ന്നാല്‍ 2030 ആകുമ്പോഴേക്കും പാലക്കാട്ട് നെല്‍വയല്‍ പൂര്‍ണമായും ഇല്ലാതാവുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിലെ പഴയ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന കുട്ടനാടിനേക്കാള്‍ കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിച്ചതിന് 1993ല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ നെല്‍ക്കതിര്‍ അവാര്‍ഡ് ലഭിച്ച പാടശേഖരമായ പരുത്തിക്കാവും നാശത്തിന്റെ വക്കിലാണ്. ഒറ്റ ഞാര്‍ കൃഷി, ജൈവ കീടനിയന്ത്രണവുമൊക്കെ പരീക്ഷണാത്ഥത്തില്‍ വിജയകരമായി നടപ്പിലാക്കിയ ഈ പാടശേഖരം ഇപ്പോള്‍ വര്‍ഷംപ്രതി വിസൃതി കുറഞ്ഞുവരുന്നു. 75 ഹെക്ടര്‍ വിസ്തൃതിയുണ്ടായിരുന്ന പരുത്തിക്കാവ് പാടശേഖരത്തില്‍ ഇപ്പോള്‍ നെല്‍കൃഷി ചെയ്യുന്നത് 45 ഹെക്ടറില്‍ മാത്രം.

25 ഹെക്ടറോളം സ്ഥലം ജോലിക്കാരുടെ അഭാവവും കൃഷിയിറക്കാന്‍ താല്‍പര്യമില്ലായ്മയും കൊണ്ട് തരിശിട്ടിരിക്കുന്നു. വീടും മറ്റും അടക്കം കെട്ടിടങ്ങള്‍ പണിയാനായി അഞ്ച് ഹെക്ടറോളം സ്ഥലം നികത്തുകയും ചെയ്തിട്ടുണ്ട്. ഈ പാടശേഖരത്തിന്റെ പിന്‍ബലത്തിലായിരുന്നു ഒരുകാലത്ത് കേരളത്തിലെ നെല്ലുല്‍പ്പാദനം കുതിച്ചു കയറിയത്. 1955-56ല്‍ പാലക്കാട് ജില്ലയില്‍ നെല്ലുല്‍പാദനം 2.8 ലക്ഷം ടണ്ണായിരുന്നത് 1970-71ല്‍ 3,24,907 ടണ്ണായി വര്‍ധിച്ച് റിക്കോര്‍ഡിട്ടിരുന്നു. എന്നാല്‍ 2000-01ല്‍ നെല്ല് ഉല്‍പാദനം 2,62,173 ടണ്ണായി ഇടിഞ്ഞു. ഇതില്‍ മറ്റൊരു കാര്യം 2001-2002ല്‍ സംസ്ഥാനത്തെ മൊത്തം അരിയുല്‍പാദനം ഏഴ് ലക്ഷം ടണ്ണാണെന്നുള്ളതാണ്.

ഭക്ഷ്യകാര്യത്തില്‍ സ്വയം പര്യാപ്തത മാത്രമല്ല, ജലത്തിന്റെ കാര്യത്തിലും പാലക്കാടിശന കാത്തിരിക്കുന്നത് വറുതിയുടെ നാളുകളാണ്. ഒരു വര്‍ഷം ഒരു ഹെക്ടര്‍ വയലില്‍ അഞ്ചു കോടി ലിറ്റര്‍ വെള്ളം സംഭരിക്കുന്നു എന്നുള്ളതാണ് കണക്ക്. ഭൂഗര്‍ഭജലത്തിന്റെ 30-40ശതമാനവും വയലുകളില്‍ കൂടി തശന്നയാണ് എത്തുന്നത്. എന്നാല്‍ വയലുകള്‍ വ്യാപകമായി നികത്തുന്നതോടെ ഭൂഗര്‍ഭ ജലത്തിന് വന്‍ കുറവ് അനുഭവപ്പെടുകയും വരും കാലങ്ങളില്‍ അതിരൂക്ഷമായ ജലക്ഷാമത്തിന് അതിടയാക്കുകയും ചെയ്യും.