ഒരുകാലത്ത് കാട്ട് തടികള്‍ വെട്ടിയും വനവിഭവങ്ങള്‍ കവര്‍ന്നും കാടിനെ ചുഷണം ചെയ്ത് കാട്ടുകള്ളന്‍മാരായി ജീവിച്ച പത്ത് അംഗ സംഘം ഇന്ന് കാടിനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്നു

single-img
8 June 2015

Kattukallanmar

ഒരുകാലത്ത് കാട്ട് തടികള്‍ വെട്ടിയും വനവിഭവങ്ങള്‍ കവര്‍ന്നും കാടിനെ ചുഷണം ചെയ്ത് കാട്ടുകള്ളന്‍മാരായി ജീവിച്ചവര്‍ ഇന്ന് കാടിനെ സ്‌നേഹിക്കുന്ന പ്രകൃതി സ്‌നേഹികളായി മാറിയ കഥയാണിത്. വിശപ്പിന്റെ വിഹ്വലതയില്‍ കാട്ടുകള്ളന്‍മാരുടെ വേഷമണിഞ്ഞ് വനപാലകരുടെ ഉറക്കം കളഞ്ഞ വ്യക്തികള്‍ ഇന്ന് ആ വേഷം തിരിച്ചണിഞ്ഞിരിക്കുന്നു. പശ്ചാത്താപമാണ് ഏറ്റവും വലിയ പ്രായശ്ചിത്തം എന്ന തിരിച്ചറിവോടെ.

സി.സി തോമസ്, വി.ജെ കുഞ്ഞുമോന്‍, ഇ.ജി സദാനന്ദന്‍, എസ്. പാണ്ഡ്യന്‍, കെ.പി അന്‍സാരി, സി. അറുമുഖം, എം. നൗഷാദ്, പി. ജി കുഞ്ഞുമോന്‍, പി.ജെ കോശി, സി. എ ബേബി എന്നിവരാണ് മാനാസാന്തരം വന്ന പളയകാലത്തെ കാട്ടുകള്ളന്‍മാര്‍. ഇന്ന് തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികളെ കാടുചുറ്റിക്കാണിച്ചും വനത്തെ ചൂഷണം ചെയ്യാനെത്തുന്നവരെ തുരത്തിയോടിച്ചും വനംവകുപ്പിന്റെ കീഴിലുള്ള ഈ പത്തംഗ എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി തങ്ങളുടെ പഴയ പ്രവൃത്തികളുടെ ഭാരം ഇറക്കിവെയ്ക്കുന്നു.

ഇതില്‍ അത്ഭുതമായി മാറിയത് പി.ജെ കോശിയാണ്. വനംവകുപ്പിന്റെ ജോലിക്കൊപ്പം മുമ്പ് ജനങ്ങളാല്‍ ശതരശഞ്ഞടുക്കപ്പെട്ട വാര്‍ഡുമെമ്പര്‍ കൂടിയായിരുന്നയാളാണ് കോശി. ദാരിദ്ര്യവും അതിന്റെ ഫലമായുണ്ടായ വിശപ്പും വിവേചനബുദ്ധിയെ കീഴടക്കിയ എഴുപതുകളില്‍ കുപ്രസിദ്ധ മോഷ്ടാവ് പാപ്പച്ചനോടൊപ്പമായിരുന്നു ഇവര്‍ കാടുകയറിയത്. പതിനഞ്ച് വയസ്സിനു താഴെ പ്രായമുള്ള ഈ കുട്ടി കൂട്ടായ്മയ്ക്ക് കാട്ടില്‍ നിന്നു കറുവാപ്പട്ട വെട്ടിയെടുക്കലായിരുന്നു ആദ്യം കിട്ടിയ ജോലി. 30 കിലോമീറ്ററോളം വനത്തിന്റെ ഉള്ളിലേക്കു പോയി വെട്ടിയെടുക്കുന്ന കറുവാപ്പട്ടകള്‍ ചങ്ങാടത്തിലും കാല്‍നടയായും നാട്ടിലെത്തിക്കും. കൂട്ടത്തില്‍ മൃഗവേട്ടയും. കാലം ചെന്നപ്പോള്‍ പാപ്പച്ചന്റെ സംഘത്തില്‍ നിനന്ും മാറി ഇവര്‍ സ്വന്തം മമാഷണസംഘം രൂപീകരിക്കുയും ചെയ്തു.

മോഷണ ശ്രമങ്ങള്‍ക്കിടയില്‍ പലതവണയായി വനപാലകരുടെ പിടിയിലകപ്പെട്ട ഇവര്‍ കോടതിയില്‍ കൊടുത്ത കാശിന് കയ്യും കണക്കുമില്ല. പിന്നീടുള്ള കാലം വനത്തില്‍ നിന്നും എന്ത് മോഷണം പോയാലും അത് ഇവര്‍ തന്നെയാണെന്നുള്ള സ്വാഭാവിക നിഗമനത്തിലെത്തുകയായിരുന്നു വനപാലകര്‍. വെറുതേയിരിക്കുമ്പോള്‍ പോലും ഇവരെ പോലീസ് തേടിയെത്താറുണ്ടായിരുശവന്നുള്ളതായിരുന്നു സത്യം.

കൗമാരവും യൗവനവും കവര്‍ന്നെടുത്ത കാട്ടു ജീവിതം മടുത്തുതുടങ്ങിയതോടെ സ്വാഭാവികമായും ഇവരും സമാധാനം ആഗ്രഹിച്ചു. ആ സമയത്താണ് ഇവര്‍ വനംവകുപ്പിന്റെ എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളെക്കുറിച്ച് കേള്‍ക്കുന്നത്. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം തടയുക, ജൈവവൈവിധ്യം നിലനിര്‍ത്തുക, വനത്തോടു ചേര്‍ന്നുവസിക്കുന്നവര്‍ക്കു മാന്യമായ ജീവിതവരുമാനം നേടിക്കൊടുക്കുക എന്നീ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയില്‍ ഇവര്‍ അംഗമാകുകയായിരുന്നു. പീരുമേട് വൈല്‍ഡ് ലൈഫ് സൊസൈറ്റി എന്ന സംഘടനയുടെ മധ്യസ്ഥതയില്‍ നിയമ വിരുദ്ധപ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിക്കാമെന്ന ഉറപ്പിന്‍മേല്‍, ഇവര്‍ക്കെതിരെയുള്ള എല്ലാ കേസുകളും വനംവകുപ്പ് റദ്ദാക്കുകയും 23 പേരെ ഉള്‍പ്പെടുത്തി 1998ല്‍ ‘എക്‌സ് വയനാ ബാര്‍ക്ക് കളക്ടേഴ്‌സ്’ എന്ന പേരിലുള്ള എക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുകയുമായിരുന്നു.

ട്രക്കിംഗിനുള്ള വഴികളും ഫയര്‍ലൈനുകളും തയ്യാറാക്കുക, നിയന്ത്രിത കാട്ടുതീ ഇടുക എന്നിങ്ങനെയുള്ള ജോലികളാണ് ആദ്യകാലങ്ങളില്‍ ഇവരെ ഏല്‍പ്പിച്ചിരുന്നത്. ഇതോടൊപ്പം വനസംരക്ഷണത്തിനുള്ള വിദഗ്ധപരിശീലനവും വനംവകുപ്പ് ഇവര്‍ക്കു നല്‍കി. എന്നാല്‍ ആദ്യമൊന്നും വനപാലകര്‍ ഈ സംഘത്തെ വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. വനത്തിനുള്ളില്‍ വിവിധ ജോലികള്‍ ഏല്‍പ്പിക്കുമ്പോള്‍ അധികൃതരുടെ ഒരു നോട്ടം ഇവര്‍ക്ക് മുകളിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വിനോദസഞ്ചാര പരിപാടികളും ഇവരുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തുതുടങ്ങി.

സന്ദര്‍ശകരെ കാടിനുള്ളില്‍ താമസിപ്പിക്കുകയും സ്ഥലങ്ങള്‍ ചുറ്റിക്കാണിക്കുകയും ചെയ്യുന്ന ടൈഗര്‍ ട്രെയില്‍ പരിപാടി, തേക്കടി തടാകത്തിലൂടെ മുളച്ചങ്ങാട യാത്ര, തടാകക്കരയിലൂടെയുള്ള കാല്‍നടയാത്ര എന്നിങ്ങനെ വൈവിധ്യം നിറഞ്ഞ നിരവധി പരിപാടികളും ഇവരുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കുകയായിരുന്നു. മാത്രമല്ല വേട്ടക്കാരെയും തടിവെട്ടുകാരെയും പിടികൂടാനുള്ള വനംവകുപ്പിന്റെ ചീറ്റ സ്‌ക്വാഡിലേക്കും പ്രൊട്ടക്ഷന്‍ സ്‌ക്വാഡിലേക്കും ഇവരുടെ സേവനം വനംവകുപ്പ് പ്രയോജനപ്പെടുത്തുകയും ചെയ്തു. ഇന്ന് മംഗളാദേവീ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതും ഈ പഴയ കാടിന്റെ ശത്രുക്കളാണ്.

2009ഓടെ ‘എക്‌സ് വയനാ’ ഉള്‍പ്പടെയുള്ള 70ലധികം ഇഡിസികളെ ഏകോപിപ്പിച്ച്, കേരള സര്‍ക്കാരിന്റെ കീഴില്‍ പെരിയാര്‍ ഫൗണേ്ടഷേന്‍ ട്രസ്റ്റ് രൂപീകരിക്കുകയും ടൈഗര്‍ ട്രെയില്‍, ബോഡര്‍ ഹൈക്കിംഗ്, ബാംബൂ റാഫ്റ്റിംഗ്, നേച്ചര്‍ വാക്ക്, ഗ്രീന്‍ വാക്ക്, റേഞ്ച് സ്‌കാരന്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍, ഇന്ന് ഈ ഫൗണേ്ടഷേന്റെ കീഴില്‍ തേക്കടിയില്‍ നടത്തുകയും ചെയ്യുന്നുണ്ട്. ആദ്യകാലങ്ങളില്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന മുറയ്ക്കായിരുന്നു ഇവര്‍ക്ക് പ്രതിഫലം ലഭിച്ചിരുന്നതെങ്കിലും ഇവരുടെ പ്രവര്‍ത്തന ഫലമായി ബോര്‍ഡിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടതോടെ മാസശമ്പളമാകുകയായിരുന്നു.

കാടിനോടുള്ള തങ്ങളുടെ ആത്മാര്‍ത്ഥത പിന്നീടുള്ള കാലം ഇവര്‍തെളിയിക്കുകയായിരുന്നു. 300ഓളം വേട്ടയാടല്‍-തടിവെട്ടല്‍ കേസുകള്‍ വനംവകുപ്പിന് തെളിയിക്കാന്‍ സാധിക്കുകയും ഇവയില്‍ 150ഓളം കേസുകളിലെ പ്രതികളെയും ഇഡിസി സംഘം നേരിട്ടുപിടികൂടുകയായിരുന്നു. ഇവരുടെ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമായി, 2002ല്‍ മികച്ച പരിസ്ഥിതി സംരക്ഷണ സംഘത്തിനുള്ള ദേശീയ പുരസ്‌കാരമായ ‘ഗ്രീന്‍ ഗാര്‍ഡ് അവാര്‍ഡും’ കേരള വനംവകുപ്പിന്റെ മികച്ച ഇഡിസിക്കുള്ള പുരസ്‌കാരവും ഇവരെ മതടിയെത്തിയിട്ടുണ്ട്. സിക്കിം സര്‍ക്കാരിന്റെ പരിസ്ഥിതി പുരസ്‌കാരവും ഇവര്‍ക്ക് ലഭിച്ച അംഗീകാരമാണ്.