സണ്‍ ടിവി ഗ്രൂപ്പിന്റെ 33 ചാനലുകളുടെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു;സൂര്യ, കിരണ്‍, കൊച്ചു ടിവി തുടങ്ങിയ ചാനലുകളുടെ സംപ്രേക്ഷണം നിലയ്ക്കും

single-img
8 June 2015

suntv-networkന്യൂഡല്‍ഹി: സണ്‍ ടിവി ഗ്രൂപ്പിന്റെ 33 ചാനലുകളുടെ സെക്യൂരിറ്റി ക്ലിയറന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഇതോടെ സൂര്യ, കിരണ്‍, കൊച്ചു ടിവി തുടങ്ങിയ സണ്‍ ചാനലുകളുടെ സംപ്രേക്ഷണം നിലയ്ക്കും. സണ്‍ ടിവി ഗ്രൂപ്പിന്റെ ഉടമയായ കലാനിധി മാരനെതിരെ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചത്.

സണ്‍ ഗ്രൂപ്പിന് കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. ഇതേസമയം സെക്യൂരിറ്റി ക്ലിയറന്‍സ് നിഷേധിച്ചുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് ലഭിച്ചിട്ടിലെന്ന് സണ്‍ ഗ്രൂപ്പ് അറിയിച്ചു. ക്ലിയറന്‍സ് നിഷേധിച്ചിട്ടുണ്ടെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സണ്‍ ഗ്രൂപ്പ് സിഎഫ്ഒ പറഞ്ഞു.

കേന്ദ്ര ടെലികോം മന്ത്രിയായിരിക്കെ ദയാനിധി മാരന്‍ സണ്‍ ചാനലിന് അനധികൃതമായി 300ലേറെ ഹൈസ്പീഡ് ബിഎസ്എന്‍എല്‍ ടെലിഫോണ്‍ ലൈനുകള്‍ അനുവദിച്ചിരുന്നു. ഈ കേസില്‍ ദയാനിധി മാരനെതിരെയും കലാ നിധി മാരനെതിരെയും സിബിഐ അന്വേഷണം നടക്കുന്നുണ്ട്.

നേരത്തേ, സണ്‍ നെറ്റ്‌വര്‍ക്കിന്റെ 40 എഫ്എം റേഡിയോ സ്റ്റേഷനുകള്‍ക്കും ആഭ്യന്തര മന്ത്രാലയം സെക്യൂരിറ്റി ക്ലിയറന്‍സ്  നിഷേധിച്ചിരുന്നു.  ഇതേത്തുടര്‍ന്ന് സണ്‍ അധികൃതര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ തീര്‍പ്പാക്കുന്നത് വരെ എഫ്എം സ്റ്റേഷനുകള്‍ക്ക് ക്ലിയറന്‍സ് നിഷേധിച്ച നടപടി കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ ചാനല്‍ ശൃംഖലകളിലൊന്നാണ് സണ്‍ നെറ്റ്‌വര്‍ക്ക്. സണ്‍ ഗ്രൂപ്പ് രാജ്യത്ത് ഒമ്പതരക്കോടി വീടുകളില്‍ കേബിള്‍ ടിവി നല്‍കുന്നു. സംപ്രേക്ഷണ ലൈസന്‍സ് പത്ത് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സണ്‍ ഗ്രൂപ്പ് കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയത്തെ സമീപിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും സെക്യൂരിറ്റി ക്ലിയറന്‍സ് ലഭിച്ചാല്‍ മാത്രമേ ലൈസന്‍സ് നീട്ടികിട്ടുകയുള്ളൂ.