മാഗിയുടെ സാമ്പിളുകളില്‍ കണ്ട ശരീരത്തെ നശിപ്പിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ലോകത്തിനു മുന്നില്‍ ധൈര്യപൂര്‍വ്വം തുറന്ന് കാണിച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ സഞ്ജയ് സിങ്; വെറും അഞ്ചുരൂപയ്ക്ക് രണ്ട് മിനിട്ടിന്റെ അത്ഭുതം കാട്ടി മാഗി ന്യൂഡില്‍സ് 1300 കോടി രൂപ സമ്പാദിച്ചത് ഉപഭോക്താക്കളില്‍ കോശങ്ങളുടെ നാശവും ഫൈബ്രോമയാള്‍ജിയ രോഗങ്ങളും നല്‍കിക്കൊണ്ട്

single-img
6 June 2015

sanjay-singhമുതിര്‍ന്നവരേയും കുട്ടികളേയും രണ്ട് മിനിട്ടിന്റെ അത്ഭുതം കാട്ടിക്കൊടുത്ത് ഇന്ന് ഏകദേശം 1300 കോടി രൂപയുടെ ആസ്തിയോടെ വിപണി പിടിച്ചടക്കിയ ‘മാഗി ന്യൂഡില്‍’സിന്റെ ള്ളിലടങ്ങിയ മായം ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടുവന്ന ഒരാളുണ്ട്. ഉത്തര്‍പ്രദേശിലെ ബരബാങ്കിയിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനായ സഞ്ജയ് സിങ്. ബരബാങ്കയിലെ വിവിധ കടകളില്‍ നിന്നും ശേഖരിച്ച മാഗി ന്യൂഡില്‍സിന്റെ സാമ്പിളുകളില്‍ അടങ്ങിയിരിക്കുന്ന മനുഷ്യ ശരീരത്തിന് ഹാനികരമായ രാസപദാര്‍ത്ഥങ്ങളുടെ സത്യാവസ്ഥയറിഞ്ഞ സഞ്ജയ് സിംഗ് എന്ന ചെറിയ മനുഷ്യന്റെ പോരാട്ടത്തിന്റെ ഫലമാണ് ഇന്നത്തെ മാഗി നിരോധനം.

ലക്‌നോവില്‍ നിന്നു ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തരബിരുദവും പിഎച്ച്ഡിയും നേടിയ ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ 1998 ല്‍ ജോലിക്ക് പ്രവേശിച്ച സഞ്ജയ് സിംഗ് 2003 മുതല്‍ ബരബാങ്കിയിലെ ഭക്ഷ്യസുരക്ഷാ ഓഫീസറാണ്. പതിവുപോലെ ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ലോകോത്തര കമ്പനിയായ നെസ്‌ലെയുടെ മാഗി ന്യൂഡില്‍സില്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന അളവില്‍ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന ഫലം ലഭിച്ചത്. എന്നാല്‍ പരിശോധനയിലെ പിഴാശണന്ന് കരുതി കൂടുതല്‍ പരിശോധനയ്ക്കായി സഞ്ജയ് സിംഗ് കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബോറട്ടറിയില്‍ മാഗി വീണ്ടും പരിശോധന നടത്തി. എന്നാല്‍ അവിടെ നിന്നു ലഭിച്ച ഫലവും നേരശത്തയുള്ള ഫലത്തില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല എന്ന കാര്യം സഞ്ജയെ ഞെട്ടിച്ചു.

തുടര്‍ന്ന് കൊല്‍ക്കത്തയിലെ വിവിധ കടകളില്‍ നിന്നും സഞ്ജയ് മാഗി ശേഖരിച്ചു. അതുവെച്ച് പരിശോധിച്ചപ്പോഴും ഫലം പഴയതുതന്നെ. അതോടുകൂടിയാണ് കുട്ടികളെയും മുതിര്‍ന്നവരെയും മനോഹരമായി കബളിപ്പിക്കുന്ന മാഗിയെക്കുറിച്ച് സഞ്ജയ് പുറം ലോകത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. രുചികൂട്ടാനെന്ന പേരില്‍ ചേര്‍ക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ മാഗിയുടെ അമിതമായ ഉപയോഗം കാലക്രമേണ ഉപഭോക്താക്കളില്‍ കോശങ്ങളുടെ നാശത്തിനും ഫൈബ്രോമയാള്‍ജിയ രോഗത്തിനും ഇടയാക്കും. കലശലായ തലവേദന, സംഭ്രമം, ശ്രദ്ധക്കുറവ് തുടങ്ങിയ അവസ്ഥകളിലേക്കും ഇതിന്റെ ഉപയോഗം നയിക്കുമെന്ന് സഞ്ജയ് പറയുന്നു.

ഏതായാലും സഞ്ജയ് സിങിന്റെ കണ്ടെത്തലിന്റെ പിറകേ മാഗി നിരോധിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ അതിവേഗം നടക്കുകയും ഒടുവില്‍ ദിവസങ്ങള്‍ക്കകം മാഗി നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവെത്തുകയുമായിരുന്നു.