സ്വന്തം മണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍ പ്രതിരോധ പദ്ധതിയായ ‘ശ്രദ്ധ’ നടപ്പിലാക്കുവാന്‍ ഇന്നസെന്റ് എം.പി ഫണ്ടില്‍ നിന്നും മൂന്നുകോടി രൂപ അനുവദിച്ചു

single-img
6 June 2015

Innocentകാന്‍സറിനെ തോലപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചു വന്ന ലോക്‌സഭ എം.പിയും നടനുമായ ഇന്നസെന്റ് കാന്‍സര്‍ രോഗത്തിനെതിരെ പ്രതിരോധ പദ്ധതിയുമായി രംഗത്ത്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ താലൂക്കാശുപത്രികളിലും സ്തനാര്‍ബുദ പരിശോധനയ്ക്കുള്ള മാമോഗ്രാഫി യൂണിറ്റുകള്‍ തുടങ്ങിക്കൊണ്ട് ഇന്നസെന്റ് എം.പി.യുടെ ഫണ്ടുപയോഗിച്ചുള്ള ‘ശ്രദ്ധ’ കാന്‍സര്‍ പ്രതിരോധ പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും. ഇതനായി മൂന്നുകോടി രൂപയാണ് എം.പി. ഫണ്ടില്‍ നിന്ന് ചെലവഴിക്കുന്നതെന്ന് ഇന്നസെന്റ് അറിയിച്ചു.

അഞ്ച് താലൂക്കാശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ സ്തനാര്‍ബുദ പരിശോധനാ യൂണിറ്റ് തുടങ്ങുക. അതില്‍ നാലെണ്ണം ഈ വര്‍ഷവും ഒരെണ്ണം അടുത്ത വര്‍ഷവും തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ യൂണിറ്റ് സ്ഥാപിച്ചുകഴിഞ്ഞു.

കൂടാതെ പെരുമ്പാവൂര്‍ , ചാലക്കുടി, ആലുവ, താലൂക്കാശുപത്രികളില്‍ പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും അങ്കമാലിയില്‍ അടുത്ത വര്‍ഷം പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതില്‍ മാമോഗ്രാഫി യൂണിറ്റ് സ്ഥാപിക്കാന്‍ സൗകര്യമില്ലാത്ത താലൂക്കാശുപത്രികളില്‍ അതിനായി കെട്ടിടം പണിതായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ ചാലക്കുടിയൊഴിച്ച് ആദ്യ ഘട്ടത്തിലുള്ള മറ്റ് ആശുപത്രികളിലെല്ലാം കെട്ടിടം നിര്‍മിക്കേണ്ടതുണ്ട്്. ഇതിനായി ഓരോ യൂണിറ്റിനും 60 ലക്ഷം രൂപ വീതമാണ് എം.പി. ഫണ്ടില്‍ നിന്നും അനുവദിച്ചിട്ടുള്ളത്.

മണ്ഡലത്തിലും പുറത്തുമുള്ള സ്ത്രീകള്‍ക്ക് യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ സ്തനാര്‍ബുദ പരിശോധന ഏറ്റവും കുറഞ്ഞ നിരക്കില്‍ നടത്തുന്നതിന് സൗകര്യം ലഭിക്കുമെന്നുള്ളത് വലിയ കാര്യമാണ്. മാത്രമല്ല പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി പരിശോധന നടത്താനും സംവിധാനമുണ്ടാകുകയും ചെയ്യും.