പരിസ്ഥിതി ദിനത്തില്‍ വേറിട്ട പ്രവര്‍ത്തനവുമായി വെട്ടുകാട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

single-img
6 June 2015

Paristhithi

പരിസ്ഥിതി ദിനത്തില്‍ പ്രശസ്തരുടെ മരം നടീലിന് പിറകേ പോയവരാരും ഈ കാഴ്ച കാണാന്‍ ശമനക്കെട്ടില്ല. അവരത് ആഗ്രഹിച്ചതുമില്ല. പത്രസമ്മേളനങ്ങളോ, പത്രം ഓഫീസില്‍ കുറിപ്പുകളോ എത്തിച്ച് അവര്‍ ഈ പ്രവൃത്തിക്ക് വേണമെങ്കില്‍ പ്രചാരം നല്‍കാമായിരുന്നു. പക്ഷേ വാക്കുളേക്കാള്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്ന ഒരുസംഘം വിദ്യാര്‍ത്ഥികളും അധ്യാപകരും അതിനു മുതിരാതെ ഇത് തങ്ങളുടെ കടമയാണെന്നു വിശ്വസിച്ചു തന്നെ അവര്‍ ഈ പരിസ്ഥിതി ദിനം ആഘോഷിച്ചു.

തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ശംഖുമുഖത്തെ ആറാട്ടുകുളമാണ് വെട്ടുകാട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി ശുദ്ധിയായത്. വര്‍ഷങ്ങളായി വിദേശികളുടേയും സ്വദേശികളുടേയും മാലിന്യങ്ങള്‍ കൊണ്ടു നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന ഈ കുളം പലതവണ നഗരസഭ ശുചീകരിക്കാന്‍ പദ്ധതിയിട്ടതും നടക്കാതെ പോയതുമാണ്. ആ ഒരു ദൗത്യമാണ് പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഈ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്ത് നടപ്പില്‍ വരുത്തിയത്.

മുട്ടോളം മലിന ജലം നിറഞ്ഞുകിടക്കുന്ന ഈ കുളം നൂറിലധികം വിദ്യാര്‍ത്ഥികളുടെ ശ്രമഫലമായി ഇന്ന് ശുദ്ധിയായിരിക്കുന്നു. ശുചീകരണ തൊഴിലാളികള്‍ പോലും ഇറങ്ങാന്‍ മടിക്കുന്ന ഈ കുളത്തില്‍ ഇറങ്ങി മാലിന്യങ്ങള്‍ വാരിയ കുട്ടികളാണ് യഥാര്‍ത്ഥത്തില്‍ ഈ പരിസ്ഥിതി ദിനത്തിന്റെ യഥാര്‍ത്ഥ അവകാശികളെന്ന് സ്ഥലത്ത് സന്നിഹിതനായിരുന്ന കേരള യുവജനക്ഷേമ ബോര്‍ഡ് തിരിവനന്തപുരം ജില്ലാ കോര്‍ഡിനേറ്ററായ ബിനോജ് അലോഷ്യസ് പറഞ്ഞു.