നിയമങ്ങൾ ലംഘിച്ച് ബോബി ചെമ്മണ്ണൂർ 2000 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് വി.എസ്;പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനം മാദ്ധ്യമങ്ങൾ മുക്കി

single-img
5 June 2015

sprബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ.റിസര്‍വ് ബാങ്കിന്റേയും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടേയും നിയമങ്ങള്‍ പാലിക്കാതെ പ്രമുഖ ജ്യുവല്ലറി ഉടമ ബോബി ചെമ്മണ്ണൂർ 2000 കോടി രൂപയുടെ വെട്ടിപ്പ് നടത്തി എന്നാണു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ചെമ്മണ്ണൂർ ജ്യുവല്ലറി ഉടമ ബോബി ചെമ്മണ്ണൂരിന്റെ 2000 കോടിയുടെ തട്ടിപ്പ് സംബന്ധിച്ച് രേഖാമൂലം ആഭ്യന്തര വകുപ്പിന് നല്‍കിയ പരാതിയില്‍ നടപടി ഒന്നും ഉണ്ടായിട്ടില്ല. നടപടി ഉണ്ടാകും എന്നായിരുന്നു പരാതി നല്‍കിയപ്പോള്‍ നൽകിയ ഉറപ്പ്.മാസങ്ങള്‍ക്ക് ശേഷം കേസ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ അങ്ങനയൊരു ഫയല്‍ തന്നെ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.

ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും കാണേണ്ട പോലെ കണ്ടതാണ് ഫയല്‍ മുങ്ങാന്‍ കാരണമെന്നും വിഎസ് ആരോപിച്ചു.വന്‍കിടക്കാരുടേയും സ്വര്‍ണ്ണക്കടക്കാരുടേയും വാഴ്ചയാണ് കേരളത്തില്‍ നടക്കുന്നതെന്നും വിഎസ് പറഞ്ഞു.

കന്റോണ്മെൻ ഹൌസിൽ വെച്ച് നടന്ന പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനം റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമങ്ങൾ എത്തിയിരുന്നെങ്കിലും പരസ്യവരുമാനം നിലയ്ക്കുമെന്ന് ഭയന്ന് മാദ്ധ്യമങ്ങൾ ചെമ്മണ്ണൂരിനെതിരായ വാർത്ത മുക്കുകയായിരുന്നു.മലയാള ചാനലുകളുടെ മുഖ്യ വരുമാന സ്രോതസാണ് ബോബി ചെമ്മണ്ണൂർ.

ബ്ലഡ് ബാങ്ക് രൂപീകരിക്കാനെന്ന പേരിൽ കോടികൾ മുടക്കി 600 കിലോമീറ്ററിനുമേൽ മാരത്തൺ ഓട്ടം ഓടിയാണു ചെമ്മണ്ണൂർ മുതലാളി മാദ്ധ്യമ ശ്രദ്ധയിൽ വരുന്നത്.കോടികളുടെ പരസ്യം ചാനലുകൾക്കും പത്രങ്ങൾക്കും നൽകി ആയിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ഓട്ടം.ചെമ്മണ്ണൂരിനൊപ്പം ഓടാനും ഓട്ടം റിപ്പോർട്ട് ചെയ്യാനും എല്ലാ വാർത്താ ബുള്ളറ്റിനുകളിലും ചാനലുകൾ സമയം കണ്ടെത്തിയിരുന്നു.

രക്തദാനത്തിനെന്ന പേരിൽ കോടിക്കണക്കിനു രൂപ ധൂർത്തടിച്ച ബോബി ചെമ്മണ്ണൂരിന്റെ ചെമ്മണ്ണൂർ ലൈഫ് വിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കെതിരെ വിവിധ സംഘടനകൾ ഡി.ജി.പിയ്ക്ക് പരാതി നൽകിയിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നടപ്പാക്കിയ ഓപ്പറേഷൻ കുബേരയിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി ഉന്നയിക്കപ്പെട്ടിരുന്നു.ചെമ്മണ്ണൂർ ജ്വല്ലറിയിലെ മാനേജരുടെ വീട്ടിൽ നിന്ന് പോലീസ് ചില രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.എന്നാൽ അന്നും ചെമ്മണ്ണൂരിനെതിരായ വാർത്തകൾ മാദ്ധ്യമങ്ങൾ മുക്കുകയായിരുന്നു.