അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങളുടെ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിന്റെ ട്വന്റി 20 ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍

single-img
4 June 2015

MCLഅന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച താരങ്ങള്‍ക്കായുള്ള മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ടൂര്‍ണമെന്റിന് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊടിയേറും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ദുബൈയില്‍ നടന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ യുഎഇയിലെ വിവിധ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുക.

ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത് ഐക്കണ്‍ താരങ്ങളായ ബ്രയാന്‍ ലാറ, വസീം അക്രം, ജാക്വസ് കാലിസ്, ആദം ഗില്‍ക്രിസ്റ്റ് എന്നിവര്‍ ചേര്‍ന്നാണ്. ചടങ്ങില്‍ ടൂര്‍ണമെന്റിന്റെ ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളായ മുന്‍ ഓസീസ് നായകന്‍ അലന്‍ ബോര്‍ഡറുടെയും മുന്‍ ഇംഗ്ലണ്ട് നായകന്‍ ഗ്രഹാം ഗൂച്ചിന്റെയും സാന്നിദ്ധ്യമുണ്ടായിരുന്നു.

15 അംഗങ്ങളുള്ള ആറ് ടീമുകളിലായി മൊത്തം 90 കളിക്കാര്‍ എംസിഎല്‍ ടൂര്‍ണമെന്റില്‍ കളിക്കും. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി ഷൈഖ് സായിദ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് പഴയ പടക്കുതിരകളുടെ പടയോട്ടം നടക്കുന്നത്.